"Article 1. Owing to the fault committed by Sendu Comodu against the Honorable Company, I will oblige him to give a writing, in public begging pardon for the fault he had beeen guilty of against the Honorables company. / 2. The arms which he seized from the dead soldier, I will oblige him to return and pay a penalty for the fault. / 3. For the parents of the dead soldier, I will oblige him to pay them 1001 fanams by way of fine.''
ഇന്ത്യയിലെ ഒരു നാട്ടുഭരണാധികാരി ബ്രിട്ടീഷുകാർക്ക് മാപ്പ് സ്വരത്തിൽ എഴുതിയ ആദ്യകാല കത്തുകളിൽ ഒന്നിലെ വരികളാണ് മുകളിൽ. ഒരുപക്ഷേ, ഇംഗ്ലിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്കു വിധേയത്വം പ്രകടിപ്പിച്ച് ഒരു രാജാവിൽ നിന്ന് ലഭിച്ച ആദ്യകത്തുമാകാം. ഈ എഴുത്തിലാണ് ഇംഗ്ലിഷുകാർക്കും രാജാവിനും 'രാജ്യദ്രോഹി'യായ, അതേ സമയം ജനങ്ങൾക്ക് ദേശാഭിമാനിയായി കരുതാനിടയുമുള്ള ഒരാളുടെ പേര് ആദ്യമായി പരാമർശിക്കപ്പെടുന്നത്- Sendu Comodu (സെണ്ടണ്ടു കൊമൊഡു?)വിന്റെ.
1723 ആഗസ്റ്റ് 15-ന് തിരുവിതാംകൂർ രാജാവ് ഉണ്ണി കേരള വർമ (1718-1724) ആറ്റിങ്ങൽ (അഞ്ചുതെങ്ങ്) ഫാക്ടറി മേധാവി ഡോ. അലക്‌സാണ്ടർ ഓർമെക്ക് ഓലയിൽ എഴുതിയതാണ് ഈ കുറിമാനം. 1721 ഏപ്രിൽ 15-ന് കമ്പനി ഉദ്യോഗസ്ഥരെയും ഇംഗ്ലിഷ് പടയാളികളെയും വധിച്ച കലാപത്തിന്റെ തുടർച്ചയിലാണ് ഇത് എഴുതപ്പെട്ടത്. ബി.ജെ.പി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ ഇന്ത്യയിലെ ആദ്യ ബ്രിട്ടീഷ് വിരുദ്ധ പോരാട്ടമായി കണക്കാക്കുന്ന ഒഡീഷയിലെ പൈക വിപ്ലവത്തിനും (1817) നും 96 വർഷം മുമ്പാണ് ആറ്റിങ്ങലിൽ കലാപം നടക്കുന്നത്. ഒന്നാം സ്വാതന്ത്ര്യസമരത്തിന് 136വർഷം മുമ്പ്. ഇന്ത്യയിൽ ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഭരണം ഉറപ്പിച്ച 1757- ലെ പ്‌ളാസിയുദ്ധത്തിനും മൂന്ന് പതിറ്റാണ്ടുകൾ മുമ്പ്. അതുകൊണ്ടുതന്നെ മലയാളക്കരയിലെ ഈ കലാപത്തിന് ചരിത്രപ്രാധാന്യമേറെ. പക്ഷേ, ഈ ആറ്റിങ്ങൽ കലാപവുമായി ബന്ധപ്പെട്ട് കൊല്ലപ്പെട്ട ഇംഗ്ലിഷുകാരുടെ എണ്ണം മുതൽ കലാപം എത്ര കാലം തുടർന്നു എന്നതിലെല്ലാം അവ്യക്തത തുടരുകയാണ്.
