മുമ്പെന്നത്തേക്കാൾ, മോദി ഭരണകാലത്ത് കോർപ്പറേറ്റ് മാധ്യമ സ്ഥാപനങ്ങൾ ഒന്നൊന്നായി അധികാരത്തിന് വിധേയപ്പെട്ടുകൊണ്ടിരിക്കുന്നു എന്നതാണ് സത്യം. നിരവധി പത്രാധിപൻമാർക്ക് ജോലി വിട്ടൊഴിയേണ്ടിവന്നു. ഈ തുറന്ന അധികാര ദാസ്യവേളയിലും തലയുയർത്തി നിൽക്കുന്ന കുറച്ചു മാധ്യമനായകരുണ്ട്. അവരിൽ പല നിലയ്ക്കും മുൻനിരയിലാണ് രാജ്ദീപ് സർദേശായി. നിലപാടുകളിലെ വിട്ടുവീഴ്ചയില്ലായ്മയും മാധ്യമരംഗത്തിന്റെ സ്വാതന്ത്ര്യത്തിനായുള്ള നിരന്തര പോരാട്ടവും സർദേശായിയെ രാജ്യാന്തരതലത്തിൽതന്നെ ശ്രദ്ധേയനാക്കുന്നു.
1988-ൽ അദ്ദേഹം 'ടൈംസ് ഓഫ് ഇന്ത്യ'യിൽ ചേർന്നു. 1994-ൽ എൻ.ഡി.ടി.വിയുടെ പൊളിറ്റിക്കൽ എഡിറ്റായി ചുമതലയേറ്റു. 2005-ൽ എൻ.ഡി.ടി.വി. വിട്ട് ഗ്ലോബൽ ബ്രോഡ്കാസ്റ്റ് ന്യൂസ് എന്ന സ്വന്തം മാധ്യമ കമ്പനി തുടങ്ങി. തുടർന്ന് സി.എൻ.എൻ-ഐ.ബി.എൻ എഡിറ്റർ ഇൻ ചീഫായി. 2014-ൽ റിലയൻസ് സി.എൻ.എൻ-ഐ.ബി.എൻ. ഏറ്റെടുത്തതോടെ അവിടം വിട്ടു. ഇപ്പോൾ ഇന്ത്യ ടുഡേയിൽ കൺസൾട്ടിങ് എഡിറ്ററാണ്. 2008- ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു. കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ വേദിയിൽ മാധ്യമ പ്രവർത്തക നിഖില ഹെൻറി 'ന്യൂസ്മെൻ ട്രാക്കിങ് ഇന്ത്യ ഇൻ ദ മോദി എറ' എന്ന വിഷയത്തിൽ രാജ്ദീപ് സർദേശിയുമായി സംഭാഷണത്തിലേർപ്പെട്ടു.
നിഖില ഹെൻറി: മോദിയുടെയും ബി.ജെ.പിയുടെയും ഉയർച്ചയെപ്പറ്റി തുടർച്ചയായി മാധ്യമങ്ങൾ പറയുകയും എഴുതുകയും ചെയ്തുകൊണ്ടിരിക്കുന്നു. താങ്കളെപ്പോലുള്ളവർ മറുവശത്ത് കോൺഗ്രസിന്റെ പതനത്തെയുംപറ്റി സൂചിപ്പിക്കുന്നു. ഒരേ സമയത്ത് മോദിയുടെ ഉയർച്ചയും കോൺഗ്രസിന്റെ പതനവും. ഇതാണോ പ്രധാനപ്പെട്ട സംഭവവികാസം? അല്ലെങ്കിൽ രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തിൽ ഇതാണോ മാധ്യമങ്ങൾ നോക്കേണ്ട പ്രധാന കാര്യം?
