വിമര്‍ശനവും, തമാശയും ആസ്വദിച്ചിരുന്ന ബാപ്പയല്ല കാര്‍ട്ടൂണിസ്റ്റ് മന്ത്രിയെ സസ്പന്‍റ് ചെയ്തത് എന്ന് ഞാന്‍ ഉറപ്പിച്ച് പറയും. സര്‍ക്കാര്‍ ജീവനക്കാര്‍ സര്‍ക്കാരിനെ വിമര്‍ശിക്കുന്നതും ലേഖനമെഴുതുന്നതുമെല്ലാം ചട്ടലംഘനമായതിനാല്‍ പി. കെ. മന്ത്രിയെ ജോലിയില്‍ നിന്ന് സസ്പെന്‍റ് ചെയ്തു എന്നത് സത്യമാണ്. വിദ്യാഭ്യാസ മന്ത്രിയായിരുന്ന സി. എച്ച്. മുഹമ്മദ് കോയയെന്ന എന്‍റെ ബാപ്പയുടെ നിര്‍ദേശപ്രകാരമായിരുന്നു ആ നടപടിയെന്ന് എല്ലാവരും കരുതി. എന്നാല്‍ തന്‍റെ പിതാവ് അങ്ങനെയൊരു നിര്‍ദേശം നല്‍കിയിട്ടില്ലെന്നു മാത്രമല്ല വിവരം പിന്നീട് അറിഞ്ഞ അദ്ദേഹം ഉദ്യോഗസ്ഥരെ വിളിച്ചു ശാസിക്കുകയും ചെയ്തു. അന്ന് ഞാന്‍ സ്ക്കൂള്‍ വിദ്യാര്‍ഥിയാണ്. ഇതിന് ഞാന്‍ സാക്ഷിയാണ്. സഹപ്രവര്‍ത്തകരെ സംരക്ഷിക്കാനാകണം അദ്ദേഹം മൗനമായിരുന്നത്.
തനിനിറം പത്രത്തിലാണ് അക്കാലത്ത് പി. കെ. മന്ത്രിയുടെ കാര്‍ട്ടൂണുകള്‍ സ്ഥിരം ഉണ്ടാകുമായിരുന്നത്. പലപ്പോഴും ബാപ്പയെ വിമര്‍ശിച്ചും കാര്‍ട്ടൂണുകള്‍ വരും. കാര്‍ട്ടൂണിസ്റ്റ് മന്ത്രി സര്‍ക്കാര്‍ ഉദ്യോഗസ്ഥനായതിനാല്‍ വിദ്യാഭ്യാസ വകുപ്പ് വിശദീകരണം ചോദിച്ചിട്ടും തൃപ്തികരമായ മറുപടി ലഭിക്കാത്തതിനാലാവും അദ്ദേഹത്തെ സസ്പെന്‍ഡ് ചെയ്തത്. വിദ്യാഭ്യാസ മന്ത്രിയെ വിമര്‍ശിച്ചതിനു മന്ത്രി സസ്പെന്‍ഷനിലായി എന്ന വാര്‍ത്ത വന്നപ്പോഴാണ് ബാപ്പ ഇക്കാര്യം അറിഞ്ഞത്. ഉടന്‍ തന്നെ അദ്ദേഹം ഉദ്യോഗസ്ഥനെ ഫോണില്‍ വിളിച്ചു തന്നോടു ചോദിക്കാതെ എന്തിനു നടപടിയെടുത്തു എന്നും ഉടന്‍ തന്നെ മന്ത്രിയെ തിരികെയെടുക്കണമെന്നും നിര്‍ദേശം നല്‍കുന്നതു കേട്ടു. ഞാനിന്നും ആ രംഗം ഓര്‍ക്കുന്നുണ്ട്. ഞങ്ങള്‍ താമസിക്കുന്ന വീട്ടിലേയ്ക്ക് ഉദ്യോഗസ്ഥരേയും പ്രധാന സ്റ്റാഫുകളേയും വിളിച്ച് വരുത്തി അന്നത്തെ പത്രവാര്‍ത്ത കാണിക്കുന്നു. പതിവിലും വിപരീതമായി ശബ്ദം ഉയര്‍ത്തി ദേഷ്യത്തിലായിരുന്നു ബാപ്പ. എന്നോട് ചോദിക്കാതെ ഓനെ എന്തിന് സസ്പെന്‍റ് ചെയ്തു...? ബാപ്പയുടെ ശബ്ദം ഉയര്‍ത്തിയുള്ള ചോദ്യത്തിന് എല്ലാവരും മൗനമായത് ഞാന്‍ ഓര്‍ക്കുന്നു.
ബാപ്പയുടെ പല തീരുമാനങ്ങളെയും വിമര്‍ശിച്ചു കൊണ്ട് കാര്‍ട്ടൂണിസ്റ്റ് മന്ത്രിയടക്കം പലരും കാര്‍ട്ടൂണുകള്‍ വരയ്ക്കുമായിരുന്നു. കാര്‍ട്ടൂണില്‍ കഥാപാത്രമാകുന്നതും, വിമര്‍ശിക്കുന്നതും ബാപ്പ ആസ്വദിച്ചിരുന്നു. കാര്‍ട്ടൂണിലൂടെ അധിക്ഷേപവും, അപമാനിക്കലും ഉണ്ടായിട്ടുണ്ട്. ബാപ്പ അത്തരം കാര്‍ട്ടൂണുകളോട് വൈരാഗ്യം കാണിച്ചതായി എനിക്കറിയില്ല. അത്താഴ സമയത്ത് തന്നെക്കുറിച്ചുള്ള കാര്‍ട്ടൂണുകള്‍ എല്ലാവരേയും കാണിക്കുകയും വിവരിക്കുകയും ചെയ്യുമായിരുന്നു. ബാപ്പ കഥാപാത്രമായ കാര്‍ട്ടൂണുകള്‍ എന്നെക്കൊണ്ട് വെട്ടി ഫയല്‍ ചെയ്യിപ്പിക്കുകയും ചെയ്യും. കാര്‍ട്ടൂണ്‍ കലയിലേയ്ക്ക് എനിക്ക് താത്പര്യം വരാന്‍ ഒരുപക്ഷെ അതും കാരണമായിരിക്കാം.
