കെ. വേണുവിന് ആമുഖം ആവശ്യമുണ്ടോ എന്നു ചോദിച്ചാൽ ഇല്ല എന്നാണ് നമ്മൾ എല്ലാവരും പറയുക. പക്ഷേ, കെ. വേണുവിന്റെ ആത്മകഥയുടെ പശ്ചാത്തലത്തിലുള്ള ഒരു സംഭാഷണം നടത്തുന്നു എന്ന വിഷയം പത്രങ്ങളിലൊക്കെ വരുമ്പോൾ അതിനോടുള്ള പ്രതികരണങ്ങൾ കാണുമ്പോൾ വേണുവിനെ നമ്മൾ അറിയാതെ പോയിരിക്കുന്നു, മറന്നുപോയിരിക്കുന്നു, അല്ലെങ്കിൽ അവഗണിച്ചിരിക്കുന്നു എന്ന കാര്യത്തിൽ സംശയമില്ല. വളരെ വിചിത്രമായ രീതിയിൽ ഈ മനുഷ്യനെ ഇങ്ങനെയൊക്കെ മാറ്റിനിർത്താൻ ആരൊക്കെയോ ശ്രദ്ധയോടെ കാത്തിരിക്കുന്നു എന്നതിന്റെ ലക്ഷണങ്ങളാണ് സാമൂഹ്യമാധ്യമങ്ങളിൽ കാണുന്നത്. അതുകൊണ്ടുതന്നെ കെ. വേണു പ്രസക്തനും ആമുഖം ആവശ്യമുള്ളയാളുമാണ്. തന്റെ ഇരുപത്തിനാലാമത്തെ വയസ്സിൽ 'പ്രപഞ്ചവും മനുഷ്യനും' എന്ന അസാധാരണമായ ഒരു വൈജ്ഞാനിക ഗ്രന്ഥം പുറത്തിറക്കിക്കൊണ്ടാണ് കെ. വേണു എന്ന യുവാവ് കേരളത്തിന്റെ പൊതുമണ്ഡലത്തിലേക്ക് വരുന്നത്. പതിറ്റാണ്ടുകൾക്കിപ്പുറം ആ പുസ്തകം പ്രസക്തമായിരിക്കുന്നതും ആ വിഷയത്തിൽ അതിനോടു കിടപിടിക്കാവുന്ന മറ്റൊരു പുസ്തകം ഇനിയും മലയാളത്തിലുണ്ടായിട്ടില്ല എന്നതും സത്യമാണ്. വേണു 1971 തൊട്ട് 1991 വരെ കേരളത്തിന്റെ വിപ്ലവമണ്ഡലത്തിൽ കേരളത്തിന്റെ തീവ്രഇടതുപക്ഷത്തിന്റെ നേതൃത്വനിരയിലുണ്ടായിരുന്നു. കേരളത്തിന്റേതുമാത്രമല്ല കേന്ദ്ര തീവ്ര ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ നേതൃനിരയിൽ സാന്നിദ്ധ്യമുണ്ടായിരുന്ന മനുഷ്യനാണ്. അതിനുശേഷമാണ് താൻ നെഞ്ചോടു ചേർത്തുവച്ച പ്രത്യയശാസ്ത്രത്തിന് അടിസ്ഥാനപരമായ പ്രതിസന്ധി ഉണ്ടെന്നും അടിസ്ഥാനപരമായ തെറ്റുകളിലൂടെയാണ് അത് നിർമ്മിച്ചിട്ടുള്ളതെന്നുമുള്ള തിരിച്ചറിവുകൊണ്ട് സ്വയം തിരുത്തിക്കൊണ്ട്, ഇത് ഇങ്ങനെ മുന്നോട്ടു പോകുന്നതു ശരിയല്ല എന്ന ബൗദ്ധികമായ സത്യസന്ധത കാണിച്ച്, അദ്ദേഹം അതിൽനിന്നും പിന്മാറിയത്.
പിന്നീടദ്ദേഹം ചെയ്തതുമുഴുവൻ ലോകത്തിന്റെ സാമൂഹ്യക്രമത്തെക്കുറിച്ച് മനസ്സിലാക്കാനുള്ള ശ്രമമാണ്. ലോകത്തിന്റെ രാഷ്ട്രീയത്തെ എങ്ങനെയാണ് വിശകലനം ചെയ്യേണ്ടത് എന്നും നമ്മുടെ മനുഷ്യരാശിയുടെ സാമൂഹ്യഘടനയെ എങ്ങനെയാണ് മുന്നോട്ടു കൊണ്ടുപോകേണ്ടത് എന്നുമൊക്കെയുള്ള, പ്രത്യയശാസ്ത്ര പരിപ്രേക്ഷ്യങ്ങൾ അന്വേഷിക്കാനുള്ള വ്യഗ്രതയിലായിരുന്നു കെ. വേണു. അങ്ങനെ അദ്ദേഹം എഴുതിക്കൂട്ടിയ സാമൂഹ്യരാഷ്ട്രീയ പഠനങ്ങൾ നിരവധിയുണ്ട്. ഒരുപക്ഷേ, മറ്റാരെക്കാളും തന്റെ വിശ്വാസപ്രമാണമായി കരുതിയ മാർക്സിന്റെ പ്രത്യയശാസ്ത്രത്തെ അടിസ്ഥാനപരമായി വിലയിരുത്തി, വ്യാഖ്യാനിച്ച്, അതിൽ തെറ്റുകൾ ഉണ്ടെന്ന് കണ്ടെത്തി എന്ന ഒറ്റക്കാരണംകൊണ്ട് കേരളത്തിലെ ഇടതുപക്ഷവും; അല്ലെങ്കിൽ ഇടതുപക്ഷത്തിന്റെ അനുകൂലികളെന്നു പറയുന്നവരും വേണുവിനെ അവഗണിച്ചു. അദ്ദേഹം ഒരുതരത്തിലും കേരളത്തിന്റെ സാമൂഹിക രാഷ്ട്രീയ മണ്ഡലത്തിൽ സ്ഥാനമർഹിക്കുന്നില്ല എന്ന രീതിയിൽ പുതിയ തലമുറ കടന്നുപോയി എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. വേണു ആരാണ് എന്ന് അദ്ദേഹംതന്നെ കണ്ടെത്തുന്ന ആത്മകഥയാണ് ഇത്. ഒരു സ്വയം അന്വേഷണമാണ്. അന്വേഷണമെന്നു പറയുമ്പോൾ വ്യക്തിജീവിതത്തിലേക്ക് മാത്രമല്ല, താൻ കടന്നുവന്ന എല്ലാത്തരത്തിലുള്ള വൈയക്തികവും ഭൗതികവുമായ പ്രതിസന്ധികളെ വിശകലനം ചെയ്ത്, അതിനെ ലോകത്തിന്റെ വൈജ്ഞാനിക മണ്ഡലങ്ങളിലുള്ള എല്ലാ അറിവുകളെയും പഠിച്ചുകൊണ്ട് സ്വാംശീകരിച്ചുകൊണ്ട്, വിശകലനം ചെയ്യുന്ന ഒരു സമഗ്രമായ പുസ്തകമാണ് 'ഒരു അന്വേഷണത്തിന്റെ കഥ'. ആ അന്വേഷകനാണ് ഇന്ന് എന്നോടൊപ്പം ഉള്ളത്.
