അംബേദ്കറുടെ വിപരീതമല്ല ഗാന്ധി

Interview

അംബേദ്കറുടെ വിപരീതമല്ല ഗാന്ധി


കേരളത്തിന്റെ ധൈഷണിക മണ്ഡലത്തിൽ ബി. രാജീവന്റെ ഇടപെടലുകൾ പലപ്പോഴും പുതിയ സംവാദങ്ങൾക്ക് വഴിതുറക്കാറുണ്ട്. സമകാലിക ഇന്ത്യൻ രാഷ്ട്രീയ കാലാവസ്ഥയിൽ അദ്ദേഹം ഉയർത്തിയ ചില നിരീക്ഷണങ്ങൾ സമീപകാലത്ത് ചില വിവാദങ്ങൾക്കും കാരണമായിട്ടുണ്ട്. ഗോഡ്‌സെയുടെ ആരാധകർ ഇന്ത്യ ഭരിക്കുന്ന പുതിയ കാലത്ത് ഗാന്ധിയെ ഒരു ബദൽ രാഷ്ട്രീയ-സാംസ്‌കാരിക ചിഹ്നമായി നിർമ്മിച്ചെടുക്കാനുള്ള ശ്രമങ്ങളിൽ അദ്ദേഹം ഇന്ന് വ്യാപൃതനാണ്. മതനിരപേക്ഷതയിലും ജനാധിപത്യത്തിലും വിശ്വസിക്കുന്ന ഏതൊരാൾക്കും ഈ അഭിപ്രായങ്ങളെ ശ്രദ്ധിക്കാതെ കടന്നുപോകാൻ കഴിയില്ല. സമകാലിക സന്ദർഭത്തിൽ വെച്ച് ബി. രാജീവൻ ഗാന്ധിയെ വായിക്കുവാൻ ശ്രമിക്കുന്നു.

രാജേഷ് കെ. എരുമേലി, രാജേഷ് ചിറപ്പാട്: ഗാന്ധിജിയെ ആവശ്യപ്പെടുന്ന ഒരു ഇന്ത്യനവസ്ഥയിലൂടെയാണ് നാം കടന്നുപോകുന്നതെന്ന് പറഞ്ഞാൽ അതെത്ര മാത്രം ശരിയാണ്? താങ്കൾ അത്തരമൊരു കാഴ്ചപ്പാട് ഇന്ന് ഉയർത്തിപ്പിടിക്കാൻ ശ്രമിക്കുന്നതായി കാണാം.

ബി. രാജീവൻ: ഏറ്റവും പ്രധാനം സമകാലിക രാഷ്ട്രീയസ്ഥിതിതന്നെയാണ്. ഗാന്ധിവധവുമായി ബന്ധപ്പെട്ട രാഷ്ട്രീയ വിഭാഗം ഇന്ന് അധികാരത്തിലെത്തിയിരിക്കുകയാണ്. ഈയൊരവസ്ഥ നമ്മൾ സൂക്ഷ്മമായി പരിശോധിക്കുമ്പോൾ ഗാന്ധിജിയുടെ പ്രസക്തിയെയാണ് ഇത് കാണിക്കുന്നത്. ഗാന്ധിവധത്തിലൂടെ മാത്രം വളരാൻ കഴിയുന്ന ഒരു പ്രസ്ഥാനം ക്രമേണ മറ്റെല്ലാ പ്രസ്ഥാനങ്ങളെയും പിന്നിലാക്കുകയും ജനങ്ങളെ കൂടുതൽ സ്വാധീനിക്കുകയും അധികാരത്തിലെത്തുകയും ചെയ്തിരിക്കുന്നു. മോദിയുടെ അധികാരാരോഹണം എന്നു പറയുന്നത് ചുരുക്കിപ്പറഞ്ഞാൽ ഗാന്ധിവധത്തിന്റെ രാഷ്ട്രീയപൂർത്തീകരണമാണ്. അതിന്റെ അർത്ഥം ഗാന്ധിയെത്തന്നെ പുതിയ രീതിയിൽ നമ്മൾ മടക്കിക്കൊണ്ടുവരുന്നതിലൂടെ,ഗാന്ധിയെ ഉയിർത്തെഴുന്നേൽപ്പിക്കുന്നതിലൂടെ മാത്രമേ ഈ ഇന്ത്യൻ പ്രതിഭാസത്തെ നേരിടാൻ കഴിയൂ എന്നുള്ളതാണ്. ഇന്നത്തെ ഇന്ത്യൻ പ്രതിഭാസം എത്ര ഭീകരമാണെന്ന് ഞാൻ പറയേണ്ടതില്ലല്ലോ.


Related Articles