അരിയിലെ കല്ലും കടൽക്കാറ്റും

KLF

അരിയിലെ കല്ലും കടൽക്കാറ്റും


കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിനെത്തിനെത്തിയ വൻ ജനക്കൂട്ടത്തിനിടെ ഒരു ഇടവേളയിൽ കുറച്ചു നേരം അലയവേ കൊസോവൻ എഴുത്തുകാരന്റെ ഈ വാക്കുകൾ ഓർത്തു. അവിടെയെത്തിയ ജനക്കൂട്ടത്തിന് സംഘം ചേരലിന്റെയും ഏകാന്തത നൽകുന്ന സൗന്ദര്യത്തിന്റെയും ഇരട്ടമുഖങ്ങൾ ഒരേ പോലെയുണ്ടായിരുന്നു. തീർച്ചയായും അവരാണ് സാഹിത്യോൽസവത്തെ അവിസ്മരണീയമാക്കി അതി ഗംഭീരമായ വിജയത്തിലെത്തിച്ചത്. ഒപ്പം സംഘാടനത്തിലെ സൂക്ഷ്മതയും. വിഖ്യാത ഗസൽ ഗായകൻ ഗുലാം അലിയോട് ഒരു അഭിമുഖകാരൻ ഇങ്ങനെ ചോദിച്ചു, താങ്കൾക്ക് ലോകമെങ്ങും ആരാധകരുണ്ടല്ലോ, താങ്കൾ ആരെയാണ് ആരാധിക്കുന്നത്? എന്നെ ആരാധിക്കുന്നവരെത്തന്നെ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ആ നിലയിൽ കോഴിക്കോട്ടെത്തിയ എഴുത്തുകാരേക്കാളും കലാകാരൻമാരേക്കാളും ആരാധനയ്ക്കർഹർ ഓരോ വേദിയേയും സമ്പന്നമാക്കിയ ജനങ്ങൾതന്നെ. എല്ലാ വേദികളും ഒരേപോലെ ജനസമ്പന്നമായിരുന്നു. വായനക്കാരന്റേതാണ് സാഹിത്യമെന്ന് അവർ സംശയമേതുമില്ലാതെ സ്ഥാപിച്ചു.

ജനക്കൂട്ടം, ഏകാന്തത,

ആശയങ്ങളുടെ ആവിഷ്കാരങ്ങളും വിനിമയങ്ങളും എന്നിവയെക്കുറിച്ച് ഓർത്ത് നടക്കുമ്പോഴാണ്, ''ഹാ, ഔട്ട് ഡോർ ജീവിതത്തിന്റെ ഒരു സുഖം!'' ഇങ്ങനെ പറഞ്ഞ് ആ ചെറുപ്പക്കാരനും ചെറുപ്പക്കാരിയും കോഴിക്കോട്ടെ കടൽക്കാറ്റിനെ ഒരു വസ്ത്രമെന്നനിലയിൽ വാരിച്ചുറ്റുന്നതായി അഭിനയിച്ച് പൊട്ടിച്ചിരിക്കുന്നത് കണ്ടത്. ഒരു നോവലിന്റെ ആദ്യ വരികൾപോലെ തോന്നിച്ചു അവരുടെ വാക്കുകൾ. അവർ അനുഭവിച്ച മധുരതരമായ സ്വാതന്ത്ര്യം ഫെസ്റ്റിവെലിൽ പങ്കെടുത്ത എല്ലാവർക്കും കിട്ടിയെന്ന് പിന്നീടുള്ള ദിവസങ്ങൾ തെളിയിച്ചു. വർഷങ്ങളായി ദൽഹിയിലെ വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ കഴിയാതെ വീർപ്പുമുട്ടുന്ന തസ്‌ലീമ നസ്‌റീൻ പുലർകാലെ കടപ്പുറത്ത് നടക്കാനിറങ്ങി. അവരും കടൽക്കാറ്റിനെ, തിരമാലകളെ എടുത്തണിഞ്ഞ് സന്തോഷവതിയായി ചിരിച്ചു. ഒരു കുട്ടിയപ്പോലെ തിരമാലകളുമായി കളിച്ചു. ആ ആനന്ദം കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ അവർക്ക് നൽകിയതായിരുന്നു. ആനന്ദവും സൗഹൃദങ്ങളുംതന്നെയായിരുന്നു ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ ടാഗ്ലൈൻ. വേദിയിലിരിക്കുന്ന എഴുത്തുകാരും കേൾക്കാനിരിക്കുന്നവരും സംഘാടകരും ചേർന്ന ഒരു റിപ്പബ്ലിക്കിലാണ്, എഴുത്തും വായനയും വിമർശനവും വിയോജിപ്പുകളും എല്ലാം ചേർന്ന ഒരു രാജ്യമാണ് കോഴിക്കോട്ടെ കടപ്പുറത്ത് രൂപപ്പെട്ടത്. തീർച്ചയായും സ്വാഗതം ചെയ്യപ്പെടേണ്ടതും ഭാവിയിൽ നില നിൽക്കേണ്ടതുമായ ഒന്ന്.


Related Articles