"എഴുത്ത് വ്യക്തിപരമായ നിലപാടുകൾ മുന്നോട്ടുവയ്ക്കാനുള്ള ഇടമല്ല"

Interview

"എഴുത്ത് വ്യക്തിപരമായ നിലപാടുകൾ മുന്നോട്ടുവയ്ക്കാനുള്ള ഇടമല്ല"


ചോദ്യം: ഒരെഴുത്തുകാരന്റെ ഏറ്റവും വലിയ കൈമുതൽ അനുഭവങ്ങളാണെന്ന് പറയാറുണ്ട്. പക്ഷേ, ജനിച്ച നാട്, പഠിച്ച വിദ്യാലയങ്ങൾ, കലാലയങ്ങൾ, കുടുംബം എന്നിവയൊന്നും ടി.ഡി. രാമകൃഷ്ണന്റെ നോവ​ലുകളിൽ ഒരിക്കലും കടന്നുവന്നിട്ടില്ല. എന്താണതിനു കാരണം?

ഉത്തരം: എഴുത്ത് എന്റെ ആത്മാവിഷ്‌കാരമല്ല. എന്റെ ശരികളെ മാത്രം സ്ഥാപിച്ചെടുക്കുന്ന രീതിയോട് താത്പര്യവുമില്ല. കാരണം, പേഴ്‌സണൽ ട്രൂത്ത് ഒരിക്കലും യൂണിവേഴ്‌സൽ ട്രൂത്ത് ആവണമെന്നില്ല; അനുഭവങ്ങൾ എന്നത് ഫിസിക്കൽ എക്‌സ്പീരിയൻസ് മാത്രമല്ല. വായിക്കുന്ന പുസ്തകം, കാണുന്ന സിനിമകൾ, പരിചയമുള്ള വ്യക്തികൾ, കേൾക്കുന്ന വാർത്തകൾ ഇതൊക്കെ പല തരത്തിൽ അനുഭവങ്ങളാകുന്നുണ്ട്.

ടി.ഡി. രാമകൃഷ്ണൻ എന്ന എഴുത്തുകാരന്റെ കൃതികളുടെ ഭൂമികയും അവയുടെ രചനാതന്ത്രവും ഒന്നിനൊന്നു വ്യത്യസ്തമാണ്. ഇതെങ്ങനെയാണ് സാധ്യമാകുന്നത്?

അത് സംഭവിച്ചു പോകുന്നതാണ്. മുമ്പ് ഡെൻചിയാവു പിങ്ങിന്റെ സാമ്പത്തികനയങ്ങളെക്കുറിച്ച് ഗവേഷണം നടത്തിയതിന്റെ ബോധ്യത്തിൽനിന്നാണ് ആൽഫ ഉണ്ടാകുന്നത്. പിന്നീട് നിരവധി തമിഴ് എഴുത്തുകാരു​മായും രാഷ്ട്രീയപ്രവർത്തകരുമായും സിനിമാപ്രവർത്തകരുമായുമൊക്കെ പലകാലങ്ങളിലായി നടത്തിയ അഭിമുഖസംഭാഷണങ്ങൾ, അവയ്ക്കുവേണ്ടി നടത്തിയ മുന്നൊരുക്കങ്ങൾ ഇതിൽനിന്നൊക്കെയാണ് സുഗന്ധി എന്ന ആണ്ടാൾ ദേവനായകിയുടെ ആശയം മനസ്സിലേക്കു വരുന്നത്. 21–ാം നൂറ്റാണ്ടിൽ വായനയെ മുന്നോട്ടു കൊണ്ടുപോകുന്ന ഘടകങ്ങളെ​ന്തൊക്കെയാണ്, ഭാഷ, പ്രമേയം, ആഖ്യാനം എന്നിവയിലൊക്കെ വരുത്തേണ്ട വ്യതിരിക്തതകളെന്തൊക്കെയാണ് എന്നൊക്കെയുള്ള അന്വേഷ​ണത്തിന്റെ ഫലമാണ് ഫ്രാൻസിസ് ഇട്ടിക്കോര. മകൻ ജോലിചെയ്യുന്നത് ഘാനയിലായതിനാൽ ആഫ്രിക്കൻ രാജ്യങ്ങളിൽ പോകാനും അവിടുത്തെ ജനജീവിതം നേരിട്ടു മനസ്സിലാക്കാനും ഇടയായി. അങ്ങനെയാണ് ആഫ്രിക്ക​യോട് താത്പര്യം വരുന്നത്. ഒരു സിനിമാസ്‌ക്രിപ്റ്റിനുവേണ്ടി നടത്തിയ പഠനങ്ങളാണ് അന്ധർ ബധിരർ മൂകരിലേക്ക് നയിച്ചത്. സർവ്വീസിലിരിക്കുന്ന കാലത്ത് കണ്ടും കേട്ടും അനുഭവിച്ച നിരവധി കാര്യങ്ങളാണ് പച്ച മഞ്ഞ ചുവപ്പായി രൂപാന്തരപ്പെട്ടത്. ഇനി​യൊരു നോവൽ എഴുതുകയാ​ണെങ്കിൽ അതെങ്ങനെയായിരിക്കു​മെന്ന് ഇപ്പോൾ പറയാൻ പറ്റില്ല.


Related Articles