ദലിത്‌വനിതയുടെ സാഹിത്യജീവിതം

KLF

ദലിത്‌വനിതയുടെ സാഹിത്യജീവിതം


'കരുക്ക്' എന്ന ആത്മകഥയെ ആധാരമാക്കി പ്രമുഖ തമിഴ് എഴുത്തുകാരി ബാമയുമായി മിനികൃഷ്ണൻ നടത്തിയ ശ്രദ്ധേയമായ സംഭാഷണം, ഈ പുസ്തകം 'പനമുള്ള്'എന്ന പേരിൽ ഡിസി ബുക്‌സ് മലയാളത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

മിനികൃഷ്ണൻ: തമിഴ് ദലിത്‌സാഹിത്യത്തിൽ ഇരുപത്തഞ്ച് വർഷമായുള്ള സംഭാവന പരിശോധിച്ചാൽ പ്രധാനപ്പെട്ട എഴുത്തുകാരിയാണ് ബാമ. അവരുടെ ആത്മകഥയായ 'കരുക്ക്' ഇന്നും ഏറെ ചർച്ചചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഒരു പക്ഷേ, തകഴിയുടെ 'ചെമ്മീനും' യു.ആർ. അനന്തമൂർത്തിയുടെ 'സംസ്‌ക്കാര'യും ഇരുപത്തഞ്ച് വർഷം പിന്നിട്ടു എന്നുപോലും ഞാൻ ഓർക്കുന്നില്ല. അതുപോലെതന്നെയാണ് എം.ടി വാസുദേവൻ നായരുടെ 'നാലുകെട്ട്.' നാലുകെട്ടിന്റെ അൻപതാം വാർഷികാഘോഷം നടന്നത് തൃശ്ശൂരിലാണ്. അതൊക്കെയും സ്വാഭാവികമായും നടക്കുന്നതാണ്. എന്നാൽ ഞാൻ ചിന്തിക്കുന്നത് ഒരു പ്രാദേശിക ഭാഷയിലേക്കും ഇംഗ്ലിഷ് ഭാഷയിലേക്കും വിവർത്തനം ചെയ്യുന്നതിലൂടെ ദളിത് സാഹിത്യത്തിന്റെ അവസാനമായോ എന്നാണ്. ഞാൻ പങ്കെടുത്ത സാഹിത്യോത്സവത്തിലൊക്കെത്തന്നെ ഒരു പ്രേക്ഷക എന്ന നിലയിലും അതിനപ്പുറം പ്രാസംഗിക എന്ന നിലയിലും എനിക്ക് കാണാൻ കഴിഞ്ഞത് ദലിത് സാഹിത്യത്തെക്കുറിച്ചുള്ള പരിപൂർണ്ണമായ അജ്ഞതയാണ്. ഉയർന്ന വിദ്യാഭ്യാസമുള്ള ആളുകൾക്കിടയിലും അത് അങ്ങനെ തന്നെയാണ്. ഇന്ന് രാവിലെ എയർപോർട്ടിൽ വന്നിറങ്ങുമ്പോഴും ആരോ ചോദിച്ചു. എന്തുകൊണ്ട് ദലിത് സാഹിത്യമെന്ന്. എനിക്കറിയില്ല ഞാൻ എത്ര പ്രാവശ്യം അതിനെക്കുറിച്ച് വിശദീകരിച്ചുവെന്ന്. യഥാർത്ഥത്തിൽ മുഖ്യധാരസാഹിത്യത്തിൽനിന്ന് പടിയിറങ്ങിപ്പോയ സാഹിത്യമാണ് ദലിത് സാഹിത്യം. എന്നാൽ ദലിത് സാഹിത്യത്തിലുള്ള ഒരു എഴുത്തുകാരനോ എഴുത്തുകാരിക്കോ എളുപ്പത്തിൽ ഒരു തരത്തിലുമുള്ള ശബ്ദമുയർത്താനാവില്ല. കാരണം പലപ്പോഴും വിദ്യാഭ്യാസം ഒരു ഘടകമായി പ്രവർത്തിക്കുന്നുണ്ട്. ഇനി വിദ്യാഭ്യാസം നേടിയവരാണെങ്കിലോ എഴുത്തുപ്രക്രിയ ആരംഭിച്ചുകഴിഞ്ഞാലും അത് പ്രസിദ്ധീകരിക്കപ്പെടാതെ കെട്ടിക്കിടക്കുന്ന സ്ഥിതിവിശേഷമാണുള്ളത്. കാരണം എല്ലാ പ്രസിദ്ധീകരണ വിഭാഗങ്ങളും ദലിതരല്ലാത്തവരുടെ കൈകളിലാണ്. മുൻധാരണയോടെയാണ് അവർ പുസ്തക വിൽപ്പനയെക്കുറിച്ച് ചിന്തിക്കുന്നത്. ദലിത് സാഹിത്യം ഒരു തരത്തിലും ഇതിൽ ചേരില്ല എന്നുതന്നെയായിരിക്കും കൂടുതൽ പ്രസാധകരുടെയും ഇന്നുമുള്ള നിലപാട്. അതുകൊണ്ട് തന്നെയാണ് ബാമയുടെ 'കരുക്ക്' എന്ന ആത്മകഥ അത്ര അറിയപ്പെടാത്ത ഒരു പ്രസാധകൻ പ്രസിദ്ധീകരിക്കാനുള്ള സാഹചര്യം വന്നത്.

1992-ൽ മധുരയിൽ ദലിത് യുവാക്കൾക്ക് വേണ്ടി ഒരു ശില്പശാല നടത്തിയിരുന്നു. അതിൽ പ്രശസ്തനായ എഴുത്തുകാരൻ പ്രപഞ്ചൻ അതിഥിയായി എത്തുകയുണ്ടായി. ഒരു യുവാവ്, എന്താണ് ഞങ്ങൾ എഴുതേണ്ടത് എന്ന് ചോദിച്ചപ്പോൾ നിങ്ങൾ നിങ്ങളുടെ ഉള്ളിലുള്ള സ്വത്വത്തെ ആവിഷ്‌കരിക്കൂ, വികാരങ്ങളെ വാക്കുകളാക്കൂ എന്നാണ് പറഞ്ഞത്. എന്നാൽ അവർക്കിടയിൽ എത്രയെത്ര പ്രതിഭകൾ ഉണ്ടായാലും ആരുംതന്നെ ശ്രദ്ധിക്കപ്പെടുന്നില്ല എന്ന സത്യമാണ് അദ്ദേഹത്തിനുപോലും മനസ്സിലാക്കാൻ കഴിഞ്ഞത്. അതേ സമയം ബാമ അവരുടെ അധ്യാപകന് എഴുതിയത്. ''എനിക്ക് ഈ കോൺവെന്റിൽനിന്ന് പുറത്ത് കടക്കണമെന്നാണ്.'' അദ്ദേഹം അപ്പോൾ പറഞ്ഞ മറുപടി ഒരിക്കലും നീ കോൺവെന്റ് ഉപേക്ഷിക്കരുത് എന്നാണ്. ശില്പശാലയുടെ അവസാന ദിവസം ബാമ പറഞ്ഞു ''ഞാൻ ശരിക്കും തകർന്നുപോയി, ആർക്കും എന്നെ വേണ്ട, എനിക്ക് വീട്ടിലേക്ക് പോകണ്ട. എല്ലാവർക്കും എന്നോട് ദേഷ്യമാണ്. എന്നാൽ ആ സമയത്ത് എന്ത് ചെയ്യണമെന്ന് പോലും എനിക്കറിയില്ല'' എന്ന്. ആസമയത്ത് അദ്ദേഹം ബാമയെ ആശ്വസിപ്പിച്ചു: ''എല്ലാം എഴുതണം എല്ലാ അനുഭവങ്ങളും തുറന്ന് എഴുതണം.'' ഇനി ബാമ തന്നെ പറയട്ടെ അവർ ആ സമയത്ത് അഭിമുഖീകരിച്ച പ്രശ്‌നങ്ങളും അനുഭവങ്ങളും.


Related Articles