മനുഷ്യരും കഥാപാത്രങ്ങളും

Interview

മനുഷ്യരും കഥാപാത്രങ്ങളും


ചലച്ചിത്രനടൻ മധു ഈ നവംബറിൽ മൂന്നു ദിവസം ഞങ്ങളുടെ ഗ്രാമത്തിൽ ഉണ്ടായിരുന്നു. കാസറഗോഡ് ജില്ലയിലെ മാണിയാട്ട് ഗ്രാമത്തിൽ. കോറസ് കലാസമിതി നടത്തുന്ന എൻ.എൻ. പിള്ള സ്മാരക നാടകോത്സവത്തിന് വന്നതായിരുന്നു അദ്ദേഹം. നാടകം കാണാൻ വന്നുചേർന്ന അയ്യായിരത്തിലേറെ ആളുകളോട് മധു നടത്തിയ ചെറിയ പ്രസംഗം ശ്രദ്ധേയമായി തോന്നി. തന്നെക്കുറിച്ച് ഒരു വാക്യം മാത്രംപറഞ്ഞ് നാടകത്തെക്കുറിച്ച് വൈകാരികമായ പങ്കാളിത്തത്തോടെ, അതേസമയം സൈദ്ധാന്തികമായ ഉറപ്പോടെ സംസാരിക്കുകയാണ് അദ്ദേഹം ചെയ്തത്. ചലച്ചിത്രജീവിതത്തെക്കുറിച്ച് ഒന്നുംതന്നെ പറഞ്ഞതുമില്ല. എന്നിട്ടും സദസ്സിന് നിരാശയുണ്ടായി എന്ന് കരുതുവാനാവില്ല. കാരണം നാടകത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞ കാര്യങ്ങൾ അവഗണിക്കാനാവാത്തവിധം പ്രധാനവും ആത്മാർത്ഥത നിറഞ്ഞതുമായിരുന്നു. ഇതേ വിഷയത്തിൽതന്നെ നേരിൽ സംസാരിക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ അദ്ദേഹം സമ്മതിച്ചു. മൂന്നാം ദിവസത്തെ നാടകം കണ്ടശേഷം രാത്രി പത്തരമണിക്ക് അദ്ദേഹം ഈ അഭിമുഖത്തിനു തയ്യാറായി.

ഇ. പി. രാജഗോപാലൻ: കേരളത്തിലെ മിക്കയാളുകൾക്കും ഗ്രാമീണമായ ജീവിതപശ്ചാത്തലമാണുള്ളത്. പക്ഷേ, താങ്കൾ നഗരത്തിൽ ജനിച്ചുവളർന്നയാളാണ്. പിതാവ് അവിടത്തെ മേയർ ആയിരുന്നു. താങ്കളുടേത് പട്ടണത്തിലെ ബാല്യമാണ്. തിരുവനന്തപുരത്തിന് സജീവമായ ഒരു നാഗരിക നാടകപാരമ്പര്യമുണ്ട്. ചിത്തിരതിരുനാൾ വായനശാല, വി.ജെ.ടി. ഹാൾ, കൊട്ടാരം തുടങ്ങിയ പേരുകളുമായിച്ചേർന്ന് നിർമ്മിതമായ ഒരു കലാചരിത്രം. അത് താങ്കളും പങ്കുവെക്കുന്ന ഒന്നായിരിക്കും. കുട്ടിക്കാലത്തെ നാടകസ്മൃതികൾ എന്തൊക്കെയാണ്?

മധു: കുട്ടിക്കാലത്ത് നാടകങ്ങൾ കണ്ടിരുന്നു. ഞാൻ ഗൗരീശപട്ടക്കാരനാണ്. വീടിനടുത്തുതന്നെ മൂന്നുനാല് വായനശാലകളുണ്ടായിരുന്നു. ബന്ധുക്കളുൾപ്പെടെയുള്ളവർ അവയിൽ അംഗങ്ങളായിരുന്നു. വായനശാലയിൽ വർഷംതോറും നാടകം കളിക്കും. ചിലപ്പോൾ വായനശാലയുടെ മുറ്റത്ത്; അല്ലെങ്കിൽ സ്‌കൂളിൽ. ചിലപ്പോൾ വി.ജെ.ടി. ഹാളിൽ. ഇതെല്ലാം കണ്ടപ്പോഴാണ് എനിക്ക് നാടകത്തോട് താത്പര്യം തോന്നിത്തുടങ്ങിയത്. എൻ.വി. ചെല്ലപ്പൻ നായരുടെയും എൻ. കൃഷ്ണപിള്ളസാറിന്റെയും നാടകങ്ങളാണ് അവതരിപ്പിക്കുക. മറ്റു ചിലപ്പോൾ കൈനിക്കര കുമാരപിള്ളസാറിന്റെയും മാധവൻപിള്ളയുടെയുമൊക്കെ നാടകങ്ങൾ. പ്രഹസനങ്ങളുണ്ടായിരുന്നു--ഗൗരവസ്വഭാവമുള്ളവയും ഉണ്ടായിരുന്നു. രണ്ടും കണ്ടുരസിക്കാൻ കഴിഞ്ഞു. ഈ അനുഭവത്തെ ഞാൻ വിലമതിക്കുന്നുണ്ട്.


Related Articles