സംഘാടകനായും പോരാളിയുമായി നിറഞ്ഞുനിൽക്കുമെങ്കിലും പുറംലോകത്ത് അധികമാരുമറിയാതെപോകുന്ന ചിലരുണ്ട്. അത്തരക്കാരിൽ മുൻനിരയിൽ ഒരാളാണ് ദലിത് ആക്റ്റിവിസ്റ്റും ചിന്തകനും കേരള ദലിത് മഹാസഭ (കെ.ഡി.എം.എസ്) സംസ്ഥാന പ്രസിഡന്റുമായ സി.എസ്. മുരളീധരൻ. അടുത്തിടെ, എറണാകുളം മഹാരാജാസ് കോളജിൽ ജാതിവിവേചനവുമായി ബന്ധപ്പെട്ട് നടന്ന വിജയകരമായ സമരത്തിന്റെ മുഖ്യ സംഘാടകനായിരുന്നു അദ്ദേഹം.
എറണാകുളം നായരമ്പലം സ്വദേശിയായ മുരളീധരൻ മൂന്നര പതിറ്റാണ്ടായി രാഷ്ട്രീയ-സാംസ്‌കാരിക രംഗത്ത് സജീവമാണ്. '80 കളുടെ ആരംഭത്തിൽ വായനശാല പ്രവർത്തകനായാണ് തുടക്കം. വൈപ്പിൻ മദ്യദുരന്ത പശ്ചാത്തലത്തിൽ ഉയർന്ന പ്രതിഷേധത്തിൽ ഇടതുപക്ഷ രാഷ്ട്രീയത്തിനൊപ്പം ചേർന്നു. മാല്യങ്കര എസ്.എൻ. എം.കോളജിൽ വിദ്യാർഥിയായിരിക്കുമ്പോൾ നക്‌സലൈറ്റ് വിദ്യാർഥിസംഘടനയായ ആർ.എസ്.ഒയിൽ സജീവം. വിദ്യാഭ്യാസം പൂർത്തിയാക്കാതെ യുവജനവേദിയുടെ ജില്ലാ നേതൃത്വത്തിൽ. പിന്നീട് കെ. വേണു നേതൃത്വം നൽകിയ സി.ആർ.സി, സി.പി.ഐ (എം.എൽ) ജില്ലാ കമ്മിറ്റിയംഗം. പാർട്ടി മുൻകൈയിൽ രൂപീകരിച്ച അധഃസ്ഥിത നവോത്ഥാന മുന്നണി സംസ്ഥാന സമിതിയംഗം. 1989-ൽ അധഃസ്ഥിത നവോത്ഥാന മുന്നണി വൈക്കത്ത് സംഘടിപ്പിച്ച മനുസ്മൃതി കത്തിക്കലിനും 1992-ൽ ഏറണാകുളത്ത് പുത്രകാമേഷ്ടിയാഗം മുടക്കൽ സമരത്തിനും കെ.എം.സലിംകുമാറിനൊപ്പം നേതൃത്വപങ്കുവഹിച്ചു. 1991-ൽ ലോബാങ്ക് പ്രസിഡൻറിനെ 'കേരളീയ യുവജനവേദി' യുടെ പേരിൽ കളമശ്ശേരിയിൽ തടഞ്ഞതിന് മർദനവും ജയിൽവാസവും.
സി.ആർ.സി, സി.പി.ഐ (എം.എൽ) പിരിച്ചുവിട്ടതോടെ ദലിത് മേഖലയിൽ കേന്ദ്രീകരിച്ചു. 1993 ൽ സി.ടി. സുകുമാരൻ ഐ.എ.എസിന്റെ കൊലപാതകം സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ആക്ഷൻ കൗൺസിൽ ജോയിൻറ് കൺവീനർ എന്ന നിലയിൽ 15 ദിവസം നിരാഹാരം, കൊച്ചി അന്താരാഷ്ട്ര വിമാനത്തവളത്തിൽ ദലിത് -പിന്നാക്ക സമുദായങ്ങൾക്ക് സംവരണം ആവശ്യപ്പെട്ടു നടത്തിയ വിജയകരമായ സമരം, വൈപ്പിൻ കർഷക തൊഴിലാളി യൂണിയൻ പ്രസിഡന്റ് എന്ന നിലയിൽ പൊക്കാളി പാടം തരിശിടുന്നതിനെതിരായ സമരം തുടങ്ങിയവയടക്കം നിരവധി പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകി. ആയിരക്കണക്കിന് ഏക്കർ വരുന്ന അനധികൃത ചെമ്മീൻ വാറ്റുകേന്ദ്രങ്ങളിൽ 'വിളവെടുപ്പുത്സവ സമരം' നടത്തിയതിന്റെ പേരിൽ നിരവധി കേസുകളിൽ പ്രതിയാക്കപ്പെട്ടു. സെന്റ് തെരേസാസ് കോളജിലെ ജാതി വിവേചനം, 2003-ൽ കൊച്ചി താലൂക്കിലെ കണക്കൻ/വേട്ടുവൻ വിവാദം, എടവനക്കാട്ട് സ്‌കൂൾ അധ്യാപികയ്ക്കുനേരെയുണ്ടായ ജാതിപീഡനം തുടങ്ങിയ എണ്ണമറ്റ ദലിത് അതിക്രമങ്ങൾക്ക് നേരെ അടിസ്ഥാന ജാതി-വർഗ വിഭാഗങ്ങളെ അണിനിരത്തി. ഇടക്കാലത്ത് കേരള സ്‌റ്റേറ്റ് വേട്ടുവ മഹാസഭ സംസ്ഥാന സെക്രട്ടറിയായിരുന്നു. 2009 മുതൽ കേരള ദലിത് മഹാസഭയുടെ ജില്ലാ, സംസ്ഥാന തലങ്ങളിൽ പ്രവർത്തിക്കുന്നു. ആനുകാലികങ്ങളിൽ ദലിത് വിഷയവുമായി ബന്ധപ്പെട്ട് ലേഖനങ്ങൾ എഴുതിവരുന്നു.
