നമ്മുടെ ചരിത്ര പാഠപുസ്തകങ്ങളിലെല്ലാം പഴശ്ശി കേരളവർമ്മ, കൊളോണിയൽ വിരുദ്ധ പോരാട്ടങ്ങളിലെ ധീരനായകനും രക്തസാക്ഷിയുമാണ്. ബ്രിട്ടീഷ് അധിനിവേശ വിരുദ്ധത പഴശ്ശിരാജയിൽ ഉണ്ടായിരുന്നോ എന്നതുതന്നെ തർക്ക വിഷയമാണെന്നത് തൽക്കാലം മാറ്റിനിർത്താം. പക്ഷേ, പാഠപുസ്തകങ്ങളിലടക്കം പഠിച്ചത് പഴശ്ശിയുടെ പോരാട്ടങ്ങൾക്കൊപ്പം ആദിവാസികളായ കുറിച്യർ അമ്പും വില്ലുമായി പടപൊരുതിയെന്നതാണ്. നഷ്ടപ്പെട്ട അധികാരം തിരിച്ചുപിടിക്കാൻ നടത്തിയ വിഫല പോരാട്ടത്തിൽ പഴശ്ശിയെ സഹായിച്ചുവെന്നതിലൊതുങ്ങുന്നു ആദിവാസികളുടെ പങ്ക്.
ചരിത്രമെന്നാൽ രാജാക്കന്മാരുടെ പടയോട്ടങ്ങളാണ് എന്നു ധരിക്കുന്നവർക്ക് വേണമെങ്കിൽ ഈ വ്യാഖ്യാനം തൃപ്തികരമാണ്. പക്ഷേ, വളരെ ലളിതമായ ചില ചോദ്യങ്ങൾ ഉന്നയിക്കേണ്ടതുണ്ട്. വർഗ്ഗപരമായും ജാതിപരമായും പഴശ്ശിയേക്കാൾ താഴ്ന്ന നിലയിലുള്ള ആദിവാസികൾ എന്തിന് അദ്ദേഹത്തെ സഹായിക്കണം? ഇങ്ങനെ ഒരു പോരാട്ടത്തിൽ ആദിവാസി ജനതയ്ക്ക് എന്തായിരുന്നു നേട്ടം? ശരിക്കും പഴശ്ശിയും ആദിവാസികളും രണ്ട് വ്യത്യസ്ത കാര്യങ്ങൾക്കുവേണ്ടി പോരാടുകയും അവ ചില ബിന്ദുക്കളിൽ ഒന്നിക്കുകയുമാണോ ചെയ്തത്? ആദിവാസികൾ പോരാടിയത് പഴശ്ശിയെ അധികാരത്തിലെത്തിക്കാൻ ആണെന്നാണ് ഉത്തരമെങ്കിൽ പഴശ്ശിയുടെയും ആദിവാസികളുടെയും താൽപര്യം ഒന്നായിരിക്കണം, അവർ രണ്ടുകൂട്ടരും കുറഞ്ഞപക്ഷം തുല്യനിലയിലുള്ളവരായിരിക്കണം. ഒരു പടയോട്ടത്തിൽ രാജാവിന്റെ സൈനികർ പങ്കെടുക്കുന്നതും അതിൽ ജനങ്ങൾ പങ്കെടുക്കുന്നതും രണ്ടു വ്യത്യസ്ത കാര്യമാണ്. പഴശ്ശി-ആദിവാസി കഥയിൽ വലിയ വൈരുദ്ധ്യം നിലനിൽക്കുന്നതിനാൽതന്നെ നമുക്ക് പഴശ്ശിയുടെയും ആദിവാസികളുടെയും സായുധ പോരാട്ടത്തെ പുനർവായിക്കാം.
ആദിവാസികളുടെ സായുധ പോരാട്ടം
