ഓർമകൾ നഷ്ടപ്പെട്ട് മറവിയിലേക്ക് വീഴുന്ന അവസ്ഥ. എല്ലാ അർത്ഥത്തിലും വേദനാജനകമാണത്. അത് സന്തോഷത്തോടെ ഉൾക്കൊള്ളുന്നവർ ചുരുക്കം. എഴുത്തിന്റെയും വായനയുടെയും മാസ്മരികതയിൽ ജീവിച്ചവരെ സംബന്ധിച്ച് ഓർമകളുടെ നഷ്ടം ദുരന്തമായാണ് കലാശിക്കുക. ദക്ഷിണാഫ്രിക്കൻ കഥാകൃത്തും ആക്റ്റിവിസ്റ്റുമായ ജെർഡ സോണ്ടേഴ്‌സ് ഓർമകൾ പൂർണമായി നഷ്ടപ്പെടുന്ന അവസ്ഥയിലേക്ക് അതിവേഗം നീങ്ങുകയാണ്. മേധാക്ഷയത്തിന്റെ (ഡിമെൻഷ്യ)തുടക്കഘട്ടത്തിൽ. പക്ഷേ, ഈ മറവിഅവസ്ഥ തനിക്ക് ലഭിച്ച വരദാനമാണെന്ന് അവർ പറയുന്നു.
ദക്ഷിണാഫ്രിക്കയിൽ ജനിച്ചുവളർന്ന ജെർഡ സോണ്ടേഴ്‌സ് 1984- ൽ അമേരിക്കയിലേക്ക് കുടിയേറി. മനുഷ്യാവകാശ പ്രവർത്തക, ലൈംഗിക ന്യൂനപക്ഷ അവകാശ പോരാളി, അധ്യാപിക തുടങ്ങിയ നിലകളിലും ജെർഡ വലിയ സംഭാവനകൾ രാജ്യാന്തരതലത്തിൽ നൽകിയിട്ടുണ്ട്. അമേരിക്കയിലെ യുത സർവകലാശാലയിൽനിന്ന് ഇംഗ്ലിഷ് സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടിയ ജെർഡ അതേ സർവകലാശലായിൽ ലിംഗ പഠന വിഭാഗത്തിൽ അധ്യാപികയും അസോസിയേറ്റ് ഡയറക്ടറായും പ്രവർത്തിച്ചു. 2011- ൽ വിരമിച്ചു. അന്താരാഷ്ട്ര മാഗസിനുകളിൽ കഥകൾ തുടർച്ചയായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. 'ബ്ലെസിങ്‌സ് ഓൺ ദ ഷീപ്പ് ഡോഗ്' ആണ് (2002) ആദ്യ കഥാസമാഹരം. മറവി രോഗത്തിന്റെ പശ്ചാത്തലത്തിൽ എഴുതിയ 'മെമ്മറീസ് ലാസ്റ്റ് ബ്രീത്ത്: ഫീൽഡ് നോട്ട്‌സ് ഓൺ മൈ ഡിമെൻഷ്യ' എന്ന പുസ്തകം അടുത്തിടെ പുറത്തിറങ്ങി. യുതയിലെ സോൾട്ട് ലേക് സിറ്റിയിൽ ഭർത്താവ് പീറ്റർ സോണ്ടേഴ്‌സിനും കുടുംബത്തിനുമൊപ്പമാണ് 67 വയസ്സുകാരിയായ ജെർഡയുടെ താമസം.
ഇന്ത്യ സന്ദർശനത്തിന്റെ ഭാഗമായി ഏഴ് വർഷം മുമ്പ് കേരളത്തിൽ ജെർഡ സോണ്ടേഴ്‌സ് എത്തിയിരുന്നു. അക്കാലത്തും തുടർന്ന് ഓൺലൈനിലൂടെയും അവരുമായി സംഭാഷണം നടത്തിയിരുന്നു. 'മെമ്മറീസ് ലാസ്റ്റ് ബ്രീത്ത്' പുറത്തിറങ്ങിയെന്ന് അറിഞ്ഞ ഉടനെ നടത്തിയ അവസാന സംഭാഷണത്തിൽ തന്റെ പുതിയ ജീവിതവുമായി ക്രമപ്പെടുന്നതിന്റെ വർത്തമാനവും ജെർഡ പങ്കുവച്ചു.
