കൂടല്ലൂരിന്റെ അതിർത്തികൾ താണ്ടി ഇരുപത്തിരണ്ടാം വയസ്സിലാണ് മലയാളികളുടെ പ്രിയപ്പെട്ട കഥാകാരൻ എം ടി വാസുദേവൻ നായർ 'മദിരാശി' നഗരത്തിലെത്തുന്നത്. പിന്നീട് സിനിമയുമായി ബന്ധപ്പെട്ട് പലപ്പോഴും ഈ നഗരത്തിലെത്തിയിട്ടും അതിന്റെ ഭാഗമായിത്തീരാൻ എം. ടി. മോഹിച്ചില്ല. മഹാനഗരത്തിലെ ആൾക്കൂട്ടത്തിനിടയിൽ നമ്മുടെ ഏകാഗ്രത സംരക്ഷിക്കപ്പെടുന്നു എന്നു പറയാറുള്ള അദ്ദേഹം ഈ നഗരത്തിന്റെ പേരിൽ ഗൃഹാതുരത്വമൊന്നും സൂക്ഷിച്ചിരുന്നില്ല. പക്ഷേ, മദിരാശി നഗരം അദ്ദേഹത്തിന്റെ ജീവിതവീക്ഷണത്തെ മാറ്റിമറിക്കാൻ സഹായിച്ചു എന്നതിൽ സംശയമില്ല.
നഗരത്തിലെത്തിയാൽ അദ്ദേഹം പലവുരു ഇക്കാര്യം അയവിറക്കാറുമുണ്ട്. തന്റെ സാഹിത്യജീവിതത്തെ മാറ്റിമറിച്ച കണ്ണിമേറ ലൈബ്രറിയും തുരുവല്ലിക്കേനിയിലെയും മൈലാപ്പൂരിലെയും വഴിയോര പുസ്തകക്കടകളുമൊക്കെ ഇന്നും അദ്ദേഹത്തിന്റെ ഓർമ്മകളിൽ തിളക്കമാർന്നു നിൽക്കുന്നു. മദ്രാസ് നഗരം കാലപ്രവാഹത്തിന്റെ വിസ്മയങ്ങളിൽപെട്ട് വേഷംമാറി 'ചെന്നൈ' ആയെങ്കിലും എം ടിയുടെ നാവിൽ അത് ഇന്നും 'മദിരാശി'യായി അവശേഷിക്കുന്നു. (ഡിഎംകെ സർക്കാരാണ് 1996-ൽ മദ്രാസ്സിനെ ചെന്നൈ ആക്കിയത്.)
അറുപത്തിരണ്ടു വർഷത്തെ ആത്മബന്ധമാണ് എം ടിക്ക് ഈ ദ്രാവിഡ നഗരവുമായിട്ടുള്ളത്. ഒരു തീർത്ഥാടകനെപ്പോലെ ഇടയ്ക്കിടെ മദിരാശിയിലെത്തിയിരുന്ന അദ്ദേഹം അടുത്ത സുഹൃത്തുക്കളുമായി മാത്രമേ ബന്ധം സ്ഥാപിച്ചിരുന്നുള്ളൂ. വിശാലമായ സൗഹൃദങ്ങൾക്കൊന്നും അദ്ദേഹം താത്പര്യം കാണിച്ചിരുന്നില്ല. മദിരാശിയിൽനിന്ന് പ്രസിദ്ധീകരിച്ചിരുന്ന ജയകേരളത്തിലായിരുന്നു എം ടി എഴുതിത്തുടങ്ങിയത്. തിരക്കഥകളുടെ പണിയിലാണെങ്കിലും സിനിമയുടെ മായാമോഹക്കാഴ്ചയിലെങ്ങും അദ്ദേഹത്തെ കണ്ടെത്താൻ കഴിഞ്ഞതുമില്ല. ആദ്യകാല യാത്രയിൽ തനിക്ക് സ്റ്റുഡിയോകളുമായി ബന്ധമൊന്നുമില്ലായിരുന്നു എന്ന് അദ്ദേഹം തന്നെ തുറന്നു പറഞ്ഞിട്ടുമുണ്ട്. മദിരാശിയുടെ അന്നത്തെ ട്രേഡ്മാർക്ക് സിനിമയുടെ മായാപ്രപഞ്ചം ഒരുക്കുന്ന സ്റ്റുഡിയോകളായിരുന്നു. വിശാലമായ സ്റ്റുഡിയോസമുച്ചയങ്ങളായിരുന്നല്ലോ സിനിമയുടെ ഈറ്റില്ലങ്ങൾ. രാമു കാര്യാട്ടിന്റെ ഒരു ചിത്രത്തിന്റെ ഷൂട്ടിങ്ങിനായിരുന്നു എം ടി ആദ്യമായി സ്റ്റുഡിയോയിൽ കയറുന്നത്. ശോഭനാ പരമേശ്വരൻ നായരായിരുന്നു അതിനു കാരണക്കാരൻ. ഷൂട്ടിങ് നടക്കുന്ന സ്റ്റുഡിയോകൾ സന്ദർശിക്കണമെന്ന താത്പര്യമൊന്നും എം ടിക്ക് ഇല്ലായിരുന്നു (കാലക്രമത്തിൽ മദിരാശി സ്റ്റുഡിയോകളൊക്കെ ചെറുതാകുന്നത് എം ടി അറിഞ്ഞു).
