ചെങ്ങറ ഇപ്പോൾ റബ്ബർമരങ്ങൾ മാത്രം നിറഞ്ഞ ഒരു ഭൂപ്രദേശമല്ല. കേരളത്തിന്റെ വിവിധ ദേശങ്ങളിൽനിന്നുമെത്തിയവർ വീട് നിർമ്മിച്ച് ഇവിടെ താമസിക്കുന്നു. ആറ് വർഷം മുമ്പ് ഇവിടെ കുടിൽകെട്ടിയവരിൽ 700-ഓളം കുടുംബങ്ങൾ ഇപ്പോഴുമിവിടെയുണ്ട്. അന്ന് കണ്ടതിൽനിന്ന് ഒരുപാട് മാറിയിരിക്കുന്നു ചെങ്ങറ. 2007-ൽ കുടിൽകെട്ടി സമരമാരംഭിക്കുമ്പോൾ അടുത്തു താമസിച്ചിരുന്നവർ ഇപ്പോൾ 50 സെന്റിൽ ഒരു വീട് എന്ന നിലയിലേക്കുയർന്നു. ബാക്കി സ്ഥലത്തെല്ലാം കപ്പയും വാഴയും പച്ചക്കറികളും കൃഷിചെയ്യുന്നു. ഇവിടെ കുറെ മനുഷ്യർ സമാന്തരമായി ജീവിക്കുന്നു. തങ്ങൾ പിടിച്ചെടുത്ത അഞ്ഞൂറ് ഏക്കറിന്റെ അതിർത്തിയായി കല്ലുകൊണ്ട് ഏഴടിയോളം ഉയരത്തിൽ മതിലുയർത്തുകയാണ് ഇവിടെ താമസിക്കുന്നവർ.
ദലിതരും ആദിവാസികളുമടക്കം ഭൂരഹിതരായ എല്ലാ വിഭാഗം മനുഷ്യരും ചെങ്ങറയുടെ പ്രത്യേകതയാണ്. ഹാരിസൺ കമ്പനി നട്ടുവളർത്തിയ മരങ്ങളെല്ലാം വെട്ടിയാണ് ഇവിടത്തുകാർ കൃഷിസ്ഥലം ഒരുക്കുന്നത്. ചെങ്ങറ സമരഭൂമി ഇപ്പോൾ നിർഭയജീവിതത്തിന്റെ തുരുത്താണ്. നിലവിൽ പുറത്തുനിന്നുള്ളവരുടെഉപരോധമില്ല, ആക്രമണഭീഷണിയില്ല. കേരളത്തിൽ ഒരിടത്തും കാണാത്ത ഐക്യബോധമാണ് ചെങ്ങറയുടെ മനുഷ്യർക്ക്. അത് അവരുടെ അതിജീവനത്തിന്റെയും ഉപജീവനത്തിന്റെയും പ്രശ്‌നമാണ്. പ്രധാന കവാടത്തിനരികെ ഒരു ബോർഡുണ്ട്-മദ്യനിരോധന മേഖല. ഇത് വെറുമൊരു ബോർഡു മാത്രമല്ല. പ്രായോഗികതയുടെ അടയാളവുമാണ്. ചെങ്ങറയുടെ മനുഷ്യർ പരസ്പരം തിരിച്ചറിയുന്നവരാണ്. പുറത്തുനിന്ന് ആരെങ്കിലും വന്നാൽ അവർ പെട്ടെന്ന് മനസ്സിലാക്കും. പ്രധാന ഗേറ്റിൽ തടയും. കാര്യങ്ങൾ കൃത്യമായി ചോദിച്ചശേഷമേ കടത്തിവിടൂ. സമരഭൂമിയിൽ പിറന്ന സമരജ ദ്രാവിഡ് ഇപ്പോൾ പ്രൈമറി സ്‌കൂൾ വിദ്യാർത്ഥിനിയാണ്.
ചെങ്ങറ ഭൂസമരത്തിന് ആറ് വയസ്സു തികയുമ്പോൾ സമരനായകൻ ളാഹ ഗോപാലനെതിരെ നിരവധി ആരോപണങ്ങളാണ് ഉയരുന്നത്. സമരത്തിൽ പങ്കെടുക്കാനെത്തിയവരും ളാഹയോടൊപ്പം സമരഭൂമിയിൽ ദീർഘദൂരം സഞ്ചരിച്ചവരും അദ്ദേഹത്തെ വിമർശനങ്ങൾകൊണ്ട് നിരന്തരം ആക്രമിക്കുന്നു. വിമർശനത്തിന്റെയും വിലയിരുത്തലുകളുടെയും ഇടങ്ങൾ വികസിക്കുമ്പോഴും ചെങ്ങറ ഉയർത്തിയ ഭൂമിയുടെ പ്രശ്‌നം ആർക്കും തള്ളാൻ പറ്റിയില്ല. ആരോപണങ്ങളും ആക്ഷേപങ്ങളുമായി കൂടെയുള്ള പലരും വിട്ടുപോയപ്പോഴും സമരഭൂമിയിൽ ഉറച്ചുനിന്നു ളാഹ ഗോപാലൻ. തനിക്കെതിരായ ആരോപണങ്ങൾക്കും ആക്ഷേപങ്ങൾക്കും മറുപടി പറയുകയാണ് അദ്ദേഹം.
