‘‘ഞാൻ ഉദ്യോഗം രാജിവച്ച് ബർമ്മയിൽ പോകുവാൻ നിശ്ചയിച്ചു. ബർമ്മായിൽ എന്റെ ഒരു സ്നേഹിതൻ അന്നുണ്ടായിരുന്നു. ശ്രീ മങ്കുഴി പത്മനാഭൻ, ഒരു നല്ല വ്യവസായ പ്രമുഖനായിരുന്നു അന്ന് അദ്ദേഹം. അവിടെ അങ്ങോട്ടു ചെല്ലാൻ എന്നെ അദ്ദേഹം പ്രോത്സാഹിപ്പിച്ചു. ശ്രീ ബാലകൃഷ്ണൻ തമ്പി എന്റെ ഈ നിശ്ചയത്തെ പരിഹസിച്ചിരുന്നു. അദ്ദേഹം അന്നു പറഞ്ഞിരുന്നപോലെ 'പെഗോഡാ മരം' കുലുക്കുവാൻതന്നെയായിരുന്നു എന്റെ പോക്ക്, ബർമ്മായിൽ അങ്ങനെ ഒരു മരം ഉണ്ടത്രേ. അവിടെച്ചെന്ന് അത് ഒന്നു കുലുക്കിയാൽ മതി, ആവശ്യമുള്ള പൊൻപഴം ഉതിർന്നുവീഴുമത്രേ. അവ സംഭരിച്ചുകൊണ്ടു തിരിച്ചുപോരേണ്ടേതയുള്ളു. അതിശയോക്തിക്ക് ഉദാഹരണമാണ് ഇതെങ്കിലും കുറച്ചു പരമാർത്ഥം ഇതിൽ ഇല്ലാതിരുന്നില്ല. വിദ്യാസമ്പന്നരായ യുവാക്കൾക്ക് നല്ല ജീവിതമാർഗ്ഗം തുറന്നിരുന്ന ഒരു സംസ്ഥാനമായിരുന്നു. അന്ന് ബർമ്മ’’ (സി.കേശവൻ, ജീവിതസമരം, പേജ് 202).
മലയാളവർഷം 1098-ലോ മറ്റോ (അതായത് 1923-നോടടുപ്പിച്ച്) ആവണം, പിന്നീട് തിരു–കൊച്ചി മുഖ്യമന്ത്രിയായ സി.കേശവൻ ബർമ്മയിലേക്കുതിരിച്ചത്. അവിടെ തങ്ങിയ നാളുകളിൽ സി.കേശവന് മുന്നിൽ ‘പെഗോഡാ മരം’ കുലുങ്ങിയില്ല എന്നത് സത്യം. പക്ഷേ, അങ്ങനെയായിരുന്നില്ല മറ്റുള്ളവർക്ക്. ഏതാണ്ട് ഏഴ് പതിറ്റാണ്ടോടെ (1890–1960) മലയാളികളുടെയും ‘പെഗോഡാ’ മരമായിരുന്നു ബർമ്മ. ഇന്നത്തെ ഗൾഫ് പോലെ, പഴയ മലയയും സിലോണുംപോലെ, പേർഷ്യപോലെ പുറംവാസത്തിന്റെ ആഡംബര നാടായിരുന്നു ബർമ്മ. ബർമ്മയിൽനിന്ന് ലഭിച്ച പണംകൊണ്ടാണ് പലരും ഇവിടെ വീടും മെച്ചപ്പെട്ട സാഹചര്യവും പടുത്തുയർത്തിയത്. പേക്ഷ, പെട്ടെന്നുതന്നെ അക്കാലം കടന്നുപോയി. മലയാളികളെ ഇന്ന് ബർമ്മ ഒട്ടും മാടിവിളിക്കുന്നില്ല. അങ്ങോട്ട് വിനോദയാത്രയ്ക്കല്ലാെത തൊഴിലിടമായോ, ഭാഗ്യപരീക്ഷണത്തിന്റെ സ്ഥലമായോ കേരളത്തിലുള്ളവർ കാണുന്നില്ല എന്നതാണ് സത്യം. സാധ്യതകൾ മറ്റിടങ്ങളിൽ തുറന്നു കിടക്കുേമ്പാൾ പഴയ ലാവണം തേടിപ്പോകേണ്ടതില്ലല്ലോ.
