പൗരാവകാശ പ്രവർത്തകൻ, കോളമിസ്റ്റ്, ഗ്രന്ഥരചയിതാവ് എന്നീ നിലകളിൽ പ്രശസ്തനായ പ്രൊഫസർ ആനന്ദ് തെൽതുംബ്‌ഡെ (Anand Teltumble) മാർക്‌സിസവും അംബേദ്കർ ചിന്തയുമായി ബന്ധപ്പെട്ട സമകാലിക ചർച്ചകളിൽ സജീവമായി ഇടപെട്ടുകൊണ്ടിരുന്ന വ്യക്തിയാണ്. 2018 ആഗസ്റ്റ് മാസം മഹാരാഷ്ട്ര പോലീസ് തെൽതുംബ്‌ഡെയുടെ ഭവനം റെയ്ഡ് ചെയ്തു. ഭീമ കൊറിഗാഡോൺ (Bhima Koregaon) അനുസ്മരണവുമായി ബന്ധപ്പെട്ടു നടന്ന ഒരു പരിപാടിയിൽ മാവോയിസ്റ്റുകൾ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കാൻ ഗൂഢാലോചന നടത്തിയതിൽ പങ്കുണ്ടെന്ന് ആരോപിച്ചായിരുന്നു അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. എന്നാൽ തെൽതുംബ്‌ഡെയുടെ അറസ്റ്റിനെതിരേ അന്തർദ്ദേശീയ മാധ്യമങ്ങളും ബുദ്ധിജീവികളും മനുഷ്യാവകാശ സംഘടനകളും പ്രതികരിച്ചു. നോം ചോംസ്‌കി, കോർണൽ വെസ്റ്റ് ഉൾപ്പെടെയുള്ള ലോകപ്രശസ്ത എഴുത്തുകാർ ഒപ്പിട്ട നിവേദനം ഐക്യരാഷ്ട്ര സംഘടനയ്ക്ക് സമർപ്പിക്കപ്പെട്ടു. ഇസ്രായേലി 'സ്‌പൈവേർ' ആയ പെഗസുസ് (Pegasus) ഹാക്ക് ചെയ്ത വാട്‌സ്ആപ്പ് മൊബൈൽ അക്കൗണ്ടുകളിൽ ഇദ്ദേഹത്തിന്റെ ഫോൺനമ്പറും ഉൾപ്പെട്ടിരുന്നു.
മഹാരാഷ്ട്രയിലെ ഒരു ദലിത് കർഷക കുടുംബത്തിൽ ജനിച്ച അദ്ദേഹത്തിന്റെ ജീവിതപങ്കാളി ഡോ. ബി.ആർ. അംബേദ്കറുടെ കൊച്ചുമകളാണ്. മെക്കാനിക്കൽ എൻജിനീയറിങ്ങിലും മാനേജ്‌മെന്റിലും യഥാക്രമം ബിരുദവും ബിരുദാനന്തര ബിരുദങ്ങളും നേടിയ തെൽതുംബ്‌ഡെ സൈബർനെറ്റിക്‌സിൽ (Cybernetics) പിഎച്ച്.ഡി. യും നേടിയിട്ടുണ്ട്. അക്കാദമിയിൽ പ്രവേശിക്കുന്നതിനു മുമ്പ് ഭാരത് പെട്രോളിയം, പെട്രോനൈറ്റ് ഇന്ത്യ തുടങ്ങിയ കമ്പനികളിൽ മാനേജിങ് ഡയറക്ടറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഖരക്പൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ പ്രൊഫസറായിരുന്നു. ഇക്കണോമിക് ആന്റ് പൊളിറ്റിക്കൽ വീക്ക്‌ലിയിൽ 'മാർജിൻ സ്പീക്ക്' (Margin Speak) എന്ന കോളം എഴുതിയിരുന്നു. മഹദ്: ദി മെയ്ക്കിങ് ഓഫ് ഫസ്റ്റ് ദലിത് സ്ട്രഗിൽ, ദളിത്‌സ്: പാസ്റ്റ്, പ്രസന്റ്, ഫ്യൂച്ചർ, പെർസിസ്റ്റന്റ് ഓഫ് കാസ്റ്റ്, ഖൈർലാൻജി, റാഡിക്കൽ ഇൻ അംബേദ്കർ, ആന്റി ഇമ്പീരിയലിസം ആൻഡ് ആനിഹിലേഷൻ ഓഫ് കാസ്റ്റ്, ദി റിപ്പബ്ലിക് ഓഫ് കാസ്റ്റ് തുടങ്ങിയ നിരവധി ഗ്രന്ഥങ്ങൾ എഴുതിയിട്ടുണ്ട്. ഡോ. ബി. ആർ അംബേദ്കറുടെ ഇന്ത്യ ആന്റ് കമ്മ്യൂണിസം എന്ന അപൂർണ്ണകൃതി എഡിറ്റ് ചെയ്ത് പുറത്തിറക്കി. ഇപ്പോൾ ഗോവ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിൽ സീനിയർ പ്രൊഫസറായി ജോലി ചെയ്യുന്നു. കേരള ലിറ്ററേച്ചർ ഫെസ്റ്റിവെലിന്റെ Annihilation of Caste എന്ന സെഷനിൽ മാധ്യമപ്രവർത്തകയായ നന്ദിനി നായരുമായി സംവദിച്ചുകൊണ്ട് മാറുന്ന ജാതിബന്ധങ്ങളെക്കുറിച്ചും ഇന്ത്യയിലെ സാമ്പത്തിക അനീതികളെക്കുറിച്ചും ഹിന്ദുത്വ ഫാസിസത്തിന്റെ ഭീഷണികളെപ്പറ്റിയും പൗരത്വനിയമത്തിനെതിരേയുള്ള പ്രക്ഷോഭങ്ങളെപ്പറ്റിയുമൊക്കെ തെൽതുംബ്‌ഡെ ദീർഘമായി സംസാരിക്കുകയുണ്ടായി.
