മലയാള കവിതയിൽ ഭാവുകത്വത്തിന്റെയും സർഗാത്മകതയുടെയും തലങ്ങൾ മാറ്റി എഴുതിയ കവികളാണ് സച്ചിദാനന്ദനും ബാലചന്ദ്രൻ ചുള്ളിക്കാടും. കവിതയുടെ രാഷ്ട്രീയ, ലാവണ്യ നിലപാടുകളിൽ സമാന ആശയങ്ങളാണ് ഇരുവരും പങ്കുവയ്ക്കുന്നത്. മലയാള കവിതയ്ക്ക് വന്ന രൂപ, ഭാവ പരിണാമങ്ങളെയും കവിത നീതിക്കുവേണ്ടി ശബ്ദിച്ച കാലങ്ങളെയും കുറിച്ചാണ് ഇരുവരും സംസാരിക്കുന്നത്. കോഴിക്കോട് നടന്ന കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽനിന്നുള്ളതാണ് ഈ സംഭാഷണം.
ബാലചന്ദ്രൻ ചുള്ളിക്കാട്: പതിനൊന്ന് വർഷം മുമ്പ് മാഷ്ക്ക് (സച്ചിദാനന്ദന്) 60 വയസ്സായപ്പോൾ ഞാൻ 'ചുവന്ന പുഴ' എന്ന കവിതയെഴുതിയിരുന്നു. അതിൽ ഒരു പുരാണ പരാമർശമുണ്ട്. അത് ആദ്യം പറയാം. കുട്ടിക്കാലത്ത് കേട്ട കഥയാണ്. വില്ല്വമംഗലം സ്വാമിയെക്കുറിച്ചുള്ളതാണ് അത്. അദ്ദേഹത്തിന് ഒരു അവിഹിത ബന്ധമുണ്ടായിരുന്നു. രാത്രി ഒരു പെരുമഴയത്ത് അദ്ദേഹം സ്ത്രീയുടെ അടുത്തേക്ക് പുഴ കടന്നുപോയി. രാത്രി വൈകിയതിനാൽ തോണി ഉണ്ടായിരുന്നില്ല. മരത്തടി പിടിച്ച് അക്കരെ കടന്നു. പടിപ്പുര അടച്ചിരുന്നു. മരത്തിൽ തൂങ്ങിക്കിടന്ന വള്ളിയിൽ പിടിച്ച് കയറിയൊക്കെയാണ് അദ്ദേഹം സ്ത്രീയുടെ അടുത്ത് എത്തിയത്. ആ സ്ത്രീ ചോദിച്ചു: 'അങ്ങ് എങ്ങനെയാണ് ഇവിടേക്ക് എത്തിയത്?' വിളക്കെടുപ്പിച്ച് ആ സ്ത്രീ കൊണ്ടുപോയി അയാളെ കാണിച്ചുകൊടുത്തു. ആ മരത്തടി അദ്ദേഹത്തിന്റെ ഭാര്യയുടെ ശവമായിരുന്നു. തൂങ്ങിക്കിടന്ന വള്ളി ഒരു പാമ്പായിരുന്നു. അതോടെ അദ്ദേഹത്തിന് യാഥാർത്ഥ്യബോധമുണ്ടാകുകയും സന്ന്യസിക്കുകയും ചെയ്തുവെന്നാണ് കഥ. ഞാനാ കഥയിലെ ഒരു ഇമേജ് ചുവന്ന പുഴ എന്ന കവിതയിൽ ഉപയോഗിച്ചിട്ടുണ്ട്. ആ കഥയിലെ അർത്ഥത്തിലല്ല. കവിത വായിക്കാം.
''ആദ്യം ജനിച്ചത് നീയാണ്.
പതിറ്റാണ്ടിനുശേഷം ഞാനും.
നമുക്കിടയിൽ ഒരു
പുഴയുണ്ടായിരുന്നു.
പാതിരാവിൽ
പെരുമഴയത്ത്
ഒഴുകിവന്ന മരത്തടിയിൽ
പിടിച്ച് നീന്തി
ഞാൻ അക്കരെയെത്തി.
നീ എനിക്ക്
അന്നവും കമ്പിളിയും തന്നു.
പിറ്റേന്നുണർന്നപ്പോൾ
മഴ ശമിച്ചിരുന്നു.
നീ എന്നെ പുഴക്കരയിലേക്ക്
കൂട്ടിക്കൊണ്ടുപോയി.
ആ മരത്തടി എനിക്ക്
കാണിച്ചു തന്നു.
ദുരധികാരം ചതച്ചുകൊന്ന
ഒരു തരുണന്റെ
ശവമായിരുന്നു അത്.''
സച്ചിദാനന്ദൻ: നന്ദി പറഞ്ഞുകൊണ്ട്, കവിതയോട് പ്രതികരിച്ച് ഞാൻ ചില വരികൾ എഴുതിയിരുന്നു. നന്ദി ബാലചന്ദ്രന്.
''നന്ദി, ഞാനറിഞ്ഞീലാ
ശവമായിരുന്നുവോ നമ്മളെ
പ്രളയത്തിൽ കരയേറ്റിയ
തോണി
എത്രയോ തരുണന്മാരെത്ര
പോർക്കളങ്ങളിൽ
രക്തവസ്ത്രരായീ വീണു
നമ്മുടെ മാനം കാക്കാൻ.
നാം എന്നും അടിമകൾ
നാം ഇന്നും അടിമകൾ
പച്ചവെള്ളവും മണ്ണും
നാണവും വിറ്റ്
ഉപജീവനം നേടുന്നവർ.
പോകാം,
നർമ്മദാതീരത്താകട്ടെ മോക്ഷം.
മുങ്ങിത്താഴും ഗോത്രങ്ങൾ
സൂര്യനായി ഉയരുവാൻ.''
