പ്രണയമാവണം ഇനിയുള്ള പ്രത്യയശാസ്ത്രം

Interview

പ്രണയമാവണം ഇനിയുള്ള പ്രത്യയശാസ്ത്രം


എം. മുകുന്ദന്റെ പുതിയ നോവൽ പുതുതലമുറയുടെ പ്രണയമാണ് വിഷയമാക്കുന്നത്. അദ്ദേഹത്തിന്റെ ആദ്യത്തെ മുഴുനീള പ്രണയനോവൽകൂടിയാണിത്. കഥാകാരി സിതാര എസ്, മുകുന്ദന്റെ പ്രണയചിന്തകളിലൂടെ നടത്തിയ അഭിമുഖസംഭാഷണമാണിത്. സാഹിത്യത്തിലെ രണ്ടു തലമുറകൾ തമ്മിലുള്ള, പ്രണയം ചിന്താവിഷയമായ ഭാഷണമെന്ന കൗതുകവും ഇതിനുണ്ട്.

സിതാര എസ്: കാലത്തിനുമുന്പേ സഞ്ചരിച്ച കഥാപാത്രങ്ങളുടെ, പ്രത്യേകിച്ച് നിരവധി സ്ത്രീകഥാപാത്രങ്ങളുടെ സ്രഷ്ടാവാണ് എം. മുകുന്ദൻ എന്ന എഴുത്തുകാരൻ. നമ്മുടെ പൊതുസമൂഹത്തിന്റെ കാഴ്ചപ്പാടിൽ വല്ലാതെ തെറിച്ചുനിൽക്കുന്നവരാണ് ആ സ്ത്രീകളിൽ പൊതുവെ. ആ കഥാപാത്രങ്ങളിലെല്ലാം പല കാലങ്ങളുടെ അഗ്നിയുണ്ട്. അഗ്നി മുകുന്ദേട്ടന്റെ പ്രിയപ്പെട്ട ഒരു പ്രയോഗമാണ്; എനിക്കും അഗ്നി പ്രിയപ്പെട്ടതാണ്. ആധുനികതയിലും ഉത്തരാധുനികതയിലും ഏറ്റവും പുതിയ വർത്തമാനകാലത്തിലും മുകുന്ദേട്ടൻ ഒരു അഗ്നി കാത്തുസൂക്ഷിച്ചിട്ടുണ്ട്. പ്രണയത്തിന്റെ അഗ്നി തുടിക്കുന്ന നോവലാണ് അടുത്തതായി പ്രസിദ്ധീകരിക്കാൻപോകുന്ന "100/100 എയ്ഞ്ചൽ മേരി സ്വിഫ്റ്റിലേക്ക് 100 ദിവസം' എന്നും ഞാൻ മനസ്സിലാക്കുന്നു. ഞാനൊന്നു ചോദിക്കട്ടെ എന്താണ് ഈ നിമിഷം എം. മുകുന്ദൻ എന്ന എഴുത്തുകാരന്റെ ഉള്ളിലെ പ്രണയസങ്കല്പം.

എം. മുകുന്ദൻ: അറുപതു വർഷത്തിലേറെയായി ഞാൻ ഇതെല്ലാം എഴുതുന്നുണ്ട്. യൗവനകാലത്ത് ഞാൻ വിചാരിച്ചിരുന്നത് എന്റെ ഈ പ്രവർത്തനങ്ങളെല്ലാം ഏതെങ്കിലും ഒരു സന്ദർഭത്തിൽ നിൽക്കും, നിലച്ചുപോവും എന്നാണ്. പക്ഷേ, അത് തുടർന്നുപോയിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് ഗുണവും ദോഷവും ഉണ്ട്. എഴുത്തിന്റെ സംഘർഷങ്ങളോടൊപ്പമാണ് എന്നും ഞാനുള്ളത്. പ്രായമാവുന്പോൾ എഴുത്തൊക്കെ മതിയാക്കി, സംഘർഷങ്ങളൊക്കെ ഇല്ലാതാക്കി ശാന്തമായി ജീവിക്കണം എന്നാണ് പിന്നീടൊരിക്കൽ കരുതിയത്. എനിക്കതിനും കഴിഞ്ഞില്ല. എവിടെ തുടങ്ങിയോ അവിടെ യാത്ര അവസാനിപ്പിക്കണം എന്നാണ് ഇപ്പോൾ എനിക്കുതോന്നുന്നത്. എഴുതാതിരിക്കാൻ പറ്റുമെങ്കിൽ നിശ്ശബ്ദനായി ഇരിക്കാം. പക്ഷേ, അതൊന്നും പറ്റുന്നില്ല. അപ്പോൾ എന്തെഴുതണം എന്ന പ്രശ്നം വരുന്നു. അതു പരിഹരിക്കുന്പോൾ, എങ്ങനെയെഴുതണം എന്ന പ്രശ്നം ആരംഭിക്കുന്നു. ആർക്കുവേണ്ടി എഴുതണം എന്നതായി അടുത്തത്. ഞാനനുഭവിക്കുന്ന എഴുത്തിന്റെ സംഘർഷങ്ങൾ ഇതൊക്കെയാണ്. സംഘർഷങ്ങൾ ഇല്ലെങ്കിൽ ജീവിക്കാൻ കഴിയില്ല എന്ന് എനിക്കു മനസ്സിലാവുകയും ചെയ്തു. എന്നിലെ പ്രണയവും ആ സംഘർഷങ്ങളുടെ ഒരു ഭാഗം മാത്രമാണ്.


Related Articles