കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ 'സംവരണം ഔദാര്യമോ അവകാശമോ?' എന്ന വിഷയത്തിൽ ചൂടേറിയ സംവാദം നടന്നു. ബി.ജെ.പി. നേതാവ് അഡ്വ പി.എസ്. ശ്രീധരൻപിള്ള, ദലിത് ചിന്തകരും ആക്റ്റിവിസ്റ്റുകളുമായ കെ.കെ. കൊച്ച്, സണ്ണി എം. കപിക്കാട്, ചിന്തകനായ ജെ. രഘു, മുൻ നക്‌സലൈറ്റ് നേതാവും ഇപ്പോൾ കോഴിക്കോട് കേളുവേട്ടൻ പഠനകേന്ദ്രത്തിന്റെ ഡയറക്ടറുമായ കെ.ടി. കുഞ്ഞിക്കണ്ണൻ, ഐ.ടി മേഖലയിലെയും സാമൂഹ്യ മാധ്യമങ്ങളിലെയും ശ്രദ്ധേയ സാന്നിദ്ധ്യം ദീപക് ശങ്കരനാരായണൻ എന്നിവരാണ് ചർച്ചയിൽ നിറഞ്ഞത്. എ.കെ. അബ്ദുൽ ഹക്കീം മോഡറേറ്ററായിരുന്നു. സംവാദത്തിന്റെ പ്രസക്തഭാഗങ്ങൾ.
അബ്ദുൽ ഹക്കീം: നിങ്ങളെന്തുകൊണ്ടാണ് ഇങ്ങനെയൊരു തലക്കെട്ട് സ്വീകരിച്ചത് എന്ന് ചോദിച്ച് പലരും എന്നെ വിളിച്ചു. സംവരണം ചർച്ച ചെയ്യേണ്ട ഒന്നാണോ എന്ന് പലരും ചോദിച്ചു. സംവരണം എന്നു കേൾക്കുമ്പോൾ ക്ലാസ്സിലെ കുറച്ചുകുട്ടികൾ മനസ്സിൽ ഓടിയെത്തുന്നത് നമ്മുടെ പൊതുബോധംമൂലമാണ്. വലിയ സംവാദങ്ങൾക്ക് വിഷയമാക്കേണ്ട രീതിയിൽ സംവരണം എന്ന വിഷയം വലുതായിട്ടുണ്ട്. പുതിയ രാഷ്ട്രീയ കാലാവസ്ഥയിൽ, പുതിയ ഭരണസംവിധാനത്തിൽ സംവരണം പുതിയ ചില ചർച്ചകൾക്കുകൂടി ഇടയാകുന്നുണ്ട്. നമ്മൾ പാലിച്ചുകൊണ്ടിരിക്കുന്ന സംവരണക്രമങ്ങൾ മാറ്റേണ്ടതുണ്ടെന്ന് ചില രാഷ്ട്രീയ ശക്തികൾ ആവശ്യപ്പെട്ടത് നമുക്കറിയാം. കേരളത്തിൽ സംവരണത്തിന്റെ പതിവ് രീതികൾ മാറി പുതിയ വാക്കുകൾ കടന്നുവന്നു. അത് വലിയ ചർച്ചകൾക്ക് വിധേയമാകുന്നു. ഈയൊരു പശ്ചാത്തലത്തിലാണ് സംവരണ വിഷയം നമ്മൾ പരിഗണിക്കുന്നത്. കെ.കെ. കൊച്ച് ആദ്യം അദ്ദേഹത്തിന്റെ വീക്ഷണം അവതരിപ്പിക്കും.
കെ.കെ. കൊച്ച്: സ്വാതന്ത്ര്യാനന്തര ഇന്ത്യകണ്ട ഏറ്റവും വലിയ ബഹുജന മുന്നേറ്റം സംവരണവുമായി ബന്ധപ്പെട്ടാണുണ്ടായത്. മണ്ഡൽ കമ്മീഷൻ നടപ്പാക്കുന്നത് വി.പി. സിങ്ങാണ്. ഇന്ത്യയിലെ 52 ശതമാനം വരുന്ന പിന്നാക്ക വിഭാഗങ്ങൾക്ക് 27 ശതമാനം സംവരണം നൽകണമെന്നാണ് മണ്ഡൽ ശിപാർശ ചെയ്തത്. ഇതു നടപ്പാക്കുന്നതിന് മുമ്പുതന്നെ ഭരണഘടനയുടെ 345-ാം വകുപ്പ് അനുസരിച്ച് സാമ്പത്തികവും സാമൂഹികവും വിദ്യാഭ്യാസപരവുമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്കുവേണ്ടി സ്റ്റേറ്റ് മുൻകൈയെടുത്ത് അഭിവൃദ്ധിക്കുവേണ്ട ഭരണനടപടികൾ നടപ്പാക്കണം എന്ന് വ്യവസ്ഥ ചെയ്യുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ 1957-ലാണ് കാക്ക കലേക്കർ കമ്മീഷനെ നിയോഗിക്കുന്നത്. 1977-ൽ കമ്മീഷൻ റിപ്പോർട്ട് തള്ളപ്പെട്ടശേഷമാണ് മണ്ഡൽ കമ്മീഷനെ നിയോഗിക്കുന്നത്. മണ്ഡൽ റിപ്പോർട്ട് സമർപ്പിച്ചെങ്കിലും ഇന്ദിരാഗാന്ധി സർക്കാർ ഒരു നടപടിയും സ്വീകരിച്ചില്ല. ഇതിനെതിരെയുള്ള സമരം ആദ്യമായി നടത്തുന്നത് കാൻഷി റാമാണ്. അതിന്റെ ഫലമായാണ് റിപ്പോർട്ട് നടപ്പാക്കാൻ തീരുമാനിക്കുന്നത്. പാർലമെന്റിൽ മണ്ഡൽ കമ്മീഷനെ എതിർത്തത് ഭൂപേഷ് ഗുപ്തയാണ്. ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാർട്ടികളെല്ലാം എതിർത്തു. രാജീവ് ഗാന്ധി എതിർത്തു. എല്ലാ രാഷ്ട്രീയ പാർട്ടികളും മണ്ഡൽ കമ്മീഷനെ എതിർത്തു. റിപ്പോർട്ട് നടപ്പിലാക്കരുതെന്ന് ആവശ്യപ്പെട്ട് ഇന്ത്യയൊട്ടാകെയും സവർണ്ണ യുവാക്കൾ വലിയ സമരങ്ങൾ നടത്തി. പല ആത്മാഹുതികളും നടന്നു. പക്ഷേ, റിപ്പോർട്ട് ഭാഗികമായി നടപ്പാക്കപ്പെട്ടു. അന്ന് സുപ്രീംകോടതിയിൽ സാമ്പത്തിക സംവരണം നടപ്പാക്കണമെന്നാവശ്യപ്പെട്ട് കേസുണ്ടായി. രോഷത്തെ തണുപ്പിക്കാനായി വി.പി. സിങ് 8-10 ശതമാനം സാമ്പത്തിക സംവരണം വാഗ്ദാനം ചെയ്തു. ഇത് കോടതിയിൽ ചോദ്യം ചെയ്തപ്പോൾ കോടതി വി.പി. സിങ്ങിന്റെ നിർദേശം തള്ളുകയും യാതൊരു കാരണവശാലും സാമ്പത്തികസംവരണം നടപ്പാക്കാൻ പാടില്ലെന്നും സംവരണത്തിന്റെ മാനദണ്ഡം സാമ്പത്തികമാകാൻ പാടില്ലെന്നും വിധിച്ചു. കോടതി പുറംവാതിലിലൂടെ മറ്റ് ചില നിർദേശങ്ങൾ മുന്നോട്ടുവച്ചു. പിന്നാക്ക സമുദായത്തിനകത്ത് ഒരു ക്രീമിലെയർ ഏർപ്പെടുത്തിക്കൊണ്ട് ഫലത്തിൽ സാമ്പത്തിക സംവരണം കൊണ്ടുവന്നു.
