ഭരണകൂട ദാസ്യവും കോർപറേറ്റ്വൽക്കരണവും അതിവേഗം കീഴടക്കുന്ന ഇന്ത്യയിലെ ഇംഗ്ലിഷ് മാധ്യമരംഗത്ത് പലതുകൊണ്ടും വേറിട്ട വ്യക്തിത്വമാണ് രാജ്ദീപ് സർദേശായി. നിലപാടുകളിലെ വിട്ടുവീഴ്ചയില്ലായ്മയും മാധ്യമരംഗത്തിന്റെ സ്വാതന്ത്ര്യത്തിനായുള്ള നിരന്തര പോരാട്ടവും സർദേശായിയെ രാജ്യാന്തരതലത്തിൽതന്നെ ശ്രദ്ധേയനാക്കുന്നു. മുൻ ഇന്ത്യൻ ക്രിക്കറ്റ് ടെസ്റ്റ് താരം ദിലീപ് സർദേശായിയുടെ മകനായി 1965 മെയ് 24-ന് മുംബൈയിൽ ജനിച്ച രാജ്ദീപ്, സെന്റ് സേവ്യേഴ്സ് കോളജ്, ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി കോളജ് എന്നിവിടങ്ങളിലായാണ് വിദ്യാഭ്യാസം പൂർത്തീകരിച്ചത്. 1988-ൽ 'ടൈംസ് ഓഫ് ഇന്ത്യ'യിൽ ചേർന്നു. 1994-ൽ എൻ.ഡി.ടി.വി.യുടെ പൊളിറ്റിക്കൽ എഡിറ്റായി ചുമതലയേറ്റു. 2005-ൽ എൻ.ഡി.ടി.വി. വിട്ട് ഗ്ലോബൽ ബ്രോഡ്കാസ്റ്റ് ന്യൂസ് എന്ന സ്വന്തം മാധ്യമ കമ്പനി തുടങ്ങി. തുടർന്ന് സി.എൻ.എൻ-ഐ.ബി.എൻ. എഡിറ്റർ ഇൻ ചീഫായി. 2014-ൽ റിലയൻസ് സി.എൻ.എൻ-ഐ.ബി.എൻ. ഏറ്റെടുത്തതോടെ അവിടം വിട്ടു. ഇപ്പോൾ ഇന്ത്യ ടുഡേയിൽ കൺസൾട്ടിങ് എഡിറ്ററാണ്. 2008-ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു. 'ദ ഇലക്ഷൻ ദാറ്റ് ചെയ്ഞ്ച്ഡ് ഇന്ത്യ', 'ഡെമോക്രസി 11' തുടങ്ങിയ ഗ്രന്ഥങ്ങളുടെ രചയിതാവാണ്. വാർത്താ അവതാരക സാഗരിക ഘോഷാണ് ജീവിത പങ്കാളി. കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ 'മാറുന്ന മാധ്യമ രംഗത്തെ'പ്പറ്റി രാജ്ദീപ് സർദേശായി ശശികുമാറുമായി സംഭാഷത്തിൽ ഏർപ്പെട്ടു.
മാധ്യമപ്രവർത്തകൻ, മാധ്യമ വിദഗ്ധൻ, അഭിനേതാവ്, ചലച്ചിത്ര സംവിധായകൻ, അധ്യാപകൻ എന്നിങ്ങനെ വിവിധ നിലകളിൽ പ്രശസ്തനാണ് ശശികുമാർ. 1984 മുതൽ 86 വരെ ഹിന്ദുവിന്റെയും, ഫ്രണ്ട്ലൈനിന്റെയും ആദ്യ പശ്ചിമേഷ്യാലേഖകനായി പ്രവർത്തനം. ദൂരദർശനിലൂടെ ദൃശ്യമാധ്യമരംഗത്തേക്ക്. പിന്നീട് പി.ടി.ഐ. യുടെ ചീഫ് പ്രൊഡ്യൂസറും ജനറൽ മാനേജറുമായി. 1992-ൽ ഏഷ്യാനെറ്റ് സംരംഭവുമായി രംഗത്ത്. ഹിന്ദിയിൽ 'കായ തരൺ'എന്ന ചിത്രം സംവിധാനം ചെയ്തു. ചെന്നൈയിൽ ഏഷ്യൻ കോളജ് ഓഫ് ജേർണലിസത്തിന്റെ ചെയർമാൻ.
ശശികുമാർ: ഇന്ത്യൻ മാധ്യമങ്ങൾക്ക് എന്തു സംഭവിച്ചു, പ്രത്യേകിച്ച് ഇലക്ട്രോണിക് മീഡിയയ്ക്ക്? അതായത് ദേശീയ ഇംഗ്ലിഷ് മീഡിയയ്ക്ക്? വളരെ ചുരുക്കം മാധ്യമ വ്യക്തികളും ചാനലുകളുമൊഴിച്ച് മീഡിയ പൊതുവിൽ സർക്കാരിന് കീഴടങ്ങിയിരിക്കുന്നു. രാജ്ദീപ്, നമുക്ക് നട്ടെല്ലില്ലാത്ത മാധ്യമമാണോ ഇന്നുള്ളത്?
