വിവേകാനന്ദന്റെ മനുഷ്യസങ്കൽപ്പം

Literature News

വിവേകാനന്ദന്റെ മനുഷ്യസങ്കൽപ്പം


സ്വാമി വിവേകാനന്ദന്റെ പ്രതിമ അനാച്ഛാദനം ചെയ്തതിന്റെ പിന്നാലെ കാലടി ശ്രീരാമകൃഷ്ണാശ്രമത്തിൽ 2023 സെപതംബർ 11-ന് നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് ബി ജെ പി നേതാവും ഗോവ ഗവർണറുമായ അഡ്വ. പി.എസ്. ശ്രീധരൻ പിള്ള പറഞ്ഞത്, സനാതനധർമ്മത്തിന് ലോകമെങ്ങും പ്രസക്തിയേറുകയാണെന്നും പിറന്ന മണ്ണിനെ ദൈവമായി ആദരിക്കുവാനും സർവ്വധർമ്മസമഭാവനയിലൂടെ ജീവിക്കുവാനും ആഹ്വാനം ചെയ്ത വിവേകാനന്ദനെ കിട്ടിയിരുന്നുവെങ്കിൽ എന്ന് പാശ്ചാത്യലോകം കൊതിക്കുകയാണ് എന്നുമാണ്. 48 ശതമനം ബ്രിട്ടീഷുകാരും 75 ശതമാനം അമേരിക്കക്കാരും അവിശ്വാസികളായി ജീവിക്കുന്ന കാലത്ത് 99 ശതമാനം ഇന്ത്യക്കാർ മതവിശ്വാസികളായി ജീവിക്കുന്നത് വിവേകാനന്ദനെപ്പോലുള്ള ഋഷിവര്യന്മാർ പകർന്നുനല്കിയ മൂല്യബോധംകൊണ്ടാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സനാതനധർമ്മം–വർണ്ണജാതി വ്യവസ്ഥ –ഇല്ലായ്മ ചെയ്യണമെന്നു പറഞ്ഞ ഡി.എം.കെ യുവജനനേതാവും തമിഴ്നാടു മന്ത്രിയുമായ ഉദയനിധി സ്റ്റാലിനെതിരേ രാജ്യത്തെന്പാടും ഉറഞ്ഞുതുള്ളുന്ന സവർണ്ണമേല്ക്കോയ്മയ്ക്കുള്ളിൽ നിന്നാണ് ആദിശങ്കരന്റെ നാട്ടിൽനിന്ന് ഈ വിവേകാനന്ദസ്തുതി നാം കേട്ടത്. പാശ്ചാത്യലോകത്തെക്കുറിച്ചും താൻ ജീവിക്കുന്ന കാലത്തെ മനുഷ്യബന്ധങ്ങളുടെ പുനരാവിഷ്കാരങ്ങളെക്കുറിച്ചുമെല്ലാം നേരിട്ടറിഞ്ഞ സ്വാമി വിവേകാനന്ദന് ജാതിമതാതീതമായ മനുഷ്യസങ്കല്പം എന്തുകൊണ്ട് അസാധ്യമായി എന്നു പരിശോധിക്കുവാനാണ് ഇവിടെ ശ്രമിക്കുന്നത്. അഥവാ വിവേകാനന്ദന്റെ സാമൂഹ്യദർശനം എന്തായിരുന്നു എന്ന് പരിശോധിക്കുവാൻ.

ബുദ്ധനും ശങ്കരനും ശേഷം ഇന്ത്യ കണ്ട അത്യപൂർവ്വമായൊരു സന്ന്യാസജീവിതമായിരുന്നു വിവേകാനന്ദന്റേത്. വേദാന്തചിന്തകൻ, നവോത്ഥാന നായകൻ, മാനവികതാവാദി എന്നിങ്ങനെ നീണ്ടുപോകുന്നു വിവേകാനന്ദന്റെ മഹത്ത്വങ്ങൾ. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്റു വിവേകാനന്ദനെ വിശേഷിപ്പിച്ചത് ഭൂതകാലത്തെയും വർത്തമാനകാലത്തെയും ബന്ധിപ്പിക്കുന്ന പാലമെന്നാണ്. 150-ാമത് വിവേകാനന്ദ ജയന്തി ആഘോഷങ്ങളുടെ സമാപ്തിയിൽ പങ്കെടുത്തുകൊണ്ട് പ്രധാനമന്ത്രി ഡോ. മൻമോഹൻസിങ് 2014 ജനുവരി 12-ന് രാജ്യത്തോടു പറഞ്ഞത് മതഭ്രാന്തിനെതിരേ പോരാടാനാണ്. യാഥാർത്ഥ മതവും മതവാദവും വെറുപ്പിന്റെയും ഭിന്നതയുടെയും ഉറവിടമല്ലെന്നും പരസ്പരവിശ്വാസങ്ങളെ ആദരിക്കുന്നതും സഹിഷ്ണുത പുലർത്താൻ കഴിവുള്ളതുമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. വിചിത്രമായൊരു കാര്യം മൻമോഹൻസിങ് ചൂണ്ടിക്കാണിച്ച മാനവികമായ മതവാദത്തിന്റെ മുന്നിൽമാത്രമല്ല, മതഭ്രാന്തിന്റെ മുന്നിലും വിവേകാനന്ദനെ കാണാമെന്നതാണ്. ഹിന്ദുത്വവാദികളുടെയും സംഘപരിവാറിന്റെയും കൊടിയടയാളമാണ് വിവേകാനന്ദൻ.

ഇന്ത്യൻ തത്ത്വചിന്തകളിലൊന്നിന്റെ ആധുനികവക്താവായി മാറാനായി എന്നതിനപ്പുറം മറ്റെല്ലാ തത്ത്വചിന്തകൾക്കും മുകളിൽ അതിനെ പ്രതിഷ്ഠിക്കുവാൻ കാണിച്ച പ്രാഗത്ഭ്യമാണ് വിവേകാനന്ദനെ സർവ്വാദരണീയമായ നിലയിലേക്കുയർത്തിയത്. സമകാലീനരായിരുന്ന സാമൂഹ്യപരിഷ്കർത്താക്കളിൽനിന്നും രാഷ്ട്രീയനേതാക്കളിൽനിന്നും വിവേകാനന്ദൻ വ്യത്യസ്തനായത് തന്റെ മതാന്വേഷണങ്ങളിലൂടെയാണ്. ഹിന്ദുയിസത്തെ നവീകരിക്കുന്നതിനായി ബംഗാളിൽ രൂപംകൊണ്ട ബ്രഹ്മസമാജത്തിൽ അംഗമായെങ്കിലും ഈ മതാന്വേഷണമാണ് അദ്ദേഹത്തെ ഗംഗാതീരത്തുള്ള ദക്ഷിണേശ്വർ കാളീക്ഷേത്രത്തിലെ പൂജാരിയായ ശ്രീരാമകൃഷ്ണ പരമഹംസനിൽ എത്തിച്ചത്; വേദാന്തത്തിൽ എത്തിച്ചത്. ത്രൈവർണികനായൊരു മതാന്വേഷകന്റെ സ്വാഭാവിക പരിണതിയായിരുന്നു ഇത്.


Related Articles