ഗ്രന്ഥകാരനും സാമൂഹികചിന്തകനുമായ ഷാജഹാൻ മാടമ്പാട്ട്, വിഖ്യാത ചരിത്രകാരനും കോളമിസ്റ്റും ഗവേഷകനുമായ രാമചന്ദ്രഗുഹയുമായി ഗാന്ധിയൻ ആദർശങ്ങളുടെ സമകാലിക പ്രസക്തി, ഇന്ത്യൻ നവോത്ഥാനവും ഗാന്ധിജിയും എന്നീ വിഷയങ്ങളെ ആസ്പദമാക്കി കേരളാ ലിറ്ററേച്ചർ ഫെസ്റ്റിവൽ വേദിയിൽ നടത്തിയ അഭിമുഖസംഭാഷണമാണിത്. ചരിത്രരചനയിലെ പ്രശ്‌നങ്ങൾ, ഹിന്ദു മുസ്ലീംഐക്യം, ഗാന്ധിജിയും അംബേദ്കറും, ഗാന്ധിജിയും മുസ്ലീംരാഷ്ട്രീയ നേതൃത്വവും, ഗാന്ധിജിയും കേരളവും എന്നീ വിവിധ വിഷയങ്ങൾ ഇവിടെ ചർച്ചാ വിധേയമാവുന്നു
ഷാജഹാൻ മാടമ്പാട്ട്: മഹാത്മാഗാന്ധിയുടെ ജീവിതത്തെ ആസ്പദമാക്കി മഹത്തായ രണ്ട് ഗ്രന്ഥങ്ങളാണ് രാമചന്ദ്ര ഗുഹ രചിച്ചിട്ടുള്ളത്. ഒന്ന്, ഗാന്ധിയുടെ ദക്ഷിണാഫ്രിക്കയിലെ ജീവിതത്തെ ആസ്പദമാക്കി രചിച്ച 'ഗാന്ധി-ഇന്ത്യയ്ക്ക് മുമ്പ്.' രണ്ടാമത്തേത്, 'ഗാന്ധി-ലോകത്തെ മാറ്റിയെടുത്ത കാലങ്ങൾ.' 1915 മുതൽ 1948 വരെ ഗാന്ധിയുടെ അന്ത്യംവരെയുള്ള കാലത്തെക്കുറിച്ചാണ് ഈ ഗ്രന്ഥത്തിലുള്ളത്. ചരിത്രത്തെക്കുറിച്ചുള്ള പൊതുവായ ഒരു ചോദ്യത്തിൽനിന്നാരംഭിക്കാം. ചരിത്രത്തെക്കുറിച്ച് ചരിത്രകാരന്മാർ സംസാരിക്കുന്ന ഒരു കാലമുണ്ടായിരുന്നു. ഭൂതകാലത്തിന്റെ പിതൃശൂന്യമായ അവസ്ഥയാണ് ചരിത്രത്തിനുള്ളതെന്നാണ് ഓർഡി ട്രസ്‌കെയെപ്പോലുള്ളവർ പറഞ്ഞിട്ടുള്ളത്. ഈ കാലഘട്ടത്തിൽ ചരിത്രകാരന്മാരെ വളരെ ബോധപൂർവ്വം വ്യവഹാരങ്ങളിൽനിന്ന് മാറ്റിനിർത്തുകയും അകറ്റിനിർത്തുകയുമൊക്കെ ചെയ്യുന്നു. ഇത്തരം പ്രക്രിയകളെ ചെറുക്കുന്ന ചരിത്രകാരന്മാരുടെ കൂടെയാണ് താങ്കൾ.
രാമചന്ദ്രഗുഹ: ചരിത്രത്തെ ഒരിക്കലും ഗണിതശാസ്ത്രവുമായോ, ഭൗതികശാസ്ത്രവുമായോ താരതമ്യം ചെയ്യാൻ സാധിക്കില്ല. അതൊരിക്കലും സമവാക്യങ്ങൾ ചർച്ചചെയ്യില്ല. ചരിത്രത്തിന്റെ വിഷയങ്ങൾ എപ്പോഴും യുക്തിസഹമായ വാദങ്ങളും ബദൽ വസ്തുതകളുമായിരുന്നു. എല്ലായിടങ്ങളിലും ചരിത്രത്തെ (ചരിത്രങ്ങളെക്കുറിച്ച്) ജനകീയചർച്ചകൾ ഉണ്ടാവണം. സാധാരണക്കാരനെക്കാൾ ചരിത്രകാരന്മാർക്ക് ചരിത്രത്തെ മനസ്സിലാക്കുവാനുള്ള കഴിവുണ്ട്. ഭാഷകളും ചരിത്രരേഖകളും അപഗ്രഥിച്ച് വിശകലനം ചെയ്യാനുള്ള രീതിശാസ്ത്രവും ചരിത്രകാരന്മാരുടെ കൈവശമുണ്ട്. സമാഹരിച്ച വസ്തുതകളും വിഭവങ്ങളും വെച്ച്, ആഖ്യാനം രചിക്കാനും അവർക്കു സാധിക്കും. ഇപ്പോൾ ഇത്തരത്തിലുള്ള സംവാദങ്ങൾ ഉയരാനുള്ള ഒരു കാരണം ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെ വളർച്ചയാണ്. ഈ കൂട്ടർ ചരിത്രത്തെ തിരുത്തിയെഴുതുമ്പോൾ ഹിന്ദുക്കൾമാത്രം നല്ലവരാവുകയും മറ്റുള്ളവർ മോശക്കാരാവുകയും ചെയ്യുന്നുണ്ട്. ഇവരുടേത് ഒരുതരം ആശയപ്രചാരണം മാത്രമാണ്. ഒരിക്കലുമത് ചരിത്രാഖ്യാനമല്ല. സർക്കാരിന്റെ വിവിധ പ്രവർത്തനങ്ങളിലൂടെയും അവരുടെ ലക്ഷ്യത്തെ അവർ സാധൂകരിക്കുന്നു. നരേന്ദ്രമോദി മുഖ്യമന്ത്രിയായിരുന്ന ഗുജറാത്തിൽ രാഷ്ട്രതന്ത്രത്തിന്റെയും ചരിത്രത്തിന്റെയുമൊക്കെ പാഠപുസ്തകങ്ങൾ അവർ തിരുത്തിയെഴുതി. ഇതുതന്നെ അതിന്റെ നല്ല ഉദാഹരണമാണ്. 1948 ജനുവരി മുപ്പതിന് ഗാന്ധി കൊലചെയ്യപ്പെട്ടതാണെന്ന് പറയുന്നുണ്ടെങ്കിലും ആരാണ് വധിച്ചതെന്നോ, എന്തിനാണ് വധിച്ചതെന്നോ ഒരിടത്തും പറയുന്നില്ല. ചരിത്രത്തെ തിരുത്തിയെഴുതുന്നതിനും യാഥാർത്ഥ്യത്തെ തമസ്‌കരിക്കുന്നതിനും ഇങ്ങനെ ഒരുപാട് കാരണങ്ങൾ കണ്ടെത്താനാകും. ഇടതുപക്ഷത്തിന്റെ ഭാഗത്തുനിന്നും ഇങ്ങനെയുള്ള അടിച്ചമർത്തലുകൾ ഉണ്ടാകാറുണ്ട്. ഉദാഹരണത്തിന്, റഷ്യൻവിപ്ലവത്തിന്റെ സോവിയറ്റ് ചരിത്രങ്ങളിൽ എവിടെയും ട്രോട്‌സ്‌കിയില്ല. ലെനിന്റെ അടുത്ത അനുയായി ആയിരുന്ന ട്രോട്‌സ്‌കിയെ സ്റ്റാലിൻ കൊല്ലുകയും ജനറൽ സെക്രട്ടറിയായി സ്വയം അവരോധിക്കുകയും ചെയ്തു. എന്നാൽ ഇതുകൊണ്ടൊന്നും തൃപ്തനാകാതിരുന്ന ട്രോട്‌സ്‌കിയെ ചരിത്രത്തിൽനിന്ന് വെട്ടിമാറ്റുകയാണുണ്ടായത്. ജോർജ് ഓർവെല്ലിന്റെ കഥയിലെ ഒരു കഥാപാത്രം പറയുന്നതുപോലെ ഭൂതകാലത്തെ നിയന്ത്രിക്കുന്നവർ ഭാവിയെയും നിയന്ത്രിക്കും. ഇടതുപക്ഷത്തിന്റെയും വലതുപക്ഷത്തിന്റെയും ചരിത്രകാരന്മാർ ചരിത്രത്തെ വളച്ചൊടിക്കുന്നത് സാധാരണമാണ്. ചരിത്രത്തെക്കുറിച്ച് നല്ല ബോദ്ധ്യമുള്ള ചരിത്രകാരന്മാർ ഇതിനെ ശക്തമായിത്തന്നെ പ്രതിരോധിക്കും. പൊതുചർച്ചകളിൽ പങ്കെടുക്കാൻ അക്കാദമിക് ചരിത്രകാരന്മാർ കാണിക്കുന്ന വിമുഖതയാണ് ഈയൊരു പ്രശ്‌നത്തിന്റെ യഥാർത്ഥ കാരണം. സയൻസ് വിഷയങ്ങളെപ്പോലെ കൃത്യമായ തീർപ്പുകൾ കല്പിക്കാൻ പറ്റുന്ന ഒരു വിഷയമല്ല ചരിത്രമെന്നു പറഞ്ഞു കഴിഞ്ഞു.
