വിമതലൈംഗികതയും ഇന്ത്യൻ മനസ്സും

Interview

വിമതലൈംഗികതയും ഇന്ത്യൻ മനസ്സും


പ്രമുഖനായ മിത്തോളജിസ്റ്റും സാഹിത്യകാരനുമായ ദേവ്ദത്ത് പട്‌നായികുമായി ഒരു മുഖാമുഖം.

പ്രിയ കെ. നായർ: വിമതലൈംഗികത കേന്ദ്രപ്രമേയമാക്കിക്കൊണ്ട് താങ്കൾ രചിച്ച അനന്യസുന്ദരമായ ഒരു കൃതിയാണ് 'ശിഖണ്ഡി'. മഹാഭാരതത്തിൽനിന്നും ലോകത്തിലെ മറ്റ് ഇതിഹാസകൃതികളിൽനിന്നും നിരവധി ഉദാഹരണങ്ങളെടുത്താണ് താങ്കൾ ഈ കൃതി രചിച്ചിരിക്കുന്നത്. ഭിന്നവർഗ്ഗലൈംഗികത അഥവാ ഹെട്രോ സെക്ഷ്വാലിറ്റിയിൽ അധിഷ്ഠിതമായ അധികാരഘടനയും ആധിപത്യവും ഹെട്രോഫാസിസത്തോളം ചെന്നെത്തിനിൽക്കുന്ന കാലമാണിത്. ദ്വിലിംഗ വ്യവസ്ഥ മാത്രം നിയമബദ്ധമാണെന്നു കരുതുകയും വിമതലൈംഗികതയെ അവജ്ഞയോടെ പുറത്തുനിർത്തുകയും ചെയ്യുന്ന അവസ്ഥയാണതു രൂപപ്പെടുത്തുന്നത്. നമ്മുടെ പൊതുബോധത്തിന് നേർവിപരീതമായ രീതിയിലാണ് ഇന്ത്യയിലെ ഇതിഹാസപുരാണങ്ങൾ വിമതലൈംഗികതയെ സമീപിക്കുന്നത് എന്നാണു താങ്കൾ വ്യക്തമാക്കിയത്. നാം പൊതുവേ കരുതുന്നതുപോലെ, നമ്മുടെ പുരാണേതിഹാസങ്ങൾ ദ്വിലിംഗവ്യവസ്ഥയെ നിയതമെന്നു കരുതുകയോ വിമതലൈംഗികതയോടു ദുർമുഖം കാട്ടുകയോ ചെയ്യുന്നതല്ലെന്ന് ഉദാഹരണങ്ങളിലൂടെ കാണിച്ചുതന്നു. ഹിജഡരാമായണംപോലുള്ള രാമായണ പാഠഭേദങ്ങൾ ഇവിടെയുണ്ടായിട്ടുണ്ട്.

ദേവദത്ത് പട്‌നായ്ക്: ഇന്ത്യയിലെ ഏതാണ്ടെല്ലാ സമൂഹങ്ങളിലും വ്യത്യസ്തമായ രാമായണപാരമ്പര്യങ്ങളുണ്ട്. ഇവിടെ കേരളത്തിൽ ഒരു മാസം മുഴുവൻ നീണ്ടുനിൽക്കുന്ന രാമായണമാസാചരണമുണ്ടെന്ന് പറഞ്ഞാൽ ഉത്തരേന്ത്യക്കാർക്ക് അതു മനസ്സിലാക്കാനാകില്ല. എന്റെ നാടായ ഒറീസ്സയിൽ വ്യത്യസ്തമായ ഒരു രാമായണപാരമ്പര്യമുണ്ടെന്നു പറഞ്ഞാൽ ദക്ഷിണേന്ത്യക്കാരും വിശ്വസിച്ചു എന്നു വരില്ല. മഹാരാഷ്ട്രയിലും ഗുജറാത്തിലുമൊക്കെ വ്യത്യസ്തമായ രാമായണപാരമ്പര്യമുണ്ട്. ശ്രീരാമനെ മുൻനിർത്തി രാഷ്ട്രീയം പറയുന്ന ഇക്കാലത്ത് രാമബിംബം പുതിയ അർത്ഥങ്ങളിലേക്കു മാറുന്നുണ്ട്. ശ്രീരാമനെക്കുറിച്ചുള്ള എന്റെയീ പുസ്തകത്തിന്റെ കവറിലേക്കു നോക്കൂ. കരുത്തനും യോദ്ധാവുമായ ഒരു രാമനെയാണ് ഇവിടെ ചിത്രീകരിച്ചിരിക്കുന്നത്. സീത ഇതിലെങ്ങുമില്ല. സീതയില്ലാത്ത രാമനെ പരമ്പരാഗത രാമബിംബത്തിൽ നമുക്കു കാണാനാവുകയില്ല. രുഗ്മിണിയോ, രാധയോ ഇല്ലാതെ ശ്രീകൃഷ്ണനെ നാം കണ്ടിട്ടില്ല. പാർവതിയില്ലാത്ത പരമശിവനെയും നാമെങ്ങും കണ്ടിട്ടില്ല. ദ്വിലിംഗമേധാവിത്വത്തിനിടയിൽത്തന്നെ സ്ത്രീയെ പാർശ്വവൽക്കരിച്ചുകൊണ്ടുള്ള പുരുഷാധിപത്യബിംബങ്ങൾക്കും വ്യവഹാരങ്ങൾക്കും ആവശ്യത്തിലേറെ പ്രാധാന്യം ലഭിക്കുന്നതാണ് പുതിയ കാലത്തു കാണുന്നത്. വ്യത്യസ്ത രാമായണങ്ങൾക്കിടയിൽ ഹിജഡകൾ വാമൊഴിയായി നിലനിർത്തുന്ന ഒരു ഹിജഡ രാമായണവുമുണ്ട്. അവർ അതു നൂറ്റാണ്ടുകളായി നിലനിർത്തിപ്പോരുന്നതാണ്. പലരിൽനിന്നും അതു ഞാൻ കേട്ടിട്ടുമുണ്ട്. അവർ അവരുടേതായ രീതിയിൽ പറയുന്ന കഥയാണത്. വാമൊഴിപാരമ്പര്യത്തിൽ മാത്രമേയുള്ളൂ എന്നതാണ് അതിന്റെ പരിമിതി.


Related Articles