ജനാധിപത്യത്തിന്റെ ചലച്ചിത്രങ്ങൾ

Interview

ജനാധിപത്യത്തിന്റെ ചലച്ചിത്രങ്ങൾ


'ഓം ദർബദർ' (ഹിന്ദി-1988) എന്ന ഒരൊറ്റ ഫീച്ചർ സിനിമ മാത്രമേ കമൽ സ്വരൂപ് സംവിധാനം ചെയ്തിട്ടുള്ളൂ. വളരെ വ്യത്യസ്തമായ ഒരു സിനിമയാണിത്. കാലാന്തരേണ ഈ സിനിമ ഇന്ത്യൻ സിനിമയിലെ ഒരു കൾട്ട് സിനിമയായി മാറി.

കൗമാര പ്രായക്കാരനായ ഓം എന്ന കുട്ടിയാണ് സിനിമയിലെ പ്രധാന കഥാപാത്രം. സർക്കാർ ഉദ്യോഗസ്ഥനായി വിരമിച്ച അവന്റെ പിതാവ് ഒരു ജ്യോതിഷിയുമാണ്. തന്റെ മകൻ പതിനെട്ടാം വയസ്സിൽ മരിക്കും എന്ന് മനസ്സിലാക്കിയ പിതാവ് മകന് ഓം എന്ന പേര് വിളിക്കുന്നു. യമലോകത്തിൽ ഓം എന്ന വാക്ക് ഇല്ല. ഇതിലൂടെ മകന് മരണത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ കഴിയും എന്ന് അയാൾ വിശ്വസിച്ചു. വളരെ നേരം ശ്വാസം പിടിച്ച് വെള്ളത്തിൽ മുങ്ങിയിരിക്കാനുള്ള ഓമിന്റെ സിദ്ധി അവനെ സ്‌കൂളിൽ പ്രസിദ്ധനാക്കി. നീൽ ആംസ്‌ട്രോങ്ങും സംഘവും ചന്ദ്രനിൽ കാലു കുത്തിയ ദിവസം ഓം ടെറസ്സിൽ തന്റെ കൂട്ടുകാരന്റെ ജന്മദിനം ആഘോഷിക്കുന്നു. അവിടേക്ക് താമസം മാറി വന്ന ജഗദീഷുമായി സ്‌നേഹത്തിലാവുന്നു അവന്റെ മൂത്ത സഹോദരി. ഇപ്പോൾ കൗമാരപ്രായക്കാരനായ ഓം സയൻസിലും അതേ സമയം മാജിക്കിലും മതത്തിലും തത്പരനാണ്.

അർത്ഥവത്തായ ഒരു ആഖ്യാനത്തിലേക്ക് എത്താനുള്ള എല്ലാ സാധ്യതകളെയും സംവിധായകൻ ഇല്ലാതാക്കുന്നു. ഏതെങ്കിലും ഒരു സന്ദർഭത്തിലേക്ക് സിനിമയെ കൊണ്ടെത്തിക്കുക അദ്ദേഹത്തിന്റെ ലക്ഷ്യവുമല്ല. അതുപോലെ ഒരു ആശയത്തെ വികസിപ്പിച്ച് പരിസമാപ്തിയിൽ എത്തിക്കുന്നുമില്ല. പല ആശയങ്ങൾ, പല ശൈലികൾ, പല അടരുകൾ മിത്ത്, യാഥാർത്ഥ്യം, സർറിയലിസം, ഫാന്റസി, അബ്‌സേർഡിസം ഇവയുടെ കുഴമറിയലാകുന്നു സിനിമ. സിനിമ പ്രേക്ഷകരെ പ്രകോപിപ്പിക്കുന്നു, അലോസരപ്പെടുത്തുന്നു, ചിന്താക്കുഴപ്പത്തിലാക്കുന്നു. അർത്ഥശൂന്യമായി തോന്നിപ്പിക്കുന്ന തരത്തിലുള്ള ഷോട്ടുകളുടെ പരമ്പര. അതേ സമയം രാജ്യത്തെ സംബന്ധിക്കുന്ന പല സാമൂഹിക പ്രശ്‌നങ്ങളെ കുറിച്ചുള്ള ഹാസ്യാത്മക സമീപനവും ആകുന്നു സിനിമ. എന്നാൽ ഹാസ്യം സാധാരണ രീതിയിലും അല്ല. ഹാസ്യം സ്വാഭാവികമല്ല. ബലം പ്രയോഗിച്ചുകൊണ്ട് സംവിധായകൻ എല്ലാത്തിനെയും ഹാസ്യാത്മകമാക്കുകയാണ്.


Related Articles