തോൽവിയും ഒരു അഭിമാനമാണ്

Interview

തോൽവിയും ഒരു അഭിമാനമാണ്


സി.പി.ഐ(എം) പൊളിറ്റ് ബ്യൂറോ അംഗവും മുൻ വിദ്യാഭ്യാസമന്ത്രിയും ഇപ്പോൾ എം.എൽ.എ.യുമായ എം.എ.ബേബിക്ക് ഇക്കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിൽ കൊല്ലം മണ്ഡലത്തിൽ നേരിടേണ്ടിവന്ന പരാജയം പല കാരണങ്ങൾകൊണ്ടും രാഷ്ട്രീയ കേരളത്തിന്റെ ശ്രദ്ധയാകർഷിച്ചു. തോൽവിക്കുശേഷം, കൊല്ലം മണ്ഡലത്തിൽ ഉൾപ്പെട്ട കുണ്ടറയിലെ എം.എൽ.എ സ്ഥാനം രാജിവെക്കാൻ അദ്ദേഹം പാർട്ടിയുടെ അനുമതി തേടിയെന്ന വാർത്ത പിന്നാലെയെത്തി. കേരളത്തിലെ സി.പി.എമ്മിൽ ധാർമ്മികതയുടെ പ്രതീകമായി ഉയർന്ന നേതാവായി അദ്ദേഹം ചിത്രീകരിക്കപ്പെട്ടു. ബേബിയുമായി എ.കെ.ജി സെന്ററിൽ വെച്ച് നടത്തിയ സംഭാഷണം.

രവിചന്ദ്രൻ സി.: താങ്കളുടെ കരിയർഗ്രാഫ് കൗതുകകരമാണ്. 1977ൽ 23 വയസ്സുകാരനായി സി.പി.എം. കൊല്ലം ജില്ലാക്കമ്മറ്റിയിൽ. 1984 ൽ സംസ്ഥാന സമിതി. 1989 ൽ കേന്ദ്രകമ്മറ്റിയിലെത്തി. 23 വർഷത്തിനുശേഷം പൊളിറ്റ് ബ്യൂറോയിലേക്ക്. താങ്കൾ വി.എസ് അച്യുതാനന്ദന് ഏറെ പ്രിയങ്കരനായിരുന്നുവെന്ന് കേട്ടിട്ടുണ്ട്. ഒരു കമ്മ്യൂണിസ്റ്റുകാരനെ സംബന്ധിച്ചിടത്തോളം ബ്രാഞ്ചുതലം മുതൽ പി.ബി വരെയുള്ള പ്രവർത്തനത്തിന് സമാനമായ അർത്ഥവും പ്രാധാന്യവുമാണുള്ളതെന്ന് പറഞ്ഞേക്കാം. എങ്കിലും, സംഘടനാതലത്തിൽ പെട്ടെന്ന് തളിർത്തെങ്കിലും പൂക്കാൻ ഏറെക്കാലം വേണ്ടിവന്നുവെന്നു തോന്നുന്നു.

എം.എ.ബേബി : ഉത്തരം ചോദ്യത്തിലുണ്ട്. എന്നെക്കാൾ മുമ്പ് പാർട്ടിക്കുവേണ്ടി സേവനം അനുഷ്ഠിച്ച സീനിയറായ പലർക്കും അത്തരം സ്ഥാനങ്ങൾ കിട്ടിയിട്ടില്ലല്ലോ എന്നതോർക്കുമ്പോൾ കാലതാമസത്തെ കുറിച്ചൊന്നും പറയുന്നതിൽ കാര്യമില്ല. വി.എസ് എന്നോട് സ്‌നേഹവാൽസല്യങ്ങൾ കാണിച്ചുവെന്ന് പറഞ്ഞത് ശരിയാണ്. പക്ഷേ, വി.എസിന് മുമ്പു തന്നെ അന്നത്തെ കൊല്ലം ജില്ലാ സെക്രട്ടറിയായിരുന്ന എൻ. ശ്രീധരൻ കാട്ടിയ സ്‌നേഹവാൽസല്യങ്ങൾ എടുത്തുപറയേണ്ടതുണ്ട്. എൻ.എസിന് അപകടമരണം സംഭവിച്ച യാത്രയിൽ ഞാൻ കൂടെ ഉണ്ടാകേണ്ടതായിരുന്നു. പത്തനംതിട്ടയിലേക്ക് പോകുന്ന വഴിയിൽ അദ്ദേഹത്തിനൊപ്പമായിരുന്നു യാത്ര. തിരിച്ചുവരുമ്പോൾ എന്തുകൊണ്ടോ ഞങ്ങൾ രണ്ടു വാഹനങ്ങളിലായിപ്പോയി. ആ സീറ്റിൽ ഒരുപക്ഷേ, ഞാനുണ്ടാകേണ്ടതായിരുന്നു! വിദ്യാർത്ഥി സംഘടനാപ്രവർത്തന ഘട്ടത്തിൽ ഉയർന്ന ഉത്തരവാദിത്വങ്ങൾ നൽകാൻ മുൻകൈ എടുത്തത് എൻ.എസ് ആണെന്ന് എനിക്ക് വ്യക്തമായിട്ടറിയാം. അക്കാലത്ത് കൊല്ലത്ത് വന്ന ഇം.എം.എസിന്റെ ശ്രദ്ധയിൽ എന്നെപ്പോലുള്ള വിദ്യാർത്ഥി പ്രവർത്തകരെ കൊണ്ടുവന്നതും അദ്ദേഹമാണ്. അതിന് ശേഷം താങ്കൾ സൂചിപ്പിച്ചതുപോലെ വി.എസ്, ഇ.എം.എസ്, നായനാർ തുടങ്ങി ഒട്ടനവധി മുതിർന്ന നേതാക്കളുടെ സ്‌നേഹവാൽസല്യങ്ങൾ അനുഭവിക്കാൻ സാധിച്ചു. അടുത്തിടെ, ആലപ്പുഴവെച്ച് പി.കെ.ചന്ദ്രാനന്ദന്റെ മരണാനന്തര ചടങ്ങിൽ വെച്ച് കെ.ആർ.ഗൗരിയമ്മയെ കണ്ടു. ദൽഹിയിൽ പാർട്ടി ക്വാർട്ടേഴ്‌സിൽ താമസിക്കവെ ഗൗരിയമ്മ അവിടെ വന്ന് എന്റെ മകൻ അപ്പുവിനെ എടുത്ത് ലാളിക്കുന്ന ഒരു ചിത്രം അടുത്തിടെ പുസ്തകങ്ങൾ അടുക്കിവെക്കുമ്പോൾ കിട്ടിയതോർക്കുന്നു....ശരിയാണ്, പാർട്ടിനേതൃത്വത്തിന്റെ സ്‌നേഹവും പരിഗണനയും ഏറെ ലഭിച്ച വ്യക്തിയാണ് ഞാൻ; മറ്റനവധി യുവ പ്രവർത്തകർക്കും സമാനമായ പരിഗണന കിട്ടിയിട്ടുണ്ട്.


Related Articles