'ആടുജീവിതം' എന്ന കൃതിയിലൂടെയാണ് ബെന്യാമിൻ ജനകീയ എഴുത്തുകാരനാവുന്നത്. ആടുജീവിതം ജനങ്ങൾ നെഞ്ചോട് ചേർത്തുവെച്ചു. കാരണം അതിലെ നജീബും ഇബ്രാഹിം ഖാദിരിയുമൊക്കെ നമ്മൾ ഓരോരുത്തരുമായിരുന്നു. 'അനുതാപം' എന്ന തരംഗമാണ് അവിടെ വായനക്കാരെ സ്പർശിച്ചുപോയത്. ബെന്യാമിൻ എന്ന എഴുത്തുകാരൻ രൂപപ്പെട്ടത് ക്രിസ്ത്യൻ യാക്കോബായ ഓർത്തഡോക്‌സ് സമുദായത്തിന്റെ അന്തരീക്ഷത്തിലായിരുന്നു. സ്വാഭാവികമായും അതിന്റെ അനുരണനങ്ങൾ അദ്ദേഹം കൃതികളിൽ പതിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ''അക്കപോരിന്റെ ഇരുപത് നസ്രാണി വർഷങ്ങളും'', ''മാന്തളിരിലെ ഇരുപത് കമ്മ്യൂണിസ്റ്റ് വർഷങ്ങളുമൊക്കെ'' അതിന്റെ ഉദാഹരണങ്ങളാണ്. സമകാലീന സമൂഹത്തിൽ ക്രിസ്ത്യൻ സഭകൾക്കുള്ളിൽ പ്രശ്‌നവത്കരിക്കപ്പെടുന്ന വിവിധങ്ങളായ വിഷയങ്ങളെ കൃതികളിലൂടെ വായനക്കാരിലെത്തിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു.
സമകാലീനസംഭവങ്ങളുടെ പശ്ചാത്തലത്തിൽ ബെന്യാമിൻ ക്രിസ്ത്യൻസമൂഹത്തിന്റെ ഉള്ളിലുള്ള സഭകളുടെയും പൗരോഹിത്വത്തിന്റെയും ഹിപ്പോക്രസിയെ നിരന്തരമായി ചോദ്യം ചെയ്യുന്നു.അതുപോലെതന്നെ കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനെയും വിമർശിക്കുന്നു. നോവലിൽ ആക്ഷേപഹാസ്യത്തിന്റെ ചുവയിലാണെങ്കിലും ഇവിടെ രാഷ്ട്രീയമായ ശരിയുടെ പരിസരത്തുനിന്നുമാണ് എന്നുള്ള വ്യത്യാസം മാത്രം. ഫാസിസ്റ്റുഭരണത്തിന്റെ പ്രത്യാഘാതങ്ങളെ കുറിച്ച് ഭയപ്പെടുമ്പോഴും ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ ഭാഗമായി എഴുത്തുകാരൻ ഭീരുവാകുന്നതിനെകുറിച്ചും പ്രസിദ്ധീകരണ സ്ഥാപനങ്ങളുടെ മാധ്യമധർമ്മങ്ങളിൽ വന്ന വ്യതിയാനത്തെകുറിച്ചും ബെന്യാമിൻ നിലപാട് വ്യക്തമാക്കുന്നു.
ശ്രീകല മുല്ലശ്ശേരി: 'അക്കപ്പോരിന്റെ ഇരുപത് വർഷങ്ങൾ' എന്ന കൃതിയിലെ ഇരുപത്തഞ്ചാം അധ്യായത്തിൽ പ്രളയം ബാധിച്ച മാന്തളിർ പ്രദേശത്തെക്കുറിച്ച് പറയുന്നുണ്ട്. അതേ ഒരനുഭവം ഈ അടുത്തകാലത്ത് സ്വജീവിതത്തിൽ അനുഭവപ്പെട്ടപ്പോൾ എന്തു തോന്നി?
