മാവോവാദികൾ മുതൽ ബാബാപ്രേമികൾ വരെ ആഘോഷിക്കുന്ന മതചിന്തകനാണ് സ്വാമി വിവേകാനന്ദൻ (Shami Vivekananda /12 January 1863 – 4 July 1902). ഇന്ത്യൻ കറൻസിയിൽ വിവേകാനന്ദന്റെ ചിത്രം വേണമെന്ന വാദവും ഇപ്പോൾ ശക്തമാണ്. രാഷ്ട്രപിതാവുപോലും വസ്തുനിഷ്ഠമായി വിലയിരുത്തപ്പെടുന്ന രാജ്യത്ത് ഒരു ഭൂരിപക്ഷ മതപ്രചാരകൻ അവിശ്വസനീയമായ തോതിൽ ദിവ്യവൽക്കരിക്കപ്പെടുന്നത് ആസൂത്രിതമായ മതവൽക്കരണപ്രവർത്തനങ്ങളുടെ ഭാഗമായാണ്. വേദാന്തം വിജയകരമായി വിദേശത്തേക്ക് കയറ്റുമതി ചെയ്തതും 'ഒരൊറ്റ മതപ്രസംഗത്തിലൂടെ' ഇന്ത്യയുടെ കീർത്തി വാനോളമുയർത്തിയതുമാണ് വിവേകാനന്ദപൂജയുടെ അടിത്തട്ട് കാരണങ്ങളായി ചൂണ്ടിക്കാട്ടപ്പെടുന്നത്.
1893 സെപ്തംബർ മാസം പതിനൊന്നാം തീയതി ഷിക്കാഗോയിലെ ലോകമതസമ്മേളനത്തിൽ (Parliament of the World's Religions) വെച്ചായിരുന്നു പ്രസ്തുത പ്രസംഗം. ഇതിന്റെ ശബ്ദരേഖ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നുണ്ട്. ഇന്റർനെറ്റിൽ ആറ് ലക്ഷത്തിലധികം പേർ വീക്ഷിച്ചതായി കാണുന്നുണ്ട്; ലൈക്ക് അടിച്ച ആയിരങ്ങൾ വേറെയും. വിഡിയോയിൽ 'വിവേകാനന്ദന്റെ ശബ്ദം' മാത്രമെ കേൾക്കാനാവൂ. ശബ്ദലേഖന വിദ്യ കണ്ടുപിടിച്ചത് 1897 ൽ മാത്രമാണ്. പിന്നെയെങ്ങനെ ഷിക്കാഗോ പ്രസംഗത്തിന്റെ 'ശബ്ദരേഖ' ഉണ്ടായി?! ശബ്ദരേഖയിൽ കേൾക്കുന്നതു വിവേകാനന്ദന്റെ ശബ്ദമാണെന്നു വന്നാലും അത് ഷിക്കാഗോ പ്രസംഗത്തിന്റെ ശബ്ദരേഖയാവാൻ സാധ്യത കുറവാണ്. ഷിക്കാഗോ സമ്മേളനത്തിന്റെ ചിത്രങ്ങൾ നോക്കിയാൽ കേരളത്തിലെ ഒരു കോൺഗ്രസ്സ് സമ്മേളനത്തിൽ കാണുന്നതുപോലെ വേദി നിറയെ പ്രാസംഗികരുണ്ട്--കുറഞ്ഞത് അറുപതു പേർ! വേദിയിലിരിക്കുമ്പോൾ സഭാകമ്പംമൂലം തന്റെ മുട്ടിടിക്കുകയായിരുന്നുവെന്ന് ലോകത്തെ അറിയിച്ചത് വിവേകാനന്ദൻതന്നെയാണ്. പക്ഷേ, നാം കേൾക്കുന്ന ശബ്ദരേഖയിലുളളത് ഒരു ഇടിവെട്ട് പ്രസംഗമാണ്. ഷിക്കാഗോ പ്രസംഗം അച്ചടി രൂപത്തിൽ ലഭ്യമാണ്. പക്ഷെ കൃത്യമായും അതൊക്കെതന്നെയാണോ വിവേകാനന്ദൻ ഷിക്കാഗോയിൽ പറഞ്ഞതെന്ന് വ്യക്തമല്ല.
