കേരളത്തിലെ വിദ്യാർത്ഥി രാഷ്ട്രീയത്തെക്കുറിച്ചുള്ള ഗൗരവപൂർണമായ ഏതു ചർച്ചയിലും അറിഞ്ഞും അറിയാതെയും സൈമൺ ബ്രിട്ടോ കടന്നുവരും. കാരണം, സൈമൺ ബ്രിട്ടോ ഒരു സൂചകമാണ്, അതേസമയം ഒരു പ്രതീകവും. പ്രക്ഷുബ്ധമായ, വിപ്ലവപ്രതീക്ഷകൾ നിറഞ്ഞുനിന്ന കാലത്തിന്റെ സ്പന്ദനങ്ങൾ ഏറ്റുവാങ്ങിയ വിദ്യാർത്ഥിനേതാവ്. കൊലക്കത്തിക്ക് ഇരയായി ജീവിതം ചക്രക്കസേരയിലേക്ക് പറിച്ചുവയ്‌ക്കേണ്ടി വന്ന ഒരാൾ. വിദ്യാർത്ഥി പ്രസ്ഥാനത്തിനൊപ്പം അഞ്ചര പതിറ്റാണ്ടായി പ്രവർത്തിക്കുന്ന കമ്യൂണിസ്റ്റ്. അതിനാൽതന്നെ ഇപ്പോൾ നമുക്ക് ബ്രിട്ടോവിന്റെ അടുക്കലേക്കുതന്നെ പോകാം. മഹാരാജാസ് കോളജിൽ അഭിമന്യു എന്ന വിദ്യാർത്ഥി (പ്രവർത്തകൻ) കൊല്ലപ്പെട്ട സാഹചര്യത്തിൽ ചില ചോദ്യങ്ങൾ ഉന്നയിക്കാൻ. നാല് പതിറ്റാണ്ടുകളിൽ കലാലയ രാഷ്ട്രീയവും വിദ്യാർത്ഥി പ്രസ്ഥാനവും എങ്ങനെയാണ് ചലിക്കുന്നത് എന്നതിന് ചില ഉത്തരങ്ങൾ കൂടി ഈ കൂടിക്കാഴ്ച തന്നേക്കും. ക്യാമ്പസുകളിൽ എസ്.എഫ്.ഐയുടെയും ക്യാമ്പസ് ഫ്രണ്ട് പോലുള്ള സംഘടനകളുടെയും ഇടപെടലുകൾ വിമർശനങ്ങൾക്ക് ഇടയാകുന്ന ഈ വേളയിൽ ചില ചോദ്യങ്ങളും ഉത്തരങ്ങളും പ്രസക്തമാണ്.
എറണാകുളം പോഞ്ഞിക്കരയിൽ 1954 മാർച്ച് 27 നാണ് സൈമൺ ബ്രിട്ടോയുടെ ജനനം. എറണാകുളം സെന്റ് ആൽബർട്‌സ് കോളജ്, ബീഹാറിലെ മിഥില സർവ്വകലാശാല, തിരുവനന്തപുരം ലോ അക്കാദമി, എറണാകുളം ലോ കോളജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. എസ്.എഫ്.ഐ. സംസ്ഥാന വൈസ് പ്രസിഡന്റായിരുന്നു. 1981 ഒക്‌ടോബർ 14 ന് കത്തിക്കുത്തേറ്റ് അരയ്ക്ക് താഴെ സ്വാധീനം നഷ്ടപ്പെട്ടു. എങ്കിലും രാഷ്ട്രീയപ്രവർത്തകനും എഴുത്തുകാരനുമായി സാംസ്‌കാരികരംഗത്ത് സജീവം. പന്ത്രണ്ടാം നിയമസഭയിൽ ആംഗ്ലോ ഇന്ത്യൻ പ്രതിനിധിയായിരുന്നു.
അഭിമന്യുവിന്റെ കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ മഹാരാജാസ് കോളജിലെയും പൊതുവിൽ കേരളത്തിലെയും വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ ഇന്നലെകളെയും വർത്തമാനകാല സവിശേഷതകളെയും കുറിച്ച് സൈമൺ ബ്രിട്ടോ സംസാരിക്കുന്നു.
