ആരോഹണത്തിലെ സ്‌ഫോടകവസ്തു

Let Us Read

ആരോഹണത്തിലെ സ്‌ഫോടകവസ്തു


ചില കല്പിത സാഹിത്യകൃതികൾ അവയിലെ പ്രവചനാത്മകതകൊണ്ട് സാഹിത്യാനുവാചകരെയുംപൊതുസമൂഹത്തേയും അമ്പരപ്പിക്കുന്ന അനുഭവങ്ങൾ സാഹിത്യലോകത്ത് അത്ര വിരളമല്ല. സത്യസന്ധമായ എഴുത്തിന്റെ ക്രാന്തദർശിത്വം എന്നൊക്കെ അതിനെ വിശേഷിപ്പിക്കാറുണ്ട്. മലയാളത്തിൽ, ഒ.വി. വിജയന്റെ 'ധർമ്മപുരാണം' അടിയന്തരാവസ്ഥ എന്ന രാഷ്ട്രീയ ഉൽക്കടാവസ്ഥയെ ഒട്ടൊക്കെ മുൻകൂട്ടി സൂചിപ്പിച്ചു എന്ന നിലയിൽ ഇതിനൊരു വിഖ്യാത ഉദാഹരണമാണല്ലോ. എന്നാൽ, മലയാളത്തിലെ പ്രവചനാത്മകത പേറുന്ന ഒരു രാഷ്ട്രീയ നോവൽ അതെഴുതപ്പെട്ട് അരനൂറ്റാണ്ടിനുശേഷവും അതിന്റേതായ അർത്ഥത്തിൽ തിരിച്ചറിയപ്പെടുന്നില്ല. 1969-ൽ പുറത്തു വന്ന വി.കെ.എൻ. കൃതിയായ 'ആരോഹണം' എന്ന നോവലിനെക്കുറിച്ചാണ് പറഞ്ഞുവരുന്നത്.

കേരളസാഹിത്യ അക്കാദമിയുടെ നോവൽ പുരസ്‌കാരം നേടിയിട്ടുള്ള 'ആരോഹണം' ഏറെ മുന്തിയ ഒരു ആക്ഷേപഹാസ്യ രാഷ്ട്രീയ നോവൽ എന്ന നിലയിൽ പരക്കെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ആ നിലയ്ക്കുള്ള പാരായണവും കാലാന്തരത്തിൽ അതിന് കൈ വന്നിട്ടുണ്ട്. വികെഎന്നിന്റെ വിശ്വവിഖ്യാത 'പയ്യൻ' കളം നിറഞ്ഞാടുന്ന ഈ നോവൽ അറുപതുകളിലെ ഡൽഹി രാഷ്ട്രീയം എന്ന തട്ടകത്തെ അതിന്റെ എല്ലാ വഷളത്തരങ്ങളോടെയും അന്തസ്സാരശൂന്യതയുടെയും പരിഹാസാത്മകതയോടൊപ്പം മറനീക്കി കാണിക്കുന്നുണ്ട്. കേരളത്തിലെ ഗ്രാമീണാന്തരീക്ഷത്തിൽനിന്ന് ജീവസന്ധാരണാർത്ഥം ഡൽഹിയിലെത്തുന്ന പയ്യൻ എന്ന യുവാവ് തന്റെ ബുദ്ധികൂർമ്മതയാലും ആകർഷണീയ സ്വഭാവവിശേഷത്താലും അതിവേഗം പത്രപ്രവർത്തനമേഖലയിലൂടെ രാഷ്ട്രീയ-സാമൂഹിക ഡൽഹിയിലെ രാഷ്ട്രീയ സാമൂഹിക മണ്ഡലങ്ങളിലെ ഉയരങ്ങൾ കീഴടക്കുന്നതിന്റെ ആഖ്യാനത്തിലൂടെയാണ് ഇത്തരമൊരു അനാവരണം നോവലിസ്റ്റ് സാധ്യമാക്കുന്നത്. ഒരു പരിധിവരെ ഗാന്ധിയൻ ആദർശങ്ങളിലും അതിനേക്കാളും മേലേ നെഹ്‌റുവിയൻ സോഷ്യലിസ്റ്റ്, മതേതര ജനാധിപത്യ ആദർശങ്ങളിലും ഊന്നി മുന്നേറാൻ ഉദ്യമിച്ച സ്വതന്ത്രഭാരതം അതിവേഗം അത്തരം എല്ലാ ആദർശങ്ങളെയും കുടഞ്ഞെറിഞ്ഞ് പണക്കൊഴുപ്പിന്റെയും അഴിമതിയുടെയും ജാതി, മതവെറികളുടെയും വിളനിലമായിത്തീരുന്ന കാഴ്ച രാജ്യതലസ്ഥാനംതന്നെ ഭൂമികയാക്കിയുള്ള 'ആരോഹണം' കാട്ടിത്തരുന്നുണ്ട്. ഇന്നിപ്പോൾ യാതൊരു ഞെട്ടലുമുളവാക്കാനാകാത്ത വിധം സർവസാധാരണമായ പണവും പെണ്ണും ചേർന്ന് നിശ്ചയമാക്കുന്ന രാഷ്ട്രീയ ചതുരംഗക്കളങ്ങളിലെ കരുനീക്കങ്ങളുടെ ഏറ്റവും സമഗ്രമായ ചിത്രണം സാധ്യമാക്കിയ ആദ്യകാല മലയാള നോവലുകളിൽ ഒന്നുതന്നെയാണ് 'ആരോഹണം.'

പക്ഷേ, ഇന്നിപ്പോൾ 'ആരോഹണം' വീണ്ടും ഒരു വായനയ്‌ക്കെടുക്കുമ്പോഴോ അല്ലെങ്കിൽ ആദ്യമായി അത് ഒരാൾ വായിക്കുമ്പോഴോ മേലേ പറഞ്ഞ കാര്യങ്ങളൊന്നുമല്ല വായനയിൽ ഒരു ഞെട്ടലുളവാക്കുന്നത്. ഇന്നത്തെ ഇന്ത്യയുടെ രാഷ്ട്രീയ, സാമൂഹിക ഭാഗധേയത്തെയാകമാനം ഗ്രസിച്ചിരിക്കുന്ന, കർശനമായി നിയന്ത്രിക്കുന്ന മതവർഗ്ഗീയ ഫാഷിസത്തെ അരനൂറ്റാണ്ടുകൾക്കിപ്പുറംതന്നെ തുറന്നുകാട്ടിയ, പ്രവചിച്ച നോവൽ എന്ന അമ്പരപ്പാണ് പുതിയ വായനയിൽ സംഭവിക്കുന്നത്. കുറേക്കൂടി വ്യക്തമാക്കിയാൽ മറ്റു പലതിനുമൊപ്പം പശു എന്ന സംഭവത്തെയും മുൻനിർത്തി സംഘപരിവാര രാഷ്ട്രീയം ഇന്ത്യയുടെ ഭരണം പിടിച്ചെടുക്കാൻ പ്രയോഗിച്ചതിന്റെയും അതിൽ വിജയിച്ചതിന്റെയും തന്ത്രങ്ങൾ അരനൂറ്റാണ്ട് മുന്നേതന്നെ 'ആരോഹണം' പറഞ്ഞുവച്ചിരിക്കുന്നു.


Related Articles