മലയാളത്തിൽ 'ക്ലാസിക്' എന്നു വിശേഷിപ്പിക്കാവുന്ന ചില കഥകളെഴുതിയത് തീർച്ചയായും ടി. പദ്മനാഭനാണ്. കാലംമാറുമ്പോഴും ആ കഥകളിൽ പലതും അതിന്റെ മൗലികഭാവംകൊണ്ട് കാലാതിവർത്തിയായി നില്ക്കുന്നു. കഥ, ജീവിതം, വിശ്വാസങ്ങൾ, നിലപാടുകൾ. പദ്മനാഭൻ സംസാരിക്കുന്നു. ആ കഥപോലെ.
താഹ മാടായി: 'സ്റ്റീഫൻ ഫർനാണ്ടിസ്' എന്ന കഥയിൽനിന്നു തുടങ്ങാം. അതായത് 'എവിടെനിന്നാണ് തുടങ്ങേണ്ടത് എന്നു നിശ്ചയമില്ല. എവിടെയാണവസാനിപ്പിക്കേണ്ടതെന്നും...' കഥയുടെയും ജീവിതത്തിന്റെയും വലിയ ലോകങ്ങളിലൂടെ കടന്നുപോയ ഒരാളുമായിട്ടുള്ള ഈ സംഭാഷണം എവിടെ നിന്നാണ് തുടങ്ങേണ്ടതെന്ന ഒരാശയക്കുഴപ്പം തീർച്ചയായും ഉണ്ട്. അതു മറച്ചുവെക്കുന്നില്ല. എഴുത്തിന്റെയോ ജീവിതത്തിന്റെയോ നിലപാടുകളുടെയോ കാര്യത്തിൽ ഇത്തരമൊരു ആശയക്കുഴപ്പം അല്ലെങ്കിൽ ഒരുതരം അനിശ്ചിതത്വം താങ്കൾക്കുണ്ടാവാറുണ്ടോ?
ടി. പത്മനാഭൻ : ഒരുകാലത്തും ഉണ്ടായിട്ടില്ല; ഒരു കാലത്തും ഉണ്ടായിട്ടില്ല. വളരെ ചിന്തിച്ച്, ഉറപ്പിച്ച്, വീണ്ടും വീണ്ടും മനസ്സിലിട്ട്, അതിന്റെ എല്ലാ വശങ്ങളും ചിന്തിച്ച ശേഷമേ ഞാനെഴുതാറുള്ളൂ. അതു നല്ല എഴുത്താവാം, അത്ര നല്ലതല്ലാതാവാം, ചീത്തയാണ്എന്നും വേണമെങ്കിൽ പറയാം. പക്ഷേ, ഒരു മൂച്ചിനു ഞാൻ ഒന്നും ചെയ്യാറില്ല. പരമാവധി ആലോചിച്ച്...
