തീണ്ടാനാരികളും അയ്യപ്പനും

ബരിമലയിലെ യുവതിപ്രവേശവുമായി ബന്ധപ്പെട്ടുണ്ടായ ഭീഷണമായ സാമൂഹിക പരിസ്ഥിതികളുടെ പശ്ചാത്തലത്തിൽ കെ.എൽ.എഫ്. വേദിയിൽ നടന്ന ചർച്ചയുടെ പ്രസക്ത ഭാഗങ്ങളാണ് ഇത്. കേരള സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റും എഴുത്തുകാരിയുമായ ഡോ. ഖദീജ മുതാംസ്, കേളു ഏട്ടൻ പഠന കേന്ദ്രം ചെയർമാൻ കെ.ടി. കുഞ്ഞിക്കണ്ണൻ, മലയരയ സമുദായ നേതാവ് പി.കെ. സജീവ്, ശബരിമലയിൽ വർഷങ്ങൾക്കുമുൻപുതന്നെ പ്രവേശിച്ചിരുന്നു എന്നു വെളിപ്പെടുത്തിയതിന് ഭീഷണി നേരിട്ട എഴുത്തുകാരികൂടിയായ ലക്ഷ്മി രാജീവ് എന്നിവർ പങ്കെടുത്ത ചർച്ച. മോഡറേറ്റർ ഡോ. ആർ. രാജശ്രീ.

ആർ. രാജശ്രീ: സ്ത്രീകളുടെയും പുരുഷന്മാരുടെയും ശരീരഘടന രണ്ടാണ്. സ്ത്രീകൾ പുരുഷന്മാരെ അപേക്ഷിച്ച് താഴ്ന്ന ശരീരഘടനയുള്ളവരാണ്. അവർ വിയർക്കാറില്ല. പുരുഷൻമാർ വിയർക്കുന്നതിനു പകരമാണ് സ്ത്രീകൾക്ക് ആർത്തവമുണ്ടാകുന്നത് എന്നൊക്കെയാണ് ഹിപ്പോക്രാറ്റസ് ഒക്കെ വിശ്വസിച്ചത്. 2000 വർഷം മുൻപ് പറയുന്നത് വൻദുരന്തങ്ങൾ തുറന്നു വിടാൻ കഴിവുള്ള ഒരു സംഗതിയാണ് ആർത്തവം എന്നാണ്. രജസ്വലയായ സ്ത്രീയെ കാണുമ്പോൾ പട്ടിക്ക് പേ ഇളകും എന്നു പറയുന്നു. ഇത്തരത്തിലുള്ള ചില വിശ്വാസങ്ങൾ പത്തൊമ്പതാം നൂറ്റാണ്ടിൽ ഡോക്ടർമാർപോലും പിന്തുടർന്നിരുന്നു. ആർത്തവമുള്ള സ്ത്രീക്ക് ഭ്രാന്ത് ഉണ്ടാവും എന്നു പറയുന്നു. E.S.R കൂടും തുടങ്ങിയ വളരെ ശാസ്ത്രീയമായ കാര്യങ്ങളാണ് പറഞ്ഞുകൊണ്ടിരിക്കുന്നത്. അമേരിക്കയിലുള്ള ഡോക്ടർമാർവരെ പറയുന്നതും നമ്മൾ കേട്ടുകഴിഞ്ഞു. ഇന്ത്യയിൽ മാത്രം അശുദ്ധി കല്പിക്കപ്പെടുന്ന സംഗതിയല്ല ആർത്തവം. നേപ്പാളിലൊക്കെ ആർത്തവമുള്ള സ്ത്രീയെക്കൊണ്ട് പന്നിയിറച്ചിപോലും വൃത്തിയാക്കാൻ സമ്മതിക്കില്ല. ലോകമെമ്പാടും ഇതിനെ അപകടകരമായ ഒന്നായിട്ടാണ് കാണുന്നത്. അശുദ്ധി എന്ന സങ്കൽപ്പത്തിന് മുകളിൽ നിന്നിട്ടാണ് അതിനെ കാണുന്നത്. അത് ഒരുവശം. നമ്മൾ ആർത്തവത്തെ ആഘോഷിക്കേണ്ടതുണ്ടോ എന്നൊരു ചോദ്യം മറുവശത്തുമുണ്ട്. ആർത്തവം അശുദ്ധമാണ് എന്നു പറയുന്നതും ആർത്തവം ശുദ്ധമാണ് എന്ന് പറയുന്നതും ഒരേ ഗ്ലോറിഫിക്കേഷന്റെ രണ്ട് വശമല്ലേ. ശരിക്കും അത് ജൈവികപരമായ ശാരീരിക പ്രവർത്തനമാണ് എന്ന് വിചാരിക്കുന്നതല്ലേ വിദ്യാഭ്യാസപരമായി മേൽക്കൈ നേടിയിട്ടുള്ള പുരോഗമനപരമായ സമൂഹത്തിന് മുൻകൈയുള്ള കേരളം പോലുള്ള പ്രദേശത്തിന് നല്ലത്. അതിന്റെ അപ്പുറത്ത് വീണ്ടും ആർത്തവം ശുദ്ധമായ കാര്യമാണ് എന്ന് പറയുമ്പോൾ അതൊരു സവർണ്ണ പ്രത്യയശാസ്ത്രത്തെ ലെജിറ്റമൈസ് ചെയ്യുന്നു എന്നുള്ള സംശയം കൂടിയുണ്ട്.

ഡോ. ഖദീജ മുതാംസ്: ജീവിതത്തിലെ എല്ലാ കാര്യവും ശാസ്ത്രീയമായി വിശകലനം ചെയ്യാം എന്നു വിശ്വസിക്കുന്ന ഒരാൾ അല്ല ഞാൻ. അതിന്റെയൊക്കെ അപ്പുറത്തുള്ള പല കാര്യങ്ങളും ഉണ്ട്. പല മഹാക്ഷേത്രങ്ങളിൽ പല ആചാരങ്ങൾ നിലനിൽക്കുന്നത് വാസ്തവത്തിൽ ഇന്ത്യയുടെ സാംസ്‌കാരിക വൈവിധ്യത്തിന്റെ ഭാഗമാണ്. ശബരിമല വിഷയത്തിൽ സുപ്രീംകോടതിയുടെ വിധി വന്ന സമയത്ത് എന്നോട് അഭിപ്രായം ചോദിച്ചപ്പോൾ ഞാൻ പറഞ്ഞു എനിക്ക് പ്രത്യേകിച്ച് അഭിപ്രായമൊന്നുമില്ല എന്ന്. ഹൈന്ദവവിശ്വാസമുള്ള ഒരുസ്ത്രീ അത്തരം ആരാധനാലയങ്ങളിലേക്ക് അല്ലെങ്കിൽ തീർത്ഥാടനകേന്ദ്രങ്ങളിലേക്ക് കയറണം എന്ന് ആവശ്യപ്പെടുന്നു. അനുകൂലമായി കോടതിവിധി വരുന്നു. അങ്ങനെയാകുമ്പോൾ അത് അവകാശമാണ്. ക്ഷേത്രങ്ങളിൽ പല ആചാരങ്ങളുമുണ്ട്. അത് മനുഷ്യസമത്വത്തെയോ അല്ലെങ്കിൽ മനുഷ്യാവകാശങ്ങളെയോ ധ്വംസിക്കാത്തിടത്തോളം കാലം വലിയ ഒരു പ്രശ്‌നമായി കണക്കാക്കേണ്ടതില്ല എന്ന് വിചാരിച്ച ഒരാളാണ് ഞാൻ. പക്ഷേ, വിധി വന്നതിനുശേഷം സ്ത്രീകൾ കയറുന്നതിനു മുൻപുതന്നെ, സ്ത്രീയെ കയറ്റില്ല എന്നു പറഞ്ഞുകൊണ്ട് ചില ആളുകൾ ഭീകരമായ പ്രശ്‌നങ്ങൾ ഉണ്ടാക്കാൻ തുടങ്ങി അപ്പോൾ സ്ത്രീ സ്വാതന്ത്ര്യത്തിന്റെയും മനുഷ്യാവകാശത്തിന്റെയും പക്ഷത്ത് നിൽക്കേണ്ട ആവശ്യമുണ്ട്. അങ്ങനെയാണ് ഞങ്ങൾ വാസ്തവത്തിൽ ഇടപെടാൻ തുടങ്ങിയത്.


Related Articles