"If trees are uprooted and cut, What will the dry wood remember of the rains that a rose in Malir?" -- by Shah Abdul Latif, Sufi Scholar, Poet
തന്റെ ആഗ്രഹങ്ങൾക്കനുസരിച്ച് ജീവിക്കുന്ന ഹെയർസ്‌റ്റൈലിസ്റ്റും എഴുത്തുകാരിയുമായ സപ്ന ഭാവ്‌നാനിയെ പരിചയപ്പെടുന്നത് റൂഹി ദീക്ഷിത്തും സീബാ ഭഗ്‌വാഗറും ചേർന്ന് സംവിധാനം ചെയ്ത Scattered Windows, Connected Doors എന്ന ഡോക്യുമെന്ററിയിലാണ്. എങ്ങനെ ജീവിക്കണം, എന്തു ചെയ്യണം, എന്തു ചെയ്യാതിരിക്കണം എന്ന് തെരഞ്ഞെടുപ്പുകൾ നടത്തുന്ന എട്ട് സ്ത്രീകളെ കുറിച്ചാണ് ഈ സിനിമ. ഇതിൽ ഒരു ഖണ്ഡം സപ്നയെ കുറിച്ചാണ്.
വ്യവസ്ഥാപിതതത്ത്വങ്ങളെ പിന്തുടരാത്ത ജീവിതമാണ് സപ്നയുടേത്. മുംബൈയിൽ സമ്പന്നർ ജീവിക്കുന്ന ബാന്ദ്രയിൽ ഒരു സിന്ധി കുടുംബത്തിൽ ജനിച്ചു. പിതാവ് ഒരു കാബറെ ക്ലബ്ബിന്റെയും റെസ്‌റ്റോറന്റിന്റെയും ഉടമസ്ഥനായിരുന്നു. സപ്നയുടെ പതിനെട്ടാം വയസ്സിൽ പിതാവ് അന്തരിച്ചതിനെ തുടർന്ന് കോളജ് വിദ്യാഭ്യാസം അവസാനിപ്പിക്കുകയും അമേരിക്കയിലേക്ക് പോവുകയും ചെയ്തു. അവിടെതുടക്കത്തിൽ ഒരു ഹോട്ടലിൽ വെയിട്രസ്സ് ആയി ജോലിചെയ്തു. പിന്നീട് ഒരു ബിസിനസ്സ് സ്‌കൂളിൽ മാർക്കറ്റിങ് ആൻഡ് കമ്മ്യൂണിക്കേഷൻ പഠിക്കാനായി ചേരുകയും നല്ല മാർക്കോടെ പഠനം പൂർത്തിയാക്കുകയും ചെയ്തു. ഫാഷൻ ഡിസൈൻ രംഗത്ത് ചില ശ്രമങ്ങൾ നടത്തിയെങ്കിലും ഹെയർ ഡ്രസ്സിങ്ങിൽ ഉള്ള താത്പര്യം കാരണം ഈ മേഖലയെ തൊഴിലായി തെരഞ്ഞെടുത്തു. അവധിക്ക് മുംബൈയിൽ വന്നപ്പോൾ അപ്രതീക്ഷിതമായി കണ്ടുമുട്ടിയ ബാല്യകാല സുഹൃത്തുമായി ഒന്നിച്ചുജീവിക്കാൻ തീരുമാനിച്ചതിനെ തുടർന്ന് അമേരിക്ക ഉപേക്ഷിക്കുകയും മുംബൈയിൽ സ്ഥിരതാമസമാക്കുകയും ചെയ്തു. അക്കാലത്ത് മുംബൈയിലെ പ്രസിദ്ധങ്ങളായ സായാഹ്നപത്രങ്ങളിൽ കോളമിസ്റ്റായി സപ്ന ധാരാളം എഴുതി.
