''ശൈലൻ എന്ന ശൈലേന്ദ്രൻ എന്റെ ആകാശത്തിലേക്ക് പടർന്നത് അൽപകാലത്തിനു മുമ്പു മാത്രമാണ്. എങ്കിലും ഞങ്ങൾ, പറഞ്ഞു, നമ്മുടെ പൈങ്കിളിക്കഥ തുടങ്ങിയിട്ട് എത്രയോ എത്രയോ യുഗങ്ങളായി. രണ്ടു മുഴുത്ത പൈങ്കിളികൾ. കഴിഞ്ഞതും വരാനുള്ളതുമായ എല്ലാ ജന്മങ്ങളിലും ഞങ്ങളുടെ കണ്ണുകൾ പരസ്പരം കൊരുത്തിരുന്നു. പ്രണയവും മറ്റേടാകൂടങ്ങളുമില്ലാതെ യുറാനസിലോ നെപ്ട്യൂണിലോ തണുത്തുറഞ്ഞ ശിലകളായി ഇനി വരുന്ന എല്ലാ ജന്മങ്ങളിലും നമുക്ക് പുനർജനിക്കാം എന്ന് ഒരിക്കൽ അവൻ എനിക്കെഴുതി. കഴിഞ്ഞുപോയതും വരാനുള്ളതുമായ ജന്മങ്ങളിൽ ചെയ്യാൻ പോകുന്ന കാര്യങ്ങളെ പറ്റി ഞങ്ങൾ ഉത്സാഹത്തോടെ നടത്താറുണ്ടായിരുന്ന ഒരുക്കങ്ങളും വിചിത്രമായിരുന്നു. അതിലൊന്നാണ് ഹിമാലയൻ യാത്ര. ലോകത്തേയും അതിന്റെ കെട്ടുകളേയുംവിട്ട് അവിടെ ഞങ്ങൾക്ക് ഞങ്ങളായി അലയണമായിരുന്നു. ഉയരങ്ങളെ പേടിയുള്ള എന്നെ മലഞ്ചരിവുകളിലേക്ക് അവന് കൈ പിടിച്ചു കയറ്റണമായിരുന്നു. മഞ്ഞിലും കല്ലിലും തണുപ്പിന്റെ ഉഷ്ണത്തിലും പുകച്ചുരുളായി ഒഴുകി നടക്കണമായിരുന്നു.''
മനുഷ്യബന്ധങ്ങളെക്കുറിച്ച് തന്റേടത്തോടെ എഴുതിയ സരസ്വതി അമ്മക്കും മാധവിക്കുട്ടിക്കും സാറാജോസഫിനും ശേഷം മലയാളത്തിൽ വ്യതിരിക്തത സൃഷ്ടിച്ച സാഹിത്യകാരി സിതാര എസ്, യുവകവി ശൈലന്റെ Love experiences of a scoundral poet ‑എന്ന കവിതാ സമാഹാരത്തിന് എഴുതിയ ആമുഖക്കുറിപ്പിലെ വരികളാണ് മുകളിൽ. അവർക്കിടയിൽ അവർ കഥാകാരിയോ കവിയോ അല്ല. കവിതയും കഥയും കണ്ടുപിടിച്ചവനെ കൊണ്ടുവന്ന് കാലൊടിച്ച് ഇടിച്ചു പിഴിഞ്ഞ് ഉപ്പിലിട്ട് അച്ചാറാക്കി നക്കിത്തിന്നണമെന്നാണ് അവരുടെ സ്വപ്നം. എഴുത്തുബന്ധമല്ലാതെ രണ്ടു പേരും വേറെന്തു ബന്ധം എന്നൊന്നും സിതാരക്ക് അറിയില്ല.
''എഴുത്തിനപ്പുറമുള്ള ലോകത്തിൽ ഞങ്ങൾ അഭിമാനികളായ രണ്ട് പൈങ്കിളികളാണ്. അഭിമാനപൂർവം ഞാൻ അവനിലേക്കും അവൻ എന്നിലേക്കും പറന്നുകൊണ്ടിരിക്കുന്നുണ്ട്. അവനിൽ നിന്നും പ്രണയത്തെ പകുത്തുവാങ്ങുന്ന ഗൗരിയാകേണ്ട എനിക്ക്. അവന്റെ മുടിക്കെട്ടിലൊളിച്ചിരുന്ന് അവനൊപ്പം ഒഴുകുന്ന ഗംഗയായാൽ മതി. കഴിഞ്ഞുപോയതും വരാനിരിക്കുന്നതുമായ എല്ലാ ജന്മങ്ങളിലും എന്റെ ജലസ്‌നേഹത്താൽ അവന്റെ പൊള്ളുന്ന ശിലാമരണങ്ങളെ ഉയിർത്തെഴുന്നേൽപിച്ചാൽ മതി''
