'ത്രീ ഹൺഡ്രഡ് രാമായണാസ്: ഫൈവ് എക്‌സാംപിൾസ് ആന്റ് ത്രീ തോട്‌സ് ഓൺ ട്രാൻസ്‌ലേഷൻസ്' എന്ന ഉപന്യാസത്തിൽ എ.കെ. രാമാനുജൻ ഒരു നാടോടിക്കഥ ഉദ്ധരിക്കുന്നുണ്ട്. രാമന്റെ നഷ്ടപ്പെട്ട മോതിരം കണ്ടെത്താനായി പാതാളത്തിലെത്തിയ ഹനുമാനെക്കുറിച്ചാണ് കഥ. പാതാളാധിപനും പ്രേതാത്മാക്കളുടെ രാജാവും ചേർന്ന് ഒരു താലത്തിൽ അനേകം മോതിരങ്ങൾ ഹനുമാനു മുമ്പിൽവെക്കുന്നു. അവയെല്ലാം രാമന്റേതായിരുന്നു. ഹനുമാൻ ആകെ കുഴങ്ങി. അപ്പോൾ പ്രേതാത്മാക്കളുടെ രാജാവ് ഇങ്ങനെ പറഞ്ഞു: ''എത്ര രാമന്മാരുണ്ടോ അത്രയും മോതിരങ്ങളും ഇതിലുണ്ട്. രാമന്റെ ഒരവതാരം പൂർത്തിയാകുമ്പോൾ അദ്ദേഹത്തിന്റെ മോതിരം ഊരിപ്പോകും. ഞാനവയെല്ലാം ശേഖരിച്ചു സൂക്ഷിക്കുകയായിരുന്നു. തന്റെ രാമന്റെ മോതിരം തിരഞ്ഞെടുത്തുകൊള്ളാൻ ഹനുമാനോട് പ്രേതാത്മാവ് ആവശ്യപ്പെട്ടു. ഒപ്പം, ലവകുശന്മാരെ രാജ്യഭാരമേൽപ്പിച്ച് ഹനുമാന്റെ രാമൻ സരയൂവിൽ പ്രവേശിച്ചു കഴിഞ്ഞു എന്നും അറിയിച്ചു.''
രാമന്റെ അനേകം മോതിരങ്ങൾ എന്നപോലെ, അനേകം രാമായണങ്ങളും അവ അവതരിപ്പിക്കുന്ന ഭിന്നപാഠരൂപങ്ങളിലുള്ള രാമന്മാരുമുണ്ട്. വരമൊഴിയിലെന്നപോലെ വാമൊഴിയിലും രാമായണങ്ങൾ അനവധിയാണ്. ഫാദർ കാമിൽ ബുൽക്കെ, 'രാമകഥ: ഉത്ഭവവും വളർച്ചയും' എന്ന പ്രഖ്യാതകൃതിയിൽ മുന്നൂറ് രാമായണങ്ങളെക്കുറിച്ച് പറയുന്നുണ്ട്. ശ്രീരാമദാസ ഗൗഡർ തന്റെ 'ഹിന്ദുത്വം' എന്ന ഗ്രന്ഥത്തിൽ മഹർഷിമാർ രചിച്ച 19 രാമായണങ്ങളിലെ കഥാവസ്തുവിന്റെ സംക്ഷേപം കൊടുത്തിട്ടുണ്ട്. വാമൊഴിയിലാകട്ടെ, എണ്ണിത്തിട്ടപ്പെടുത്തുവാനാകാത്ത വിധം വിപുലമാണ് രാമായണ പാഠരൂപങ്ങൾ.
കഴിഞ്ഞ രണ്ടര സഹസ്രാബ്ദത്തിനിടയിൽ നിരന്തരം വളർന്നു വികസിച്ച വടവൃക്ഷമാണ് രാമായണസാഹിത്യം. അതിന് ആഴമാർന്ന വേരുകളും ശാഖോപശാഖകളുമുണ്ട്. അതിന്റെ വേരുകൾ ഭാരതീയമാണെങ്കിലും ശാഖകൾ ഏഷ്യൻ രാജ്യങ്ങളിലേക്കാകെ വളർന്നു പന്തലിക്കുകയും അവിടങ്ങളിലെ സംസ്‌കൃതികളെ കരുപ്പിടിപ്പിക്കുന്നതിൽ നിർണ്ണായക സ്ഥാനം ആർജ്ജിക്കുകയും ചെയ്തിട്ടുണ്ട്. ഭാരതത്തിലെയും സമീപരാജ്യങ്ങളിലെയും വാമൊഴി, വരമൊഴി സാഹിത്യരൂപങ്ങളെ ഇത്രമേൽ അഗാധമായി സ്വാധീനിച്ച മറ്റൊരു ഇതിവൃത്തമില്ലെന്ന് നിസ്സംശയം പറയാം.
