മലയാളത്തിൽ പത്രപ്രവർത്തനം എന്ന പദത്തെയും തൊഴിലിനെയും 'മാധ്യമപ്രവർത്തനം' എന്ന് തിരുത്തി എഴുതിയ/എഴുതിച്ച വ്യക്തിത്വത്തിന്റെ പേരാണ് ശശികുമാർ. ഇന്ത്യയിലെ ആദ്യ സ്വകാര്യ പ്രാദേശിക ഭാഷാ ചാനലായ ഏഷ്യാനെറ്റ് സ്ഥാപിച്ച് ഇവിടെ ചാനൽ/കേബിൾ സംസ്കാരവും മാധ്യമ വിസ്ഫോടനവും സാധ്യമാക്കിയയാൾ. ആലങ്കാരികമായി പറഞ്ഞാൽ മലയാളിയുടെ 'സാം പിത്രോദ'. ശശികുമാർ സാധ്യമാക്കിയ മാധ്യമസംരംഭത്തിന്റെ ആദ്യ ചുവടുവയ്പ്പിൽ വാർത്ത മലയാളിക്ക് ദൃശ്യാനുഭവവും കൂടിയായി മാറി. ഒരർഥത്തിൽ അതായിരുന്നു മാറ്റങ്ങളുടെ തുടക്കം. പിന്നീട് മലയാളത്തിൽ മാധ്യമങ്ങളും മാധ്യമപ്രവർത്തനവും പലതലങ്ങളിൽ മാറി. ചാനലുകൾ പെരുമഴകളായി. വാർത്തകൾ 24 മണിക്കൂറായി. അവയ്ക്കും അപ്പുറം നവമാധ്യമങ്ങൾ അതിവേഗം യാഥാർഥ്യമായി. ഈ ചലന വേഗങ്ങൾക്കൊപ്പം ഇപ്പോഴും സഞ്ചരിക്കുകയും അതിനെ നയിക്കുകയും ചെയ്യുന്നു എന്നിടത്താണ് ശശികുമാർ അനിഷേധ്യനാവുന്നത്.
മാധ്യമപ്രവർത്തകൻ, മാധ്യമ വിദഗ്ധൻ, അഭിനേതാവ്, ചലച്ചിത്ര സംവിധായകൻ,അധ്യാപകൻ എന്നിങ്ങനെ വിവിധ നിലകളിൽ പ്രശസ്തനാണ് അദ്ദേഹം. 1952 ഫെബ്രുവരി 23 ന് കൊടുങ്ങല്ലൂരിനടുത്ത് കരുപ്പടന്നയിൽ ജനനം. മുംബൈ, കൊൽക്കത്ത, ചെന്നൈ എന്നിവിടങ്ങളിൽ കുട്ടിക്കാലം. ചെന്നൈയിലെ ലയോള കോളജിൽനിന്ന് ബിരുദവും മദ്രാസ് ക്രിസ്ത്യൻ കോളജിൽനിന്ന് ചരിത്രത്തിൽ ബിരുദാനന്തര ബിരുദവും. പത്തുവർഷം സംഗീതവും പഠിച്ചു. ഐ.എ.എസ്സിന് തെരഞ്ഞെടുക്കപ്പെട്ടെങ്കിലും ചലച്ചിത്രത്തോടുള്ള അഭിനിവേശം മൂലം അത് വേണ്ടെന്നുവച്ചു.
1984 മുതൽ 86 വരെ ഹിന്ദുവിന്റെയും ഫ്രണ്ട്ലൈനിന്റെയും ആദ്യ പശ്ചിമേഷ്യാ ലേഖകനായി പ്രവർത്തനം. ദൂരദർശനിലൂടെ ദൃശ്യമാധ്യമരംഗത്തേക്ക്. ദൂരദർശനുവേണ്ടി ജൻമഞ്ച്, താനാബാന, മണി മാറ്റേഴ്സ് തുടങ്ങിയ ജനപ്രിയ പരിപാടികളടക്കം നിരവധി ഡോക്യുമെന്ററികളും ഫീച്ചർ ഫിലിമുകളും നിർമ്മിച്ചു. പിന്നീട് പി.ടി.ഐ. യുടെ ചീഫ് പ്രൊഡ്യൂസറും ജനറൽ മാനേജറുമായി. 1992 ൽ ഏഷ്യാനെറ്റ് സംരംഭവുമായി രംഗത്ത്. ഹിന്ദിയിൽ 'കായ തരൺ' എന്ന ചിത്രം സംവിധാനം ചെയ്തു. 'ഇനിയും മരിച്ചിട്ടില്ലാത്ത നമ്മൾ', 'ലൗഡ്സ്പീക്കർ' തുടങ്ങിയ മലയാള സിനിമകളിലും വേഷമിട്ടു. ഇപ്പോൾ ചെന്നൈയിൽ ഏഷ്യൻ കോളജ് ഓഫ് ജേർണലിസത്തിന്റെ ചെയർമാൻ.
