നാടകത്തോടും സിനിമയോടും പറ്റിച്ചേർന്നായിരുന്നു പതിറ്റാണ്ടുകളായി കേരളത്തില്‍ ജനപ്രിയസംഗീതത്തിന്‍റെ വളർച്ച. എന്നാല്‍ മുന്‍പില്ലാത്തവിധമൊരു മുന്നേറ്റമാണ് മലയാളസ്വതന്ത്രസംഗീത രംഗത്ത് ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. സ്വതന്ത്രഗായകർ വേദികള്‍ കീഴടക്കുന്നു. പരമ്പരാഗത ശൈലികളില്‍ നിന്ന് വ്യത്യസ്തമായി പുതിയ സംഗീത ആവിഷ്കാരങ്ങളുണ്ടാകുന്നു. പുതുതലമുറ ആ സദസ്സുകളിലേക്ക് ഒഴുകിയെത്തുന്നു. യുവത്വത്തിന്‍റെ ആഘോഷമായ റാപ്പ്സംഗീതത്തിന്‍റെ ചരിത്രവും രാഷ്ട്രീയവും, ഒപ്പം സ്വതന്ത്രസംഗീതത്തിന്‍റെ സാധ്യതകളും ചര്‍ച്ചചെയ്യുകയാണ് ഈ രംഗവുമായി ബന്ധപ്പെട്ട് പഠനങ്ങൾ നടത്തിയിട്ടുള്ള കവിയും നോവലിസ്റ്റുമായ മനോജ് കുറൂർ.
റിന്റുജ ജോൺ: വിയര്‍പ്പ് തുന്നിയിട്ട കുപ്പായം, അതില്‍ നിറങ്ങള്‍ മങ്ങുകില്ല കട്ടായം, കിനാവ് കൊണ്ടുകെട്ടും കൊട്ടാരം, അതില്‍ മന്ത്രി നമ്മൾതന്നെ രാജാവും... എന്നുതുടങ്ങുന്ന വേടന്‍റെ വരികള്‍ക്ക് ഈ വര്‍ഷത്തെ സംസ്ഥാനചലച്ചിത്ര അവാര്‍ഡ് (2025) ലഭിച്ചതോടെ ‘മഞ്ഞുമ്മല്‍ ബോയ്സ്’ എന്ന ചിത്രത്തിലെ ഈ ഗാനം വീണ്ടും ചര്‍ച്ചയായിരിക്കുകയാണല്ലോ. സിനിമാപ്പാട്ട് എന്ന ലേബലിൽ നമ്മൾ കേട്ടുശീലിച്ച ഈണങ്ങൾക്കും രീതികൾക്കുമുള്ളിൽ ഒതുങ്ങാത്തതാണോ ഈ ഗാനത്തിന്‍റെ മെറിറ്റിനെ സംബന്ധിച്ച് ഇപ്പോൾ ഉയർന്ന ചർച്ചകൾക്ക് കാരണം?
മനോജ് കുറൂർ: ഈ ഗാനത്തിന്‍റെ യോഗ്യതയെക്കുറിച്ച് ഇത്തരത്തിലൊരു വിവാദം എന്തിനാണ് എന്നു മനസ്സിലാകുന്നില്ല. ഇത് ‘മഞ്ഞുമ്മൽ ബോയ്സ്’ എന്ന ചലച്ചിത്രത്തിൽ വന്ന പാട്ടാണല്ലോ. ആ ചലച്ചിത്രത്തിന്റെ സന്ദർഭത്തിനും മൂഡിനും അനുസരിച്ച് ഉണ്ടായിട്ടുള്ള ഒരു പാട്ടാണ്. സിനിമയില്‍ അതിന്‍റെ ധര്‍മ്മം ഈ പാട്ട് നിര്‍വഹിക്കുന്നുണ്ട്. മികച്ച ഗാനരചനയ്ക്കുള്ള അവാര്‍ഡിന് എന്തുകൊണ്ടും ഈ ഗാനം അര്‍ഹവുമാണ്.
