ബ്രാഹ്‌മണികമൂല്യങ്ങളിൽ അധിഷ്ഠിതമായ കർണാടകസംഗീതത്തിന്റെ സങ്കീർണ വ്യവസ്ഥകളിൽ ഇടപെട്ടുകൊണ്ട് നൂതനവും ധീരവുമായ പരിഷ്‌കരണങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന സംഗീതജ്ഞനാണ്‌തൊഡുർ മാഡബുസി കൃഷ്ണ എന്ന ടി. എം. കൃഷ്ണ. തന്റെ പരിഷ്‌കാരങ്ങൾ കർണാടകസംഗീതത്തിന്റെ 'ശുദ്ധിയും തനിമയും' നഷ്ടപ്പെടുത്തുമെന്ന യാഥാസ്ഥിതികവാദങ്ങളെ കൃഷ്ണ ഒട്ടുമേ പരിഗണിക്കുന്നില്ല. മാത്രമല്ല, കൃഷ്ണയുടെ ശ്രമങ്ങൾ ആ സംഗീതമേഖലയെ കൂടുതൽ ബഹുസ്വരമാക്കുന്ന രീതിയിലാണ് മുന്നോട്ടുപോയ്‌ക്കൊണ്ടിരിക്കുന്നതും. കർണ്ണാടക സംഗീതത്തിന് നാളിതുവരെ പരിചയമില്ലാതിരുന്ന സാമൂഹിക ഇടങ്ങളിലേക്ക് അതിനെ എത്തിക്കാൻ കൃഷ്ണയുടെ ഇടപെടലുകൾക്കു സാധിക്കുന്നുണ്ട്. നിരവധി ഒത്തുചേരലുകളിലൂടെ മുഖ്യധാരയ്ക്കു പുറത്തുള്ള സംഗീത പാരമ്പര്യങ്ങളിലും കൂട്ടായ്മകളിലും അത്തരം വേദികളിലും പങ്കാളിയാവാൻ അദ്ദേഹത്തിന് സാധിക്കുന്നു. സംഗീതത്തെ വിമോചനാത്മകമായ പ്രയോഗമായി കാണുന്ന കൃഷ്ണ യേശുവിനെയും അള്ളാഹുവിനെയും കുറിച്ച് പാടുന്നുണ്ട്. പെരുമാൾ മുരുകനുമൊത്തുള്ള രചനകൾ, അതിന്റെ അവതരണങ്ങൾ, വർത്തമാനകാലത്തെ പുതിയ രീതിയിൽ സംവദിക്കാൻ ശ്രമിക്കുകയാണ്. സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ ചലനങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കുന്ന സംഗീതജ്ഞൻകൂടിയാണ് കൃഷ്ണ. മൃദംഗ നിർമ്മാണത്തിൽ ദലിത്ക്രിസ്ത്യൻ സമുദായത്തിന്റെ അധ്വാനത്തെക്കുറിച്ച് പഠനങ്ങൾ നടത്തി. രാഷ്ട്രവ്യവസ്ഥയ്ക്ക് അകത്തുള്ള ജനാധിപത്യവിരുദ്ധ നടപടികളെയും ഏകാധിപത്യ പ്രവണതകളെയും അതിക്രമങ്ങളെയും നിശിതമായി വിമർശിക്കുന്ന ശീലം അധികാരകേന്ദ്രങ്ങളിൽ കടുത്ത അസ്വസ്ഥതയുണ്ടാക്കുന്നുണ്ട്.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി ശ്രീനാരായണഗുരുവിന്റെ കാവ്യങ്ങളെ കർണാടക സംഗീതത്തിന്റെ ചിട്ടവട്ടങ്ങളിലേക്കു കൊണ്ടുവരാനുള്ള ശ്രമങ്ങളിൽ വ്യാപൃതനാണ് കൃഷ്ണ. ഗുരുവിന്റെ സ്‌നേഹത്തിലും കരുണയിലും മൈത്രിയിലും അധിഷ്ഠിതമായ ചിന്തകളും ആശയങ്ങളും വക്രീകരിക്കപ്പെടുന്ന, മുറിപ്പാടുകൾ ഏറിവരുന്ന വർത്തമാനകാലമാണിത്. ഇത്തരമൊരു രാഷ്ട്രീയാവസ്ഥയിൽ ഗുരുവിനെ പാടുമ്പോഴുള്ള അനുഭവങ്ങളും ആഗ്രഹങ്ങളും വെല്ലുവിളികളും സാമൂഹിക ആത്മീയ ലോകങ്ങളുടെ സങ്കീർണ്ണമായ ചുറ്റുപാടിൽ ചേർത്തുവെച്ചുകൊണ്ട് 'പച്ചക്കുതിര'യ്ക്കുവേണ്ടി സംസാരിക്കുകയാണ് ടി.എം. കൃഷ്ണ.
ചന്ദ്രൻ കോമത്ത്: ശ്രീനാരായണ ഗുരുവിനെ പാടുക എന്നത് എന്തുകൊണ്ടാണ് താങ്കളുടെ സംഗീതജീവിതത്തിൽ പ്രധാനമാകുന്നത്? ജീവിതത്തിന്റെ ഈ ഘട്ടത്തിൽ അതിന് പ്രത്യേക അർത്ഥം കൈവരുന്നത് എന്തൊക്കെ കാരണങ്ങളാലാണ്?
