പാലാ ബിഷപ്പ് ജോസഫ് കല്ലരങ്ങാട്ടിന്റെ 'നാർകോട്ടിക് ജിഹാദ്' പ്രസ്താവന കേരളസാമൂഹിക മണ്ഡലത്തെ വിഷലിപ്തവാദങ്ങൾ കൊണ്ട് മുഖരിതമാക്കിയിരിക്കുകയാണ്. ഈ പ്രസ്താവനകൊണ്ടുണ്ടാവുന്ന അപകടങ്ങൾ തുറന്നുകാട്ടി സാഹിത്യരംഗത്തുനിന്ന് സക്കറിയ ഉടൻ പ്രതികരിച്ചു. മതവ്യാപാരികളും രാഷ്ട്രീയക്കാരും വിഭജനത്തിന്റെ പ്രത്യയശാസ്ത്രം അണിഞ്ഞവരും കുഴഞ്ഞുമറിഞ്ഞ അന്തരീക്ഷത്തിൽ തങ്ങളുടെ സാധ്യതകൾ തേടാനിറങ്ങിയപ്പോൾ സക്കറിയയുടെ പ്രതികരണം വേറിട്ടുനിന്നു. ബിഷപ്പ് മറന്നുപോയതും ഒരിക്കലും മറക്കരുതാത്തതുമായ ഒരാളുടെ കാര്യം ഓർമപ്പെടുത്തി സക്കറിയ ഫേസ്ബുക്കിൽ ഇങ്ങനെ കുറിച്ചു: ''വളരെ കാലം മുമ്പ് പലസ്തീനിലൂടെ പ്രസംഗം പറഞ്ഞുനടന്ന ഒരു ചെറുപ്പക്കാരനെ ബിഷപ് മറന്നെന്നു തോന്നുന്നു - അദ്ദേഹമാണ് നിങ്ങളുടെ ബ്രാൻഡ് നെയിം. അദ്ദേഹം പറഞ്ഞ ചില വാക്കുകളെങ്കിലും ഓർമിച്ചിരുന്നെങ്കിൽ ഇത്രയും കടുത്ത പദങ്ങൾ നമ്മുടെ സഹപൗരരെപറ്റി ബിഷപ് പറയില്ലായിരുന്നു. യേശു എന്ന ആ ചെറുപ്പക്കാരൻ പറഞ്ഞ ഒരു കാര്യം ഇതാണ്: നീ ബലിപീഠത്തിങ്കൽ കാഴ്ച അർപ്പിക്കുമ്പോൾ നിന്റെ സഹോദരന് നിന്നോട് പിണക്കമുണ്ട് എന്ന് അവിടെ വച്ച് ഓർമിക്കയാണെങ്കിൽ, കാഴ്ചവസ്തു ബലിപീഠത്തിന്റെ മുമ്പിൽ വച്ചിട്ട് പോകുക: ആദ്യം നിന്റെ സഹോദരനുമായി രമ്യപ്പെടുക; പിന്നീട് വന്നു കാഴ്ച അർപ്പിക്കുക- (മത്തായി, 5, 23-25). ബിഷപ് എന്നും ബലിപീഠത്തിങ്കൽ കാഴ്ചയർപ്പിക്കുന്ന ആളാണ്താനും. പക്ഷെ ഒന്നും നേടാതെ കുരിശിൽ കിടന്നു മരിച്ച ആ പാവത്താനെ, വെട്ടിപ്പിടിക്കലുകളുടെ ബഹളത്തിൽ അദ്ദേഹവും മറ്റു സഭാപ്രമാണികളും മറന്നതിൽ അദ്ഭുതമില്ല.''
ഈ പശ്ചാത്തലത്തിൽ സക്കറിയ സംസാരിക്കുകയാണ്. സമകാലീക രാഷ്ട്രീയ-സാമൂഹിക അവസ്ഥ, മതങ്ങളും പുരോഹിതൻമാരും സമൂഹത്തിൽ സൃഷ്ടിക്കുന്ന പ്രശ്‌നങ്ങൾ, സ്വതന്ത്രമായ എഴുത്തിനെ തടയുന്ന സാഹചര്യങ്ങൾ തുടങ്ങിയവയെ കുറിച്ച് സക്കറിയ വിശദീകരിക്കുന്നു.
മുഹമ്മദ് സുഹൈബ്: എഴുത്തിന്റെ തുടക്കകാലത്ത്തന്നെ ക്രൈസ്തവ സഭകളെയോ അതുപോലുള്ള അധികാര സ്ഥാപനങ്ങളെയോ കഥയിലൂടെ വിമർശിക്കാൻ മടികാണിച്ചിട്ടുള്ള ആളല്ല താങ്കൾ. പക്ഷേ, കാലം മാറിയോ. അത്തരം ഇടപെടലുകൾ അനായാസം സാധ്യമല്ലാത്ത അവസ്ഥയിൽ നാം എത്തിയിരിക്കുകയാണോ?
