കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ മൂന്നാം പതിപ്പിലെ ശ്രദ്ധിക്കപ്പെട്ട ഒരു വിഷയമായിരുന്നു ഭരണകൂടവും പൗരാവകാശവും എന്ന സംവാദം.
സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, ഇടതുചിന്തകൻസുനിൽ പി ഇളയിടം, സാമൂഹികപ്രവർത്തക കെ. അജിത എന്നിവരാണ് ചർച്ചയിൽ പങ്കെടുത്തവർ. എ.കെ. അബ്ദുൾ ഹക്കിം മോഡറേറ്ററായി. പൗരൻ എന്നത് നമ്മുടെ ആധുനിക ജനാധിപത്യ സംവിധാനത്തിൽ രൂപപ്പെട്ട ഒരു സംജ്ഞയാണ്. പ്രജയിൽ നിന്നും പൗരനിലേക്കുള്ള മാറ്റമാണ് ജനാധിപത്യത്തിന്റെ വളർച്ചയെ അടയാളപ്പെടുത്തുന്ന ഏറ്റവും പ്രധാനപ്പെട്ട ഒന്ന് എന്ന് നമുക്കറിയാം. കേവലമായ ഒരു വ്യക്തി എന്ന അർത്ഥമല്ല പൗരൻ എന്നുള്ളതിൽ. ഒരാധുനിക ഭരണസംവിധാനത്തിൽ മുഴുവൻ അധികാരങ്ങളും പൗരനുള്ളതാണ്. പൗരന് കിേട്ടണ്ട അധികാര അവകാശങ്ങളെ സാധിച്ച് കൊടുക്കാനുള്ള ഏജൻസികൾ എന്ന നിലയ്ക്കാണ് ഭരണകൂടം പ്രവർത്തിക്കേണ്ടത്. ഭരണഘടന ഉറപ്പുനൽകുന്നതും ഈ പൗരാവകാശമാണ്. അത് എങ്ങനെ സാധിച്ചു കൊടുക്കാം. അല്ലെങ്കിൽ അതിന് ഒരു തരത്തിലുള്ള ഏറ്റക്കുറച്ചിലില്ലാതെ എല്ലാ പൗരന്റെയും അധികാരത്തെയും അവകാശത്തെയും പൂർത്തിയാക്കി കൊടുക്കാനുള്ള ഏജൻസി എന്നതിൽനിന്ന് മാറി പൗരന്റെ മേൽ ഏതെങ്കിലും നിയന്ത്രണം ഏർപ്പെടുത്തുന്ന--യാത്രയെയോ, പ്രസംഗത്തെയോ, എഴുത്തിനെയോ, ആവിഷ്‌കാരത്തെയോ ഏതെങ്കിലും തരത്തിൽ തടയുകയോ നിയന്ത്രിക്കുകയോ ചെയ്യുന്ന- അധികാരഘടനയായി ഭരണകൂടം മാറുമ്പോഴുണ്ടാകുന്ന ആപത്കരമായ വർത്തമാനകാലാവസ്ഥയിലൂടെയാണ് കേരളമടക്കമുള്ള സമൂഹം കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ഈ സവിശേഷമായ ഒരു രാഷ്ട്രീയ പരിസരത്തു നിന്നുകൊണ്ടാണ് ''ഭരണകൂടവും പൗരാവകാശവും'' എന്ന വിഷയം ചർച്ചചെയ്യുന്നത്.
ഈ ചർച്ചയിൽ പങ്കെടുക്കുന്നവരിൽ ജനപ്രതിനിധിയും ആക്ടിവിസ്റ്റുകളും ഉണ്ട്. ഇവരെല്ലാവർക്കും കൃത്യമായ ധാരണകൾ ഉള്ളവരും ഉണ്ടാവേണ്ടവരും ആണ്. അതുപോലെ ധാരണയെ തിരുത്താൻ പലതരത്തിലും അവകാശവും ബാധ്യതയുള്ളവരുമാണ്. അത്തരത്തിൽ ഈ ചർച്ച വളരെ രാഷ്ട്രീയ പ്രസക്തിയുള്ളതായിത്തീരുന്നു. 'ഭരണകൂടവും പൗരാവകാശവും' എന്നപരിപ്രേക്ഷ്യത്തിൽ നിന്നുകൊണ്ടുള്ള തന്റെ നിലപാട് അവതരിപ്പിച്ചുകൊണ്ട് ഈ ചർച്ച തുടങ്ങാം.
