ജീവിതത്തിലേക്ക് നടന്നെത്തിയ ദൂരം

Interview

ജീവിതത്തിലേക്ക് നടന്നെത്തിയ ദൂരം


ചിലർ കാണിക്കുന്ന വ്യക്തിപരമായ ധീരതകളാണ് ചില സന്ദർഭങ്ങളിൽ ചരിത്രത്തെ പുരോഗമനപരമായി മുന്നോട്ടു കൊണ്ടുപോയത്. സംഭവബഹുലമായ പലതരം പോരാട്ടങ്ങളിലൂടെയാണ് ലോകത്ത് തുല്യത എന്ന ആശയം വേരോട്ടമുണ്ടാക്കുന്നത്. പൊതു നിരത്തുകളിലൂടെ സഞ്ചരിക്കാനും വിദ്യാഭ്യാസം നേടാനും രാഷ്ട്രീയ പ്രവർത്തനം നടത്താനും വലിയ പ്രക്ഷോഭങ്ങൾതന്നെ നടത്തേണ്ടി വന്നിട്ടുണ്ട്. അടികൊണ്ടവർ കൈമാറിത്തന്ന വഴികളിലൂടെ പിൻതലമുറ പിന്നീട് നടന്നുപോയി. ഈയടുത്ത് വീണ്ടും ലിംഗതുല്യത, നവോത്ഥാനം തുടങ്ങിയ ജനാധിപത്യ ആശയങ്ങൾ ഏറെ വലിയ സംവാദമണ്ഡലമായി കേരളത്തിൽ ഉയർന്നുവന്നത് ഏതു പ്രായത്തിലുള്ള സ്ത്രീകൾക്കും ശബരിമല സന്ദർശനമാവാം എന്ന സുപ്രീംകോടതിയുടെ ഭരണഘടനാ ബഞ്ചിലെവിധിയെത്തുടർന്നാണ്. ആചാരവാദികളും ലിംഗതുല്യതയ്ക്കു വാദിക്കുന്നവരും നേർക്കുനേർ നിന്ന ചരിത്ര സന്ദർഭം. കേരളത്തെ സംബന്ധിച്ചിടത്തോളം നിർണായകമായ ആ സാമൂഹിക സന്ദർഭത്തിൽ അക്രമകാരികളുടെ കണ്ണിൽപ്പെടാതെ 'അതിസാഹസികമായി' ശബരിമല സന്നിധാനം സന്ദർശിച്ച രണ്ടു സ്ത്രീകളിൽ ഒരാളാണ്, ബിന്ദു അമ്മിണി. കണ്ണൂർ സർവ്വകലാശാലയുടെ തലശ്ശേരി കാമ്പസിലെ സ്‌കൂൾ ഓഫ് ലീഗൽ സ്റ്റഡീസിലെ അദ്ധ്യാപികയായ, നിയമവിഷയങ്ങളിൽ അവഗാഹമുള്ള ബിന്ദു അമ്മിണി തുല്യത എന്ന അവകാശം ഉയർത്തിപ്പിടിച്ചു. കീഴാള സ്ത്രീജീവിതത്തിലെ തീവ്രമായ അനുഭവങ്ങളും വിദ്യാഭ്യാസപരമായ ഉണർവ്വുകളും ബിന്ദുവിനെ തുല്യത എന്ന അവകാശത്തിനുവേണ്ടിയുള്ള പോരാളിയാക്കിത്തീർത്തു. ബിന്ദു അമ്മിണിയുമായി നടത്തുന്ന ഈ സംഭാഷണം ഇതിനകം മാധ്യമങ്ങളും പൊതുസമൂഹവും ഏറെ വിശദീകരിച്ച ശബരിമല പ്രവേശനവുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ചല്ല; അതുകൊണ്ടാണ് ബിന്ദുവിനോടൊപ്പം സന്നിധാനം കയറിയ കനകദുർഗയെ ഈ സംഭാഷണത്തിൽ ഉൾപ്പെടുത്താഞ്ഞത്. വീട്, സമൂഹം, സമുദായം,ജാതി, മതം, പുരുഷന്മാർ, കലാലോകം തുടങ്ങിയ മണ്ഡലങ്ങളിൽ ബിന്ദു പുലർത്തുന്ന ആലോചനാലോകമാണ് ഇതിൽ ചർച്ച ചെയ്യുന്നത്; വിവാദങ്ങൾക്കിടയിൽ മാധ്യമങ്ങൾ ചർച്ച ചെയ്യാതെ വിട്ടുകളഞ്ഞ ഒരു ദലിത് മലയാളി സ്ത്രീയുടെ ആശയ ലോകം.

താഹ മാടായി: എൻ.സി.ഇ.ആർ.ടി (നാഷനൽ കൗൺസിൽ ഓഫ് എജുക്കേഷണൽ റിസർച് ആൻഡ് ട്രെയിനിങ്) യുടെ ഒമ്പതാം ക്ലാസ് പാഠപുസ്തകത്തിൽനിന്ന് 'മാറുമറയ്ക്കൽ സമരം' ഉള്ള ഭാഗം നീക്കം ചെയ്തിരിക്കയാണല്ലോ. ഒരു അദ്ധ്യാപിക എന്ന നിലയിൽ ഈ സംഭവത്തെ എങ്ങനെ കാണുന്നു?

ബിന്ദു അമ്മിണി: സത്യത്തിൽ ഇതിനു മുൻപ് ഒരുപാട് രാഷ്ട്രീയ പാർട്ടികൾ അധികാരത്തിൽ വന്നിട്ടുണ്ടെങ്കിലും കുട്ടികളുടെ അറിയാനുള്ള അവകാശത്തിൽ നേരിട്ട് കൈ കടത്തുന്ന അനുഭവം മുൻപുണ്ടായിരുന്നില്ല. ചരിത്രത്തിലെ അറിവുകളെ നിഷേധിക്കുന്ന തരത്തിൽ ഭരണകൂടം വന്നിരിക്കയാണിത്. ശരിക്കും ഇത് പ്രതിഷേധിക്കപ്പെടേണ്ടതാണ്. ഒട്ടേറെ പാഠപുസ്തകങ്ങളുണ്ടായിട്ടുപോലും, അതൊന്നുമില്ലാതിരുന്ന പഴയ തലമുറയുടെയത്ര ചരിത്രബോധം ആർജിച്ചു വരാത്തവരെന്നു തോന്നാവുന്ന ഒരു സമൂഹമാണ് ഇപ്പോഴത്തേത് എന്ന വിമർശനം എനിക്കുണ്ട്. സംഘ്പരിവാർ ശക്തികൾ തന്നെയാണ് ഇതിന്റെ പിന്നിലുള്ളത്. ഇത്തരമൊരു സമീപനം മുൻപോട്ടു കൊണ്ടുപോകാൻ അനുവദിച്ചുകൂടാത്തതാണ്. ശക്തമായ പ്രതിഷേധം ഉയർന്നുവരേണ്ടതാണ്.


Related Articles