കടയ്ക്കലിന്റെ വിപ്ലവ വായന

History

കടയ്ക്കലിന്റെ വിപ്ലവ വായന


മലയാളി അക്രമോത്സുകമായി (സായുധമായി) അധികാരം പിടിച്ചുപറ്റി ജനകീയഅധികാരം സാധ്യമാക്കിയ എത്ര രാഷ്ട്രീയവിപ്ലവങ്ങൾ നടത്തിയിട്ടുണ്ട്? ഈ ചോദ്യത്തിന് ഉത്തരം പലപ്പോഴും തെറ്റിപ്പോകാനാണിട. ചരിത്രബോധത്തിൽനിന്ന് കേരളം വളരെ അകലെയാണെന്നതിനാൽ അതിൽ അദ്ഭുതമില്ല. കുറച്ചുനാളുകൾക്കാണെങ്കിൽപോലും, കേരളചരിത്രത്തിൽ രണ്ടു തവണയാണ് ജനം അധികാരം പിടിച്ചെടുത്ത് ബദൽ സർക്കാർ പ്രഖ്യാപിച്ചിട്ടുള്ളത്. 1921 ലെ മലബാർ കാർഷിക കലാപത്തിൽ ആലി മുസ്‌ലിയാർ ഭരണാധികാരിയായി സ്വതന്ത്രരാജ്യപ്രഖ്യാപനം നടന്നതാണ് ആദ്യത്തേത്. 1938 ൽ കടയ്ക്കലിലാണ് അടുത്ത വിപ്ലവം നടന്നത്. തിരുവിതാംകൂർ രാജവാഴ്ചയുടെയും ബ്രിട്ടീഷ് അധിനിവേശത്തിന്റെയും എല്ലാ അധികാരരൂപങ്ങളും എട്ട് ദിവസം കടയ്ക്കലിൽനിന്ന് തുരത്തപ്പെട്ടു. 1721 ൽ അഞ്ചുതെങ്ങിൽ ജനം കലാപം നടത്തിയിരുന്നെങ്കിലും അത് ബ്രിട്ടീഷുകാർക്കെതിരേ മാത്രമായിരുന്നു. ഭരണാധികാരിയായിരുന്ന ആറ്റിങ്ങൽ റാണി എതിർപക്ഷത്തായിരുന്നില്ല.

കടയ്ക്കലിലെ ജനകീയ വിപ്ലവത്തിന് സെപ്റ്റംബറിൽ 80 വയസ്സാകുന്നു. പക്ഷേ, കടയ്ക്കലിന്റെ ചരിത്രം ഉയർത്തിപ്പിടിക്കാൻ ഇന്ന് അധികം ആരുമില്ല. സ്‌റ്റേറ്റ് കോൺഗ്രസിന്റെ പ്രവർത്തകരാണ് നടത്തിയതെങ്കിലും 'അക്രമം' തങ്ങളുടെ മാർഗമല്ലാത്തതിനാലാവണം കോൺഗ്രസുകാർക്കും ഗാന്ധിയൻമാർക്കും കടയ്ക്കൽ ആവേശം ജ്വലിപ്പിക്കുന്ന ഓർമ്മയല്ല. കമ്യൂണിസ്റ്റ് പങ്കാളിത്തത്തിലല്ലാത്തതിനാൽ ഇടതുപക്ഷത്തിനും കടയ്ക്കലിനോട് താത്പര്യക്കുറവ്. കടയ്ക്കലിൽ രക്തസാക്ഷിമണ്ഡപം സ്ഥാപിച്ചതും ആ മേഖലയിൽ ഇന്ന് സമരത്തിന്റെ അനുസ്മരണം നടത്തുന്നതും സി.പി.എമ്മാണ് എന്നു മറക്കുന്നില്ല. പക്ഷേ, അവരുടെ ആവേശം പ്രാദേശികമായി ഒതുങ്ങുകയാണ് പതിവ്. അങ്ങനെ അവഗണിക്കപ്പെടേണ്ട ഒന്നല്ല കടയ്ക്കലിലെ കാർഷിക വിപ്ലവം.

1938 സെപ്റ്റംബർ 26 നാണ് (1114 കന്നി 10) കടയ്ക്കലിൽ കലാപം തുടങ്ങിയത്. കടയ്ക്കൽചന്തയിൽ കരാറുകാർ ഏർപ്പെടുത്തിയ അന്യായമായ ചന്തപ്പിരിവിനെതിരെയാണ് സമരത്തിന്റെ തുടക്കം. കാർഷികവിളകളായിരുന്നു ചന്തയിലെ മുഖ്യവില്പന വസ്തു. അതിനാൽതന്നെ കർഷകരുടെ രോഷമാണ് കലാപത്തിൽ അണപൊട്ടിയത്. അന്യായമായ പിരിവിനെതിരേ ഒരുഘട്ടത്തിൽ നാട്ടുകാർ സംഘടിച്ച് കരാറുകാരോട് നികുതി വിവരപ്പട്ടിക എഴുതിവയ്ക്കാൻ നിർദേശം നൽകിയിരുന്നു. എന്നാൽ, അത് കണക്കിലെടുക്കാതെ നാലും അഞ്ചും ഇരട്ടിത്തുക ചന്തക്കരമായി കരാറുകാർ ചുമത്തി. അന്യായമായ പിരിവിന് വിധേയമാകാതെ സാധനങ്ങൾ ചന്തയ്ക്ക് അകത്തേക്ക് കൊണ്ടുപോകാൻ അനുവദിച്ചിരുന്നില്ല. ചന്തയിലെത്തുന്ന സ്ത്രീകൾ ഉൾപ്പടെയുള്ളവരോട് കരാറുകാരും ഗുണ്ടകളും മോശമായാണ് പെരുമാറിയത്. കടുത്ത മർദനം പല രൂപത്തിൽ അരങ്ങേറി. പൊലീസും ഭരണകൂടവും കരാറുകാർക്കൊപ്പമാണ് നിലകൊണ്ടത്.


Related Articles