''അഭിനയിക്കുന്നവരുടെ പ്രകടനങ്ങൾ പകർത്തുവാനുള്ള ഏറ്റവും അനിവാര്യമായ പ്രക്രിയയാണല്ലോ ഛായാഗ്രഹണവും ശബ്ദലേഖനവും. അങ്ങനെയെങ്കിൽ ഒറിജിനൽ പ്രകടനത്തെ ഡബ്ബിങ്ങിലൂടെ എന്തിന് തരംതാഴ്ത്തണം?'' ബോളിവുഡ് സിനിമാരംഗത്ത് പ്രധാനപ്പെട്ട മേഖലകളിൽ പ്രാഗല്ഭ്യം തെളിയിച്ച അപൂർവം മലയാളികളിൽ ഒരാളായ പി.എം. സതീഷ് എന്ന പ്രശസ്ത സൗണ്ട് ഡിസൈനർ നമ്മുടെ സിനിമയിലെ ശബ്ദത്തിന്റെ ഉപയോഗത്തെക്കുറിച്ച് അഭിപ്രായപ്പെട്ടതാണിത്.
പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് പഠനം പൂർത്തിയാക്കിയ സതീഷ് ഇരുപതോളം ഫീച്ചർ സിനിമകളിലും നൂറിൽപരം ഡോക്യുമെന്ററികളിലും പ്രവർത്തിച്ചിട്ടുണ്ട്. 2000-ത്തിൽ 'കുമാർ ടാക്കീസ്' എന്ന സിനിമയ്ക്ക് നല്ല സൗണ്ട് റെക്കോർഡിങ്ങിനും ഡിസൈനിങ്ങിനുമുള്ള ദേശീയ ബഹുമതി സതീഷ് കരസ്ഥമാക്കി. അപർണ സെന്നിന്റെ '15 പാർക്ക് അവന്യു', കേതൻ മേത്തയുടെ 'മംഗൾ പാണ്ഡെ', മീരാ നായരുടെ 'റിലക്റ്റന്റ് ഫണ്ടമെന്റലിസ്റ്റ്', ദേവ് ബെനെഗലിന്റെ 'റോഡ് മൂവീസ്', വിശാൽ ഭരദ്വാജിന്റെ 'കമീനെ', 'സാത് ഖൂൻ മാഫ്', റീമാ ഖഡ്ഗിയുടെ 'തലാഷ്', അഭിഷേക് ചൗബെയുടെ 'ഇഷ്ഖിയാ' എന്നിവ അദ്ദേഹം പ്രവർത്തിച്ച പ്രധാനപ്പെട്ട ഫീച്ചർ സിനിമകളാണ്. ആനന്ദ് പട് വർധന്റെ 'ജയ് ഭീം കൊമ്രെഡ്', സുനന്ദ ഭട്ടിന്റെ 'നിങ്ങൾ അരണയെ കണ്ടോ', പാൻ നളിന്റെ 'ഫൈത്ത് കണക്ഷൻസ്' എന്നിവ ഡോക്യുമെന്ററികളുമാണ്. രാജാ മൗലിയുടെ 'ബാഹു ബലി', അമോൽ ഗുപ്തയുടെ 'ഹവാ ഹവായി' എന്നീ സിനിമകളിലാണ് സതീഷ് ഇപ്പോൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. ഇന്ത്യയിലെ ആദ്യത്തെ എക്‌സ്‌ക്ലൂസീവ് സൗണ്ട് ഡിസൈൻ സ്റ്റുഡിയോ ആണ് സതീഷിന്റെ ഉടമസ്ഥതയിലുള്ള Fireflys Post Sound എന്ന സ്ഥാപനം.
കഴിഞ്ഞ ഇരുപത്തിമൂന്ന് വർഷത്തെ പ്രവർത്തനപരിചയത്തിന്റെ വെളിച്ചത്തിൽ തലശ്ശേരി സ്വദേശിയായ ഈ 'ബോളിവുഡ് താരം' ശബ്ദത്തെ സംബന്ധിക്കുന്ന വിവിധ കാര്യങ്ങളെക്കുറിച്ച് സംസാരിക്കുന്നു.
