കുടിയേറ്റം ചരിത്രത്തിന്റെ ഭാഗമാണ്. ഉൽപത്തിക്കുശേഷം ദീർഘമായ പുറപ്പാടിന്റെ കഥയാണ് ബൈബിൾ പറയുന്നത്. വാഗ്ദത്തഭൂമിയിലേക്കായിരുന്നു ഇസ്രായേൽജനതയുടെ യാത്ര. പുതിയ പ്രദേശങ്ങൾ തേടുന്ന യാത്രകൾ വീണ്ടും തുടർന്നു. പിൽക്കാലത്തെ സമുദ്രയാത്രകൾ ആഗോള കുടിയേറ്റങ്ങളുടെ തുടക്കമായിരുന്നു. അനിവാര്യമായ സ്‌ഫോടനം ഒഴിവാക്കുന്നതിനുള്ള സുരക്ഷാ വാൽവായാണ് കുടിയേറ്റങ്ങളെ കാണേണ്ടത്. പത്തൊൻപതാം നൂറ്റാണ്ടിന്റെ ആദ്യം ബ്രിട്ടനിലെ ജനസംഖ്യ 120 ലക്ഷമായിരുന്നു. പിന്നീടുള്ള നൂറു വർഷത്തിനിടയിൽ 160 ലക്ഷം പേർ മറ്റു രാജ്യങ്ങളിലേക്ക് കുടിയേറി. ഓരോ വർഷവും വർദ്ധിക്കുന്ന ജനസംഖ്യയുടെ പകുതി കുടിയേറുകയായിരുന്നു. ഓസ്‌ട്രേലിയയും അമേരിക്കയും കുടിയേറ്റക്കാരുടെ രാജ്യങ്ങളായി. ഇംഗ്‌ളണ്ടിൽനിന്നു പുറപ്പെട്ട മേഫ്‌ളവർ ചരിത്രത്തിലെ അവിസ്മരണീയമായ കുടിയേറ്റത്തിന്റെ പ്രതീകമായി.
വർദ്ധിക്കുന്ന ജനസംഖ്യയും ഭൂമിയുടെ അപര്യാപ്തതയും ഭൂമിയെ ആശ്രയിച്ച് കഴിയുന്നവരുടെ പെരുപ്പവുമാണ് കുടിയേറ്റത്തിനു കാരണമാകുന്നത്. കേരളത്തിലെ അവസ്ഥയും ഇതുതന്നെയായിരുന്നു. തിരുവിതാംകൂറിൽനിന്ന് മലബാറിലേക്കായിരുന്നു കേരളത്തിലെ കുടിയേറ്റം. ഒന്നാം ലോകമഹായുദ്ധത്തിനുശേഷം പരിമിതമായ തോതിൽ ആരംഭിച്ച കുടിയേറ്റം രണ്ടാം ലോകമഹായുദ്ധത്തെത്തുടർന്നുണ്ടായ ക്ഷാമത്തിന്റെയും പട്ടിണിയുടെയും പശ്ചാത്തലത്തിൽ വ്യാപകമായി. പ്രതീകാത്മകമായി തിരുവിതാകൂറിൽനിന്നുള്ള ഒരു പിടി മണ്ണും തിരുവിതാംകൂറിലെ കാർഷികസംസ്‌കാരവുമായി കുടിയേറ്റക്കാർ മലബാറിന്റെ വടക്ക് കിഴക്കൻ മലയോരങ്ങളിലെത്തി. മരച്ചീനിയും കരനെല്ലും ചാമയും ചോളവും തുവരയും കൃഷി ചെയ്തിരുന്ന കുടിയേറ്റക്കാർ പിന്നീട് ഭക്ഷ്യവിളകൾ പരിമിതപ്പെടുത്തി കൂടുതൽ ലാഭകരമായ നാണ്യവിളകളിലേക്ക് തിരിഞ്ഞു. കേരളത്തിൽ പൊതുവെയുണ്ടായ ഈ പരിവർത്തനത്തിന് കാരണങ്ങളുണ്ട്. കാർഷികമേഖലയിൽ സംഭവിച്ച ഈ മാറ്റങ്ങൾക്കൊപ്പം കേരളത്തിന്റെ സാമൂഹ്യ സാമ്പത്തിക പരിസ്ഥിതി മേഖലകളിലൂം മലബാർ കുടിയേറ്റം സ്വാധീനത്തോടൊപ്പം പ്രശ്‌നങ്ങളും സൃഷ്ടിച്ചിട്ടുണ്ട്.
തദ്ദേശസംസ്‌കാരത്തെയും സ്വദേശികളെയും കീഴ്‌പെടുത്തിക്കൊണ്ടാണ് ചരിത്രത്തിലെ കുടിയേറ്റങ്ങൾ നടന്നിട്ടുള്ളത്. കുടിയേറ്റം അധിനിവേശമായി മാറുകയും കോളനിവൽകരണം കൊളോണിയലിസമായി മാറുകയും ചെയ്ത ചരിത്രമാണ് എവിടെയുമുള്ളത്. മലബാർ കുടിയേറ്റം ചരിത്രത്തിന്റെ ഈ പൊതുസ്വഭാവത്തിൽനിന്ന് വേറിട്ട് നിൽക്കുന്നു. ഇവിടെ ആരും ആരെയും കീഴ്‌പെടുത്തിയില്ല. വിശ്വാസത്തിലും സംസ്‌കാരത്തിലുമുള്ള വ്യത്യസ്തത നിലനിർത്തിക്കൊണ്ട് തിരുവിതാംകൂറിൽനിന്നുള്ള കുടിയേറ്റക്കാർ മലബാറുമായി ഇഴുകിച്ചേർന്നു. മർദനത്തിന്റെയും ചൂഷണത്തിന്റെയും കഥകൾ കുടിയേറ്റവുമായി ബന്ധപ്പെട്ട് കേൾക്കുന്നില്ല. കുടിയേറ്റക്കാർ കൈയേറ്റക്കാരായിരുന്നില്ല. നാട്ടിലെ ഭൂമി കിട്ടിയ വിലയ്ക്ക് വിറ്റ് മലബാറിലെത്തിയവരായിരുന്നു ആ കുടിയേറ്റക്കാർ. ജന്മിമാരിൽനിന്ന് കാട് വാങ്ങി വെട്ടിത്തെളിച്ച് അവർ കൃഷിയിറക്കി. അവർണനീയമായ യാതനകളും അപ്രതിരോധ്യമായ വെല്ലുവിളികളും നേരിട്ട മഹാപ്രയത്‌നത്തിലാണ് അവർ ഏർപ്പെട്ടത്. വന്യമൃഗങ്ങളെയും മാരകരോഗങ്ങളെയുമാണ് അവർക്ക് അതിജീവിക്കേണ്ടിയിരുന്നത്. കണ്ണീരും ചോരയും വീണ ആ മൽപ്പിടിത്തത്തിൽ അവർ ആരെയും അടിമകളാക്കിയില്ല. മിക്കവരും സ്വന്തം മണ്ണിൽ സ്വയം തൊഴിലാളികളായി. വിളിക്കപ്പെട്ട തൊഴിലാളികൾക്ക് അവർ കൂലി നൽകി. പട്ടികവർഗക്കാരായ ആദിവാസികളെ തീണ്ടലെന്ന ദോഷമൊഴിവാക്കി കൂട്ടത്തിൽ കൂട്ടിയ ചരിത്രമാണ് കുടിയേറ്റക്കാരുടേത്. അറിഞ്ഞുകൊണ്ടല്ലെങ്കിലും അവർ സാമൂഹ്യനീതിയുടെ പ്രചാരകരായി.
