പ്രതാപ് കെ. പോത്തൻ (59) സിനിമാക്കാരനായിട്ട് 36 കൊല്ലമായി. എൺപതുകളുടെ ആരംഭത്തിൽ കിളിർത്ത 'തകര' ഇനിയും വാടിയിട്ടില്ല. തികച്ചും ആകസ്മികമായാണ് അദ്ദേഹത്തെ കണ്ടുമുട്ടിയത്. പ്രതാപ് പോത്തനെ കാണുമ്പോൾ തന്റെ നൂറാമത്തെ ചിത്രത്തിൽ അഭിനയിച്ച ഹരത്തിലായിരുന്നു അദ്ദേഹം. ശ്രദ്ധേയങ്ങളായ മൂന്ന് മലയാള ചിത്രങ്ങൾ (ഋതുഭേദം, ഡെയ്‌സി, ഒരു യാത്രാമൊഴി) ഉൾപ്പെടെ 14 ചിത്രങ്ങൾ സംവിധാനം ചെയ്ത ഈ പ്രതിഭയെ മികച്ച നവാഗത സംവിധായകനുള്ള ഇന്ദിരാഗാന്ധി പുരസ്‌ക്കാരം നൽകി രാഷ്ട്രം ആദരിച്ചിട്ടുണ്ട്. 1980 ൽ മാത്രം 12 മലയാള ചിത്രങ്ങളിൽ അഭിനയിച്ച ഈ നടൻ, ഭരതൻ-പത്മരാജൻ ടീമിന്റെ കണ്ടെത്തലായി വിശേഷിപ്പിക്കപ്പെടാറുണ്ട്. രൂപത്തിലും പ്രായത്തിലും പ്രായത്തെ വെല്ലുന്ന ഈ കലാകാരൻ മിക്ക വിഷയങ്ങളിലും സ്വന്തം നിലപാടുകൾ പരസ്യപ്പെടുത്താൻ മടിക്കുന്നില്ല:
രവിചന്ദ്രൻ സി: പ്രതാപ് പോത്തൻ എന്ന നടന്റെ വരവ് അറിയിച്ച 'തകര'പുറത്തിറങ്ങുന്നത് 1980 ലാണ്. 1980ൽ മാത്രം 12 മലയാള ചിത്രങ്ങൾ. ഒരുപക്ഷെ അക്കാലത്ത് മലയാളത്തിലെ ഏറ്റവും തിരിക്കുള്ള നടൻമാരിൽ ഒരാളായിരുന്നു താങ്കൾ...?
പ്രതാപ് പോത്തൻ: അങ്ങനെ പറയാനാവില്ലെങ്കിലും അക്കാലത്ത് ധാരാളം പടങ്ങൾ ചെയ്തു. പിന്നെ തമിഴിലേക്കും തെലുങ്കിലേക്കും വഴി മാറിപ്പോയി.
