ഞാൻ രാഷ്ട്രീയജീവി

Interview

ഞാൻ രാഷ്ട്രീയജീവി


താഹ മാടായി: മലയാള കഥാസാഹിത്യത്തിൽ വലിയ വഴിത്തിരിവുകളുണ്ടാക്കിയ കഥാകൃത്താണ് ഇപ്പോൾ മുന്നിലിരിക്കുന്നത്. പല നിലയ്ക്കുള്ള പൊളിച്ചെഴുത്തുകൾ നടത്തിയ ഒരു എഴുത്തുകാരനു മുന്നിലിരിക്കുമ്പോൾ സ്വാഭാവികമായും ആദ്യം ചോദിക്കാവുന്നത്, തന്റെ ബോധത്തിൽ സർഗ്ഗാത്മകമായ പൊളിച്ചെഴുത്തിനു സമയമായി എന്നു തോന്നിയ കാലമേതാണ്? ഒരെഴുത്തുകാരനാവാൻ സ്വയം തീരുമാനിക്കുന്ന ആ നിമിഷം...

എൻ.എസ്. മാധവൻ: എനിക്ക് തോന്നുന്നു, കുട്ടിക്കാലത്തുതന്നെ ഇത്തരമൊരാഗ്രഹമുണ്ടായിരുന്നു, ഒരെഴുത്തുകാരനാവണമെന്ന്. പക്ഷേ, അന്നത്തെ ഒരു കാലഘട്ടത്തിൽ എഴുത്തുകാരനാവുകയെന്നത് ചിന്തിക്കാൻപോലും പറ്റില്ലായിരുന്നു. പ്രതിഭകളുടെ വലിയ നിരയായിരുന്നു; മലയാള ചെറുകഥാസാഹിത്യത്തിൽ പ്രത്യേകിച്ചും. മലയാള കഥാസാഹിത്യത്തിന്റെ വസന്തകാലമെന്നു പറയാവുന്ന 1970-കൾ. എഴുപതുകളിലാണ് ഞാൻ എഴുതിത്തുടങ്ങിയത്. പക്ഷേ, അതിനുശേഷം കുറെക്കാലം എഴുതാതെ, അനിവാര്യമാണ് എഴുത്ത് എന്നു തോന്നിയപ്പോഴാണ്, വീണ്ടും എഴുതാൻ തുടങ്ങിയത്. അതിന് ബോധപൂർവ്വമായ യാതൊരു തയ്യാറെടുപ്പുകളുമുണ്ടായിരുന്നില്ല. കാരണം, ഒന്നും പൊളിച്ചെഴുതണമെന്ന് മുൻകൂട്ടി തീരുമാനിച്ചിരുന്നില്ല. സംഭവിച്ചതെല്ലാം സ്വാഭാവികമായിട്ടാണ്.

? 'ശിശു' എന്ന കഥ വലിയ അത്ഭുതത്തോടെയാണ് ആ തലമുറ വായിച്ചത്. പിന്നീട് വലിയൊരു ഇടവേളയ്ക്കുശേഷം 'കാർമനു'മായി വരുന്നു. വീണ്ടുമൊരു ഇടവേളയ്ക്കുശേഷം 'ഹിഗ്വിറ്റ'യുമായി വരുന്നു. ഇങ്ങനെയുള്ള ഓരോ വരവും അത്ഭുതത്തിന്റേതായ, അല്ലെങ്കിൽ ''വായനക്കാരേ, ഇതാ ഞാൻ വരുന്നു'' എന്ന കൃത്യമായ മുന്നറിയിപ്പിന്റെ സ്വരത്തിലുള്ള ഒരു വരവായിരുന്നു, അത്. മൗനത്തിന്റെ ഈ ഇടവേളകൾ തിരിച്ചുവരാനുള്ള ഇടവേളകളായിരുന്നോ, അല്ല സ്വാഭാവികമായി ഉണ്ടായിരുന്ന ഒരു മൗനം തന്നെയായിരുന്നോ?


Related Articles