സ്വാതന്ത്ര്യം പ്രണയം സോഷ്യലിസം

Interview

സ്വാതന്ത്ര്യം പ്രണയം സോഷ്യലിസം



മനുഷ്യർക്കിടയിലെ
മനുഷ്യൻ തന്നേ ഞാനും
ഇടക്കീ നിഴലുകളെന്തെല്ലാം
മറച്ചാലും

കവി അയ്യപ്പപ്പണിക്കരുടെ ഈ വരികൾ, ഓഖി സൈക്ലോൺ ദുരന്തത്തിന്റെ ഈ പ്രത്യേക സാഹചര്യത്തിൽ ഒരുപക്ഷേ, ഏറ്റവും ഇണങ്ങുക സഖാവ് ജെ. മേഴ്‌സിക്കുട്ടിയമ്മയ്ക്കാകും. കടലിന്റെയും കടലോരമനുഷ്യരുടെയും വേലിയേറ്റങ്ങളും വേലിയിറക്കങ്ങളും ആധികളും അന്തഃക്ഷോഭങ്ങളും ഇത്രക്കു മനസ്സിലാക്കിയിട്ടുള്ള രാഷ്ട്രീയനേതാക്കൾ അധികമില്ല. മത്സ്യത്തൊഴിലാളികളുടെയും കശുവണ്ടിത്തൊഴിലാളികളുടെയും കയർതൊഴിലാളികളുടെയും കഷ്ടതകളുടെയും ദുരിതങ്ങളുടെയും ഇടയിൽ അവരോടൊപ്പം കരഞ്ഞും പൊരുതിയും വളർന്ന ജീവിതം. സഖാവിന്റെ, സ്ഥിരമായി സഹാനുഭൂതി പടർന്നു നിൽക്കുന്ന മുഖത്ത് ആഴത്തിൽ പതിഞ്ഞു കിടപ്പുണ്ട്, ആ പോരാട്ടങ്ങളുടെ ഓർമ്മകളും ചരിതങ്ങളും. വിപ്ലവബോധമോ സഹജീവിസ്‌നേഹമോ അവർക്ക് ഒരിക്കലും കയ്യടി കിട്ടാനുള്ള പ്രവർത്തനങ്ങളായിരുന്നില്ല. രാഷ്ട്രീയം വെറും മുഖാവരണവുമല്ല.

തിരുവനന്തപുരത്തെ തീരദേശമേഖലയിൽ ഓഖി കൊടുങ്കാറ്റ് വിതച്ച ദുരന്തങ്ങളെത്തുടർന്ന് മുഖ്യധാരാമാധ്യമങ്ങളുടെ ആക്ഷേപങ്ങൾ ഏറ്റവുമധികം ഏൽക്കേണ്ടിവന്ന ജനപ്രതിനിധിയാണ് മേഴ്‌സിക്കുട്ടിയമ്മ. ഫിഷറീസ് മന്ത്രികൂടിയായ അവരുമായി ഈയൊരു പശ്ചാത്തലത്തിൽതന്നെയാണ് ഒരു സംഭാഷണത്തിനു തയ്യാറായത്. മേഴ്‌സിക്കുട്ടിയമ്മ പറയട്ടെ; കടൽ ജീവിതവും പെൺജീവിതവും, സ്വപ്നങ്ങളും ഭാവി പദ്ധതികളും, പ്രതിബന്ധങ്ങളും അതിജീവനവും, മതവും വർഗ്ഗീയതയും, മാധ്യമരാഷ്ട്രീയവും, ജനാധിപത്യവും പ്രണയവും, കൂടെ വ്യക്തിജീവിതവും.


Related Articles