കണ്ണൂര്‍ ജില്ലയിലെ ഇരിട്ടിക്കടുത്ത ഗ്രാമത്തിലെ റബ്ബര്‍ ടാപ്പിങ് തൊഴിലാളികളുടെ കുടുംബത്തില്‍ നിന്നുള്ള ഒരു കലാകാരനും ക്യൂറേറ്ററുമാണ് സാജന്‍ മണി. ബെര്‍ലിനിലെ പ്രശസ്തമായ വൈസെന്‍സി ആര്‍ട്ട് സ്‌കൂളില്‍ നിന്ന് മാസ്റ്റേഴ്‌സ് ബിരുദവും കണ്ണൂര്‍, മൈസൂര്‍ യൂണിവേഴ്‌സിറ്റികളില്‍ നിന്നും ഇംഗ്ലിഷ് സാഹിത്യത്തിലും കലയിലും ബിരുദങ്ങളും നേടിയ സാജന്‍ മണി 2021-ല്‍ ബെര്‍ലിന്‍ ആര്‍ട്ട് പ്രൈസ് ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരനാണ്. ഇന്ത്യയിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട, അടിച്ചമര്‍ത്തപ്പെട്ട ജനങ്ങളുടെ ശബ്ദങ്ങള്‍ക്ക് കാതോര്‍ക്കുന്നവയാണ് സാജന്റെ കലാപ്രവര്‍ത്തനങ്ങള്‍. ശരീരം, സമയം, ഇടം തുടങ്ങിയ സങ്കല്പങ്ങളെ പരീക്ഷണാത്മകമായ കലാമാധ്യമങ്ങള്‍ ആയി ഉപയോഗിക്കുന്ന സാജന്‍ നിരവധി അന്താരാഷ്ട്ര ബിനാലെകള്‍, ഫെസ്റ്റിവലുകള്‍, എക്‌സിബിഷനുകള്‍, റെസിഡന്‍സികള്‍ എന്നിവയില്‍ പങ്കെടുത്തിട്ടുണ്ട്. 2022-ല്‍ നെതര്‍ലാന്‍ഡ് സര്‍ക്കാരിന്റെ പ്രശസ്തമായ 'പ്രിന്‍സ് ക്ലൗസ് ഫോണ്ട് മെന്റര്‍ഷിപ്പ്'അവാര്‍ഡ്, ഹലോ ഇന്ത്യയില്‍ നിന്നും 'ബ്രേക്ക്ത്രൂ ആര്‍ട്ടിസ്റ്റ് ഓഫ് ദി ഇയറും' നേടി. 2019 മുതല്‍ 2022 വരെയുള്ള കാലയളവില്‍, ബെര്‍ലിന്‍ നിയമനിർമാണസമിതിയുടെ കലാപരമായ ഗവേഷണ ഗ്രാന്റ്, ബ്രൗണ്‍ഷ്വീഗ് പ്രോജക്ടുകളില്‍നിന്നുള്ള ഫൈന്‍ ആര്‍ട്‌സ് സ്‌കോളര്‍ഷിപ്പ്, ജര്‍മ്മനിയിലെ അക്കാദമി ഷ്‌ലോസ് സോളിറ്റിയൂഡ് ഫെലോഷിപ്പ് എന്നിവ ലഭിച്ചു. ബെര്‍ലിന്‍ കേന്ദമാക്കി കലാപ്രവര്‍ത്തനം നടത്തുന്ന സാജന്‍ വിവിധ യൂറോപ്പ്യന്‍ മ്യൂസിയങ്ങളിലും സര്‍വ്വകലാശാലകളിലും കേരളത്തിന്റെ ആര്‍ക്കൈവുകൾ അനേഷിച്ചു കണ്ടെത്തി അവയെ തന്റെ കലാപ്രവര്‍ത്തങ്ങളില്‍ ഉപയോഗിച്ച് വരുന്നു.
