ബിജുകുമാർ ദാമോദരൻ എന്ന ഡോ.ബിജുവിന്റെ ചലച്ചിത്രവഴികൾ മലയാള ചലച്ചിത്രലോകത്തിന്റെ നടപ്പുശീലങ്ങളിൽ നിന്നും വ്യത്യസ്തമാണ്. മുസ്ലീം തീവ്രവാദത്തിന്റെ ഫലങ്ങൾ വേട്ടയാടുന്ന കാശ്മീരി മുസ്ലീമിന്റെ ജീവിതം വരച്ച 'സൈറ' എന്ന ചിത്രത്തിലൂടെ മലയാള ചലച്ചിത്ര രംഗത്തെത്തിയ ഡോ.ബിജു തന്റെ രണ്ടാമത്തെ ചിത്രമായ 'രാമനി'ൽ സാമ്രാജ്യത്വ അധിനിവേശങ്ങളുടെ ഗൂഢരാഷ്ട്രീയങ്ങളെ ആവിഷ്‌ക്കരിക്കുന്നു. തീവ്രവാദികളും മനുഷ്യരാണ്, അവരെ പരിവർത്തനം ചെയ്യാൻ കഴിയുമെന്ന് പ്രത്യാശ പ്രകടിപ്പിക്കുന്ന 'വീട്ടിലേക്കുള്ള വഴി'; വ്യത്യസ്തമായ ജീവിതാനുഭവങ്ങൾ ഉള്ള വ്യക്തികളുടെ ജീവിതത്തിലൂടെ സഞ്ചരിക്കുവാൻ നിർബന്ധിതനായ ഒരു യുവാവിന്റെ മാനസിക പരിവർത്തനത്തെ അടയാളപ്പെടുത്തുന്ന 'ആകാശത്തിന്റെ നിറം'; താഴേത്തട്ടിലുള്ള സാധാരണക്കാരുടെ ജീവിതത്തെ അവതരിപ്പിക്കുന്ന 'പേരറിയാത്തവർ' തുടങ്ങിയ ചിത്രങ്ങൾ ഡോ. ബിജുവിന്റെ ആവിഷ്‌കാരമികവ് തെളിയിക്കുന്നു. മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള ദേശീയ അവാർഡ് മലയാളത്തിനു സമ്മാനിച്ച പേരറിയാത്തവരിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം സുരാജ് വെഞ്ഞാറമൂട് നേടുകയുണ്ടായി. ഡോ. ബിജു തന്റെ ആറാമത്തെ ചിത്രമായ 'വലിയ ചിറകുള്ള പക്ഷികളുടെ' നിർമ്മാണ പ്രവർത്തനങ്ങളിലാണിപ്പോൾ. എൻഡോസൾഫാൻ ദുരിത ബാധിതരുടെ ജീവിതമാണ് ഈ ചിത്രത്തിന്റെ പ്രമേയം. ചലച്ചിത്രമേഖലയിലെ വിവിധ വിഷയങ്ങളിൽ തനിക്കുള്ള നിലപാടുകൾ അദ്ദേഹം വ്യക്തമാക്കുന്നു.
ഡോ. ബിജുവും മലയാള ചലച്ചിത്രങ്ങളും
ആദ്യ ചിത്രമായ സൈറയ്ക്കു മുമ്പ് ചില ഡോക്കുമെന്ററികൾ ചെയ്തിരുന്നല്ലോ? അവയിലെ പ്രതിപാദ്യവിഷയങ്ങൾ എന്തൊക്കെയായിരുന്നു. ഡോക്കുമെന്ററികളുടെ നിർവ്വഹണം എത്തരത്തിലാണ് ചലച്ചിത്ര സംവിധായകനെ രൂപപ്പെടുത്തിയത്?
