ഓട്ടോഫിക്ഷനാണ് കാന്തല്‍ എന്നു പറയുമ്പോഴും ഒരു സ്ത്രീയുടെ അനുഭവം മാത്രമല്ല, ഒരു കമ്മ്യൂണിറ്റിയുടെ അനുഭവം കൂടിയാണത്. ഇവിടെ സ്ത്രീ എന്നു പറയുന്നത് ഒരു ഏക സാധ്യതയല്ല, കൂട്ടായ്മയും കൂടിയാണ്. മുത്തങ്ങ സമരം ഇതിൽ വരുന്നുണ്ട്, അജിത വരുന്നുണ്ട്, കേരളത്തെ ഞെട്ടിച്ച പല ഫ്രെയിമുകളും ചിത്രങ്ങളും ഈ പുസ്തകത്തില്‍ സി എസ് ചന്ദ്രിക വരച്ചു കാട്ടുന്നു. ബാക്കി വസ്ത്രങ്ങൾ വലിച്ചൂരിമാറ്റിക്കൊണ്ട് ബ്ലൗസ് മാത്രം ഇടുവിച്ചു നിർത്തിയ, അല്പവസ്ത്രം എന്ന് തോന്നത്തക്ക നിലയിൽ നിർത്തിയ ഒരു പെൺകുട്ടിയുടെ പടം, അവളുടെ പ്രതിരോധങ്ങളെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന പടം, പക്ഷേ ആ പടം തന്നെ പിന്നീട് വലിയാരു പ്രതിരോധമായി മാറുന്നു. ഇത്തരത്തിലുള്ള സ്ത്രീമുന്നേറ്റങ്ങളുടെ ചരിത്രം അടയാളപ്പെടുത്തിക്കൊണ്ടാണ് ചന്ദ്രിക ഈ നോവൽ എഴുതിയിരിക്കുന്നത്. വളരെ രസകരമായ ഒരു പരീക്ഷണമാണത്. ഒരു പക്ഷേ ചന്ദ്രികയിൽ നിന്നുള്ള അല്ലെങ്കിൽ നമ്മുടെ തലമുറയിൽപ്പെട്ട പല സ്ത്രീകളും അനുഭവിച്ച, പല പല കാലങ്ങളിൽ, പല പല ദശകങ്ങളിലൂടെ കടന്നു പോയ പ്രതിരോധത്തിന്റെ കഥയാണ് ചന്ദ്രിക പറയുന്നത്.
കാന്തല്‍ എന്നു പറയുന്നതിനെ ഞാൻ വ്യാഖ്യാനിക്കുന്നത് കൂട്ടായ്മയുടെ ആന്തലായാണ്. ഒരു സ്ത്രീ അനുഭവിക്കുന്ന ലോകം ആ സ്ത്രീ മാത്രം അനുഭവിക്കുന്നതല്ല. ഈ പേടിപ്പിക്കുന്ന രൂപകത്തിൽ പെട്ടുപോകുന്ന, സ്ത്രീയുടെ ഉള്ളിൽ കത്തുന്ന ആന്തൽ കേരളത്തിലുള്ള അനേകം സ്ത്രീകൾ അനുഭവിക്കുന്നതാണ്. സ്ത്രീയെന്ന ഒരു കമ്മ്യൂണിറ്റിയുടെ മുഴുവൻ അരക്ഷിതത്വം എന്ന അനുഭവമാണ്. ഈ പുസ്തകത്തെ പ്രദീപ് പനങ്ങാടും ചന്ദ്രമതിടീച്ചറും ഒരു സോഷ്യോ പൊളിറ്റിക്കൽ ഫിക്ഷനായിട്ട് പറയുന്നുണ്ട്. ഞാനതിനെ ഒരു ഹിസ്റ്റോറിക്കല്‍ ഫിക്ഷനായിട്ടാണ് കാണുന്നത്. പൊളിറ്റിക്കല്‍ അല്ല എന്നല്ല, പക്ഷേ കേരളത്തിലെ സ്ത്രീകളുടെ മുന്നേറ്റങ്ങളുടെ ചരിത്രം, ആ ചരിത്രത്തിനുള്ളില്‍ നിന്ന് തുറന്നു കാണിക്കുന്ന പല തലമുറകളിലുള്ള സ്ത്രീകളുടെ പല തരത്തിലുള്ള കാന്തലുകളും അതോടൊപ്പം പ്രതിരോധങ്ങളും അവരുടെ പ്രതിരോധങ്ങളുടെ പല സാധ്യതകളും ഒക്കെ അടയാളപ്പെടുത്തിയിട്ടുണ്ട്. ചരിത്രപരമായിട്ടുള്ള പല പല ഏടുകൾ ഒരു സ്ത്രീയുടെ കഥയിലൂടെ, അവളുടെ മകളുടെ കഥയിലൂടെ ഇവിടെ അടയാളപ്പെടുത്തുന്നു.
