ദുര്‍ഗ്ഗാമാതാവിനെയും ഹിന്ദുദേവഗണത്തിലെ ദേവതകളെയും അംഗീകരിക്കുന്ന നാസ്തികനായിരുന്നു എന്റെ പിതാവ്. എങ്കിലും മതത്തിന്റെയും ആചാരത്തിന്റെയും കാര്യത്തില്‍ എന്തുചെയ്യണമെന്ന് അജ്ഞനായിരുന്നു അദ്ദേഹം. 300-വര്‍ഷം പഴക്കമുള്ള കുടുംബദേവതയെക്കുറിച്ചുള്ള അന്ധവിശ്വാസങ്ങളില്‍ ആഴ്ന്നുകിടന്ന ഒരു വീട്ടില്‍ വളര്‍ന്നുവന്ന എന്റെ അമ്മയായിരുന്നു കുടുംബത്തിലെ പ്രധാന ആത്മീയവാദി.
കുടുംബപരമായ ആചാരങ്ങളില്‍ മുഴുകിയും ദേവന്‍മാര്‍ക്കും ദേവികള്‍ക്കും വഴിപാടുകള്‍ നേര്‍ന്നും അവരോടൊപ്പം കളിച്ചു നടന്നും രാത്രിയില്‍ അവരെ തങ്ങളുടെ കുഞ്ഞുകിടക്കകളില്‍ ഉറങ്ങാന്‍വിട്ടുമാണ് ഞാന്‍ കുട്ടിക്കാലം ചെലവഴിച്ചത്. മുതിര്‍ന്നപ്പോള്‍ അച്ഛനെപ്പോലെ, വിശ്വാസിയെക്കാള്‍ അവിശ്വാസിയായി മാറുകയായിരുന്നു ഞാനും. പ്രിയപ്പെട്ട ഒരു നായയുടെ മരണം എന്നെ ദൈവസങ്കല്പത്തില്‍നിന്ന് പൂര്‍ണ്ണമായും അകറ്റി. ഒരിക്കല്‍, ഭാഗികമായി പ്രാപഞ്ചികചൈതന്യത്തിലുള്ള പുനീതയുടെ വിശ്വാസത്താലും ഭാഗികമായി ആത്മപീഠം കയറിയ ഗുരുദേവിന്റെ വിശ്വാസത്താലും നയിക്കപ്പെട്ട് ക്രമീകരിച്ചിരുന്ന എന്റെ 'ആന്റിന'യെ ആ സംഭവമാണ് പിന്നീടുള്ള വര്‍ഷങ്ങളില്‍ ഉന്നതമായ പ്രാപഞ്ചികചൈതന്യം അംഗീകരിക്കുന്നതിലേക്കു തിരിച്ചുകൊണ്ടുപോയത്.
ഞാനൊരു പുരോഹിതനോ അഭിഭാഷകനോ ആകുമെന്നാണ് ജാതകം തയ്യാറാക്കിയ കുടുംബപുരോഹിതന്‍ പ്രവചിച്ചിരുന്നത്. എന്റെ മനസ്സിന്റെ ആത്മീയചായ്‌വിനോട് ആഭിമുഖ്യം പുലര്‍ത്തിയിരുന്ന കുടുംബത്തിന് അത് സ്വീകാര്യമായിത്തോന്നുകയും ചെയ്തു. പക്ഷേ, ഒരു പ്രവചനവും യാഥാര്‍ത്ഥ്യത്തില്‍ സ്ഥിരീകരിക്കപ്പെടുന്നില്ല എന്നു വ്യക്തമായി. അഞ്ച് സെമസ്റ്ററുകള്‍ ഞാന്‍ നിയമം പഠിക്കുകയുണ്ടായി. എന്നെ പരീക്ഷകള്‍ക്കു തയ്യാറാക്കാനായി ടിന കുമാരി നടത്തിയ ശിക്ഷണങ്ങള്‍ക്കും ശോഭ അഗര്‍വാളിന്റെ കുറിപ്പുകള്‍ക്കും നന്ദി. പക്ഷേ, ഒരു പരീക്ഷയ്ക്കിടെ എനിക്ക് ഇടവേള എടുക്കേണ്ടിവന്നു. ഒബ്‌റോയ് ഹോട്ടലിന്റെ ശുചിമുറിയോ അല്ലെങ്കില്‍ നിയമവിഭാഗത്തിന്റെ ഭയാനകമായ മൂത്രപ്പുരയോ ആയിരുന്നു ആശ്രയം. അവസാനം ഒബ്‌റോയ് തന്നെ വിജയിച്ചു. ഒരു അഭിഭാഷകനാകാമെന്ന ആശയം അതോടെ അവസാനിക്കുകയും ചെയ്തു.
